ഗെയിൽ പൈപ്പ്‌ലൈൻ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു

കോഴിക്കോട്: മലബാറിന്റെ വികസനക്കുതിപ്പിന് കരുത്തു നൽകുന്ന കൊച്ചി -മംഗലാപുരം ഗെയിൽ പൈപ്പ്‌ലൈൻ ഇന്നുരാവിലെ പ്രധാനമന്ത്രി  നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന  പരിപാടിയിൽ കേരള, കർണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ബി എസ് യെദ്യൂരപ്പ എന്നിവരും ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, വാജുഭായ് വാല എന്നിവരും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാനും പങ്കെടുത്തു.

കേരളത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കർണാടകയിൽ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും വീടുകളിലേക്കുള്ള ഗാർഹികവാതക വിതരണപദ്ധതി നടപ്പാക്കാൻ പുതിയ പൈപ്പ്‌ലൈൻ സഹായിക്കും. വ്യവസായികാവശ്യങ്ങൾക്കും പ്രകൃതി വാതകം ഉപയോഗിക്കാൻ കഴിയും. രാസവളങ്ങൾ, ഗതാഗതം,  പെട്രോകെമിക്കസ് തുടങ്ങിയ മേഖലകളിൽ വലിയ കുതിപ്പിനു പ്രകൃതിവാതക പൈപ്പ്‌ലൈൻ പ്രയോജനം ചെയ്യും എന്നു സർക്കാർ അവകാശപ്പെട്ടു. 

വികസനലക്ഷ്യങ്ങൾ മുൻ നിർത്തി സർക്കാർ നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പ്രതിസന്ധിയിലായ  പദ്ധതി പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

Leave a Reply