പാലാ ഇഫക്ട് കണ്ണൂരിലും: കടന്നപ്പള്ളി രാഷ്ട്രീയ വനവാസത്തിലേക്ക്

പ്രത്യേക പ്രതിനിധി 

കോഴിക്കോട്: കെ എം മാണിയുടെ പാർട്ടിയും പാലാ മണ്ഡലവും  ഇടതുപക്ഷത്തു എത്തിയതോടെ മുന്നണിയിൽ   തുടങ്ങിയ അസ്വസ്ഥതകൾ ഇപ്പോൾ വടക്കു കണ്ണൂരിലേക്കും പടർന്നുപിടിക്കുകയാണ്. പാലാ സീറ്റ് എൻസിപിയിൽ നിന്ന് എടുത്തുമാറ്റി മാണിയുടെ പാർട്ടിക്കു നൽകാനുള്ള സിപിഎം  തീരുമാനത്തിന്റെ ആദ്യഇരയാകുന്നത് നാൽപതു കൊല്ലമായി എൽഡിഎഫിന്റെ നിഴലായി കൂടെനിന്ന കോൺഗ്രസ്സ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനാണ്.

1971 ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ടു  മണ്ഡലത്തിൽ സിപിഎം നേതാവ് ഇ കെ നായനാരെ മലർത്തിയടിച്ചാണ്  26കാരനായ നിയമവിദ്യാർത്ഥി കടന്നപ്പള്ളി രാമചന്ദ്രൻ ആദ്യമായി പാർലമെന്റിൽ എത്തുന്നത്. അന്നു  ഇന്ദിരാഗാന്ധിയുടെ  അനുയായി ആയിരുന്ന കടന്നപ്പള്ളി 1977 തിരഞ്ഞെടുപ്പിലും അതേസീറ്റിൽ നിന്ന്‌ വിജയിച്ചു. എന്നാൽ അടിയന്തിരാവസ്ഥയ്ക്കു ശേഷം കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറികളിൽ എ കെ ആന്റണിയുടെ കൂടെ കടന്നപ്പള്ളിയും ഇടത്തട്ടുപക്ഷത്തെത്തി. എമ്പതിലെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന ആൻറണിയും അനുയായികളും രണ്ടുവർഷം കഴിഞ്ഞു പിണങ്ങിപ്പിരിഞ്ഞു തറവാട്ടിലേക്ക് തിരിച്ചുപോയപ്പോൾ സിപിഎമ്മിനൊപ്പം ഉറച്ചുനിന്ന കോൺഗ്രസ്സുകാരുടെ നേതാക്കളായിരുന്നു വടകര എംപി  കെ പി ഉണ്ണികൃഷ്ണനും കടന്നപ്പള്ളിയും മറ്റും. പിന്നീട് ഉണ്ണികൃഷ്ണനും അനുയായികളും കോൺഗ്രസ്സിലേക്കു  പോയപ്പോഴും കടന്നപ്പള്ളി സഖാക്കളെ വിട്ടില്ല. അങ്ങനെ കോൺഗ്രസ്സിലെ  യുവതുർക്കി പാരമ്പരയിൽ അവസാനം വരെ ഇടതുപക്ഷത്തു ഉറച്ചുനിന്ന ഒരേയൊരു നേതാവാണ് കണ്ണൂരിൽ നിന്നുള്ള നിലവിലെ എംഎൽഎയായ കടന്നപ്പള്ളി രാമചന്ദ്രൻ. അതിനിടയിൽ രണ്ടു തവണ മന്ത്രിയായി. ഇപ്പോൾ പിണറായി വിജയൻ മന്ത്രിസഭയിലും അദ്ദേഹം അംഗമാണ്.  

എന്നാൽ ഇത്തവണ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കടന്നപ്പള്ളി രംഗത്തുണ്ടാവില്ല. അദ്ദേഹം മത്സരരംഗത്തു നിന്നു വിരമിക്കുകയാണെന്നു  പറയുമ്പോഴും സീറ്റു വിട്ടുനൽകാനുള്ള സമ്മർദ്ദം അദ്ദേഹത്തിനു മേലുണ്ട് എന്നതാണ് വാസ്തവം. കണ്ണൂർ സീറ്റിൽ ഗതാഗതമന്ത്രി എ കെ  ശശീന്ദ്രനെ നിർത്താനാണ് സിപിഎം നീക്കം നടത്തുന്നത്. പാലാ സീറ്റു പ്രശ്നത്തിൽ നിലവിലെ എംഎൽഎ മാണി സി കാപ്പനും എൻസിപിയും മുന്നണി വിട്ടു പോകുന്ന സാഹചര്യത്തിൽ എൻസിപിയിലെ തങ്ങളുടെ സഹയാത്രികനായ  ശശീന്ദ്രനെ കോൺഗ്രസ്സ് (എസ്) പാർട്ടിയിൽ ഉൾപ്പെടുത്തി കണ്ണൂരിൽ മത്സരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കടന്നപ്പള്ളിക്ക് എതിർക്കാനുള്ള ശേഷിയില്ല. നാലുപതിറ്റാണ്ടു കാലത്തെ സിപിഎം സഹവാസത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ പാർട്ടിയിൽ അനുയായികളായി വേറെയാരും ബാക്കിയുമില്ല. 

ശശീന്ദ്രൻ കോഴിക്കോട് ജില്ലയിലെ എലത്തൂർ നിയമസഭാ സീറ്റിൽ നിന്നാണ് ജയിച്ചത്. ശക്തമായ സിപിഎം സ്വാധീന മേഖലയാണിത്. ഇത്തവണ എലത്തൂരിൽ  സിപിഎം  കണ്ണുവെച്ചതു ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനു മത്സരിക്കാൻ വേണ്ടിയാണെന്നു സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നഗരത്തിൽ ജനിച്ചുവളർന്ന റിയാസ് നേരത്തെ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു അന്നു പുതുമുഖമായി കോഴിക്കോട്ടെത്തിയ എം കെ രാഘവനോടു  തോറ്റതാണ്. കോഴിക്കോട് നഗരത്തിലെ എംഎൽഎ എ പ്രദീപ്കുമാർ മൂന്നു തവണ വിജയിച്ച മണ്ഡലത്തിൽ വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് പാർട്ടിയുടെ നിലവിലെ മാനദണ്ഡ പ്രകാരം സാധ്യമല്ല. എന്നാൽ കഴിഞ്ഞ തവണ  റിയാസിനെതിരെ പാർട്ടിയിൽ തന്നെ നഗരത്തിൽ ഒരു വിഭാഗം പ്രവർത്തിച്ചു എന്ന കാരണത്താൽ അദ്ദേഹത്തെ അവിടെ നിർത്തുന്നതിൽ പാർട്ടിക്കു മടിയുണ്ട്.

അതിനാൽ ശശീന്ദ്രൻ എലത്തൂർ വിട്ടൊഴിയുക; കടന്നപ്പള്ളി വനവാസത്തിനു   തയ്യാറാകുക; ശശീന്ദ്രൻ  പാർട്ടിയും സീറ്റും മാറി കണ്ണൂരിൽ ബലപരീക്ഷണത്തിനു ഇറങ്ങുക. അതാണ് ഇപ്പോൾ ഉയർന്നുവരുന്ന ഫോർമുല. പദ്ധതി വിജയിച്ചാൽ ശശീന്ദ്രൻ മാത്രമല്ല, മുഖ്യമന്ത്രിയുടെ ജാമാതാവും ഇത്തവണ നിയമസഭയിലെത്തും എന്നാണു കണക്കുകൂട്ടൽ. 

Leave a Reply