കോവിഡ് വാക്‌സിൻ ബുധനാഴ്ച മുതൽ; ആദ്യത്തെ 3 കോടി പേർക്ക് സൗജന്യം
ന്യൂദൽഹി: രാജ്യത്തു ഉത്പാദിപ്പിച്ച രണ്ടു കോവിഡ് പ്രതിരോധ വാക്‌സിനുകൾക്കു വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരം ഡിസിജിഐ ഇന്നു രാവിലെ അനുമതി നൽകി. ഇതോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മുതൽ കോവിഡ് വാക്‌സിനുകൾ നല്കാൻ തുടങ്ങുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു .
പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിയിലുള്ള ആരോഗ്യപ്രവർത്തകർ, പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ, മുതിർന്ന പൗരന്മാർ, മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് വാക്‌സിൻ ആദ്യഘട്ടത്തിൽ നൽകുന്നത്. അതിനുള്ള പരിശീലന പരിപാടികൾ ഇന്നലെയോടെ വിവിധ ജില്ലകളിൽ പൂർത്തീകരിച്ചു. ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകേണ്ട മൂന്നുകോടി ആളുകൾക്ക് ആവശ്യമായ വാക്‌സിൻ ഇതിനകം തന്നെ തയ്യാറാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ്, ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ മരുന്നുകൾക്കാണ് ഇന്നലെ അനുമതി ലഭിച്ചത്. സിറം ഇന്സ്ടിട്യൂട്ടിന്റെ മരുന്നു ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് വികസിപ്പിച്ചത്. ബ്രിട്ടിഷ് മരുന്നുകമ്പനിയായ ആസ്ട്ര സെനേക്കായാണ് അതു വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചു വിതരണം ചെയ്യുന്നത്. അസ്ത്ര സെനകയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അതു ഇന്ത്യയിൽ നിർമിക്കുന്നത്. ഒരു ഡോസിന് 250 രൂപയാണ് വിലയെന്നു കമ്പനി അറിയിച്ചു. ഭാരത് ബയോടെക്കിന്റെ വാക്‌സിന് വില 350 രൂപയാണ്. അതു ഇന്ത്യയിലെ ഐസിഎംആർ ഗവേഷകരുമായി യോജിച്ചു തയ്യാറാക്കിയതാണ്. രണ്ടു മരുന്നും സാധാരണ ഫ്രിഡ്ജിന്റെ താപനിലയിൽ സൂക്ഷിക്കാൻ കഴിയും. അതിനാൽ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങൾക്കു പറ്റിയ മരുന്നാണ് രണ്ടും. അമേരിക്കയിലും യുകെയിലും മറ്റും ഇപ്പോൾ വിതരണം ചെയ്യുന്ന ഫൈസർ കമ്പനിയുടെ വാക്‌സിൻ മൈനസ് 70 ഡിഗ്രി താപനിലയിൽ സൂക്ഷിക്കേണ്ടതാണ്.
കൊവിഷീല്‍ഡ് (70 % ഫലപ്രാപ്തിയാണ് ഉറപ്പ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ജനങ്ങള്‍ക്ക് നല്‍കും.അടിയന്തിര സാഹചര്യത്തില്‍ ഇത് ഉപയോഗിക്കാം.രണ്ട് ഡോസ് വീതമാണ് നല്‍കുക.
മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാത്ത കൊവാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ശരിയല്ലെന്ന് ശശി തരൂര്‍ എം പി പ്രതികരിച്ചു. കൊവിഷീല്‍ഡ് ഉപയോഗവുമായി മുന്നോട്ടു പോയാല്‍ മതിയെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.