amarthyasen

അമർത്യസെൻ ഭൂമി തട്ടിയെടുത്തെന്ന് വിസി;ആരോപണം അപമാനകരമെന്നു മമത

കൊൽക്കത്ത: മഹാകവി രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച  ശാന്തിനികേതനത്തിൽ അമർത്യസെൻ കുടുംബം അനധികൃതമായി ഭൂമി കൈവശം വെക്കുന്നുണ്ടെന്നു വിശ്വഭാരതി സർവ്വകലാശാലാ വൈസ് ചാൻസലർ ബിദ്യുത്‍ ചക്രവർത്തി. ആഗോളപ്രശസ്തമായ കേന്ദ്ര സർവകലാശാലയിൽ ബിജെപി സർക്കാർ  നിയമിച്ച വിസി, നോബൽ സമ്മാനിതനായ ബംഗാളി സാമ്പത്തിക ശാസ്ത്രജ്ഞനെതിരെ ഉന്നയിച്ച  ആരോപണങ്ങൾ ബംഗാളി ജനതക്കു തന്നെ അപമാനകാരമെന്നു മുഖ്യമന്ത്രി മമതാ ബാനർജി.

മെയ്മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിൽ അധികാരം  പിടിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയും അധികാരം നിലനിർത്താനായി തൃണമൂൽ നേതാവ് മമതയും തമ്മിൽ നടക്കുന്ന ആരോപണ-പ്രത്യാരോപണങ്ങളിൽ ആഗോള പ്രശസ്തനായ ബംഗാളി പണ്ഡിതന്റെ കുടുംബം പോലും വലിച്ചിഴക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 

പ്രശ്‍നം  തുടങ്ങിയത് ഡിസംബർ ഒമ്പതിനു വിസി വിളിച്ചുകൂട്ടിയ ഒരു ഓൺലൈൻ യോഗത്തിലാണ്. സർവ്വകലാശാലാ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും  പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വിസി ബിദ്യുത് ചക്രവർത്തയാണ് അമർത്യസെൻ കുടുംബം അവർക്കു നേരത്തെ അനുവദിച്ചതിൽ കൂടുതലായി ഭൂമി കൈവശം വെക്കുന്നുണ്ടെന്നും അവിടെയുള്ള അനധികൃത തെരുവോര കച്ചവടക്കാരെ ഒഴിവാക്കുന്നതിനെ അദ്ദേഹം എതിർത്തതായും പ്രസ്താവിച്ചത്. സർവകലാശാല ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോയപ്പോൾ അമർത്യസെൻ നേരിട്ടു തന്നെ ഫോണിൽ വിളിച്ചതായും “സംസാരിക്കുന്നത് ഭാരതര്തന അമർത്യസെൻ” ആണെന്നു പരിചയപ്പെടുത്തി അദ്ദേഹം തന്റെ മകൾ ദൽഹിയിൽ നിന്നു വീട്ടിലേക്കു വരുമ്പോൾ പച്ചക്കറിയും മറ്റും വാങ്ങുന്നതിനു അവരുടെ സാന്നിധ്യം അനിവാര്യമെന്നും അതിനാൽ അവരെ അവിടെനിന്നു ഒഴിവാക്കരുതെന്നു ആവശ്യപ്പെട്ടതായുമാണ് വിസി യോഗത്തിൽ പറഞ്ഞത്. കൊൽക്കത്തയിലെ ഒരു നമ്പറിൽ നിന്ന് 2019 ജൂൺ മാസത്തിലാണ് അമർത്യസെൻ വിസിയെ വിളിച്ചതെന്നു അദ്ദേഹത്തിന്റെ ഓഫീസ്  പിന്നീട് അവകാശപ്പെട്ടു. 

യോഗത്തിൽ പങ്കെടുത്ത സർവകലാശാലാ അധ്യാപക യൂണിയൻ പ്രസിഡണ്ട് സുദിപ്ത ഭട്ടാചാര്യ ഇതു ശരിയാണോ എന്നന്വേഷിച്ചു അമർത്യസെന്നിനെ നേരിട്ടു സമീപിച്ചതോടെയാണ് വിസിയുടെ തട്ടിപ്പു പുറത്തായത്. താൻ  അങ്ങനെയൊരു ആവശ്യവുമായി ആരെയും സമീപിച്ചിട്ടില്ലെന്നും ഒരിക്കൽ പോലും ഭാരത രത്ന എന്നനിലയിൽ താൻ ആരെയും സ്വയം പരിചയപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, താൻ കൊൽക്കത്തയിൽ നിന്നു വിളിച്ചുവെന്നു പറയുന്ന 2019 ജൂണിൽ താൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നില്ലെന്നും സെൻ വ്യക്തമാക്കി. അതിനൊക്കെപ്പുറമെ, തന്റെ വീടിനടുത്തു തെരുവു കച്ചവടക്കാരില്ലെന്നും അമർത്യാസെൻ അറിയിച്ചു. സുദിപ്ത ഭട്ടാചാര്യ ഈ വിവരങ്ങൾ വെളിപ്പെടുത്തിയതോടെ കുഴപ്പത്തിലായ വിസി അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ആരംഭിച്ചിരിക്കുകയാണ്. സർവകലാശാലയുടെ ഔദ്യോഗിക വിവരങ്ങൾ അനുമതിയില്ലാതെ മാധ്യമങ്ങളെ അറിയിച്ചു എന്നതാണ് കുറ്റം.  

മഹാകവി ടാഗോർ ശാന്തിനികേതൻ ആരംഭിക്കുന്നതിനായി ഉത്തരബംഗാളിലെ ബിർഭും ജില്ലയിലെ ബോൽപൂരിലുള്ള  കാമ്പസിലേക്കു ക്ഷണിച്ചു കൊണ്ടുവന്നയാളാണ് പ്രശസ്ത സംസ്കൃത പണ്ഡിതനും അമർത്യസെന്നിന്റെ മുത്തച്ഛനുമായ ക്ഷിതിമോഹൻ സെൻ. അദ്ദേഹം 1908 മുതൽ കുടുംബസമേതം അവിടെയാണ് താമസിച്ചത്. 1921ലാണ് ടാഗോർ അവിടെ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത്. അമർത്യസെന്നിന്റെ പിതാവ് അശുതോഷ്സെന്നും അവിടെ പ്രവർത്തിക്കുകയുണ്ടായി. കാമ്പസിൽ കുടുംബത്തിനു 125 സെന്റ് സ്ഥലം 99 കൊല്ലത്തെ പാട്ടക്കരാർ പ്രകാരം നൽകിയിരുന്നു. അവിടെയാണ് സെൻ കുടുംബം  പ്രതീചി എന്ന പ്രശസ്തമായ ഗൃഹം നിർമ്മിച്ചത്.അമർത്യസെൻ  ജനിച്ചതും ഈ വീട്ടിലാണ്. പ്രിയ  സുഹൃത്തിന്റെ കൊച്ചുമകന് അമർത്യ എന്ന പേരുനൽകിയതു മഹാകവി തന്നെ. എന്നാൽ കുടുംബം ഇപ്പോൾ 138 സെന്റ് കൈവശം വെക്കുന്നു എന്നാണ് സർവകലാശാലയുടെ വാദം. 

മുഖ്യമന്ത്രി മമത ബാനര്‍ജി

കൊൽക്കത്തയിലെ ടെലിഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖ സംഭാഷണത്തിൽ താനോ കുടുംബമോ ശാന്തിനികേതനത്തിൽ ഒരിഞ്ചു പോലും ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിട്ടില്ല എന്നു അമർത്യസെൻ അറിയിച്ചു. എമ്പതുകൊല്ലം മുമ്പ് തന്റെ പിതാവ് വീട് വിപുലപ്പെടുത്തുന്ന സന്ദർഭത്തിൽ  ഏതാനും സെൻറ് ഭൂമി കൂടി ആവശ്യപ്പെടുകയും സർവകലാശാല അതു അനുവദിക്കുകയും ചെയ്തിരുന്നു. അതിന്റെ രേഖകളും ലഭ്യമാണ്.  

തന്റെ മകൾ വീട്ടിൽ വരുമ്പോൾ പച്ചക്കറി വാങ്ങാൻ സൗകര്യത്തിനു തെരുവു കച്ചവടക്കാരെ ഒഴിവാക്കരുത് എന്നു ആവശ്യപ്പെട്ടതായ വിസിയുടെ ആരോപണത്തെ  സംബന്ധിച്ചു തന്റെ മക്കൾ എവിടെ നിന്നു പച്ചക്കറി വാങ്ങുന്നു എന്നകാര്യമൊന്നും താൻ അന്വേഷിക്കാറില്ലെന്നു അമർത്യാസെൻ പറഞ്ഞു. തെരുവോര കച്ചവടക്കാരെ കാമ്പസിൽ നിന്നു ഒഴിവാക്കാനുള്ള നീക്കത്തെ തന്റെ മാതാവ് എതിർത്തിരുന്നു. അവർക്കും അവിടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്ന കാരണത്താലാണ് അവർ അതിനെ എതിർത്തത്. ഇപ്പോൾ സർവകലാശാലയുടെ സ്ഥലത്തു മതിൽ കെട്ടിയും നാട്ടുകാർ കാലങ്ങളായി ഉപയോഗിക്കുന്ന വഴികൾ അടച്ചുകെട്ടിയും അധികൃതർ അവിടെ പുതിയൊരു സംസ്കാരം സൃഷ്ടിക്കുകയാണ്. താൻ ചെറുപ്പം മുതലേ അവിടെയാണ് വളർന്നത്. അതിനാൽ ഇപ്പോഴത്തെ വിസിയുടെ നിലപാടുകളും മഹത്തായ ഈ വിശ്വ കലാശാലയുടെ ദീർഘകാല സംസ്കാരവും തമ്മിൽ യോജിക്കുന്നില്ല എന്നു തനിക്കു തീർത്തുപറയാൻ കഴിയും-അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഇടപെട്ടു അമർത്യസെന്നിന് അയച്ച കത്തിൽ അദ്ദേഹത്തെ അപമാനിക്കാനുള്ള സർവകലാശാലയുടെ നീക്കത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉത്കണ്ഠ രേഖപ്പെടുത്തി. ബിജെപിയുടെയും അതിന്റെ ഭരണകൂടത്തിന്റെയും നിലപാടുകളെയും നയങ്ങളെയും അമർത്യസെൻ വിമർശിക്കുന്നു എന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾക്കു പിന്നിലുള്ളത്. ബംഗാൾ സർക്കാരും ബംഗാളി ജനതയും  അമർത്യ സെന്നിനോടൊപ്പമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Leave a Reply