സ്വർണക്കടത്തു കേസ്: സ്പീക്കർ ശിവരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ്ഗേജ് പരിരക്ഷയിൽ സ്വർണക്കടത്തു നടത്തിയ കേസിൽ നിയമസഭാ സ്പീക്കർ പി ശിവരാമകൃഷ്ണനെ കസ്റ്റംസ് വകുപ്പ് ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച വിളിച്ചു വരുത്തുമെന്ന് അധികൃത വൃത്തങ്ങൾ വെളിപ്പെടുത്തി.
ജൂലൈ അഞ്ചിനു കസ്റ്റംസ് അധികൃതർ യുഎഇ കോൺസുലേറ്റിലേക്കു വന്ന ബാഗേജിൽ സ്വർണം കണ്ടെത്തിയ സംഭവം സംബന്ധിച്ചു നടന്ന അന്വേഷണങ്ങളിലാണ് സ്പീക്കർ അടക്കമുള്ള ഉന്നതർക്ക് അതുമായി ബന്ധമുണ്ട് എന്ന ആരോപണം ഉയർന്നത്. കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, പി എസ് സരിത്ത് എന്നിവർ നേരത്തെ അന്വേഷണഏജൻസികൾക്കു നൽകിയ രഹസ്യ മൊഴിയിലാണ് സ്‌പീക്കർ അടക്കമുള്ളവരുടെ പേരുകൾ പരാമർശിക്കപ്പെട്ടതു എന്നു വിവിധ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തനിക്കു അതുമായി യാതൊരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച ആരോപണങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും ശിവരാമകൃഷ്ണൻ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. സ്വപ്ന സുരേഷുമായി സൗഹൃദം ഉണ്ടായത് അവർ കോണ്സുലേറ്റിലെ നയതന്ത്രജ്ഞ എന്ന നിലയിലാണെന്ന് ആദ്യം അവകാശപ്പെട്ട സ്പീക്കർ പിന്നീട് ഉന്നത ഉദ്യോഗസ്ഥ എന്നാണ് അവരെ വിശേഷിപ്പിച്ചത്.
ഗൾഫിലേക്കു കടത്താനായി സ്പീക്കർ ഇരുവരെയും വീട്ടിലേക്കു വിളിച്ചുവരുത്തി പണമടങ്ങിയ ഒരു ബാഗ് ഏല്പിച്ചതായും ഇതു അഴിമതി ധനം വിദേശത്തേക്ക് കടത്താനുള്ള ഹവാല ഇടപാടുകളുടെ ഭാഗമാണെന്നുമാണ് സ്‌പീക്കർക്കെതിരെ ഉയർന്ന ആരോപണം. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിനെ ബോധ്യപ്പെടുത്താൻ സ്പീക്കർക്കു കഴിയുന്നില്ലെങ്കിൽ അദ്ദേഹം കേസിൽ പ്രതി ചേർക്കപ്പെടുമോ എന്ന വിഷയവും സർക്കാർ -രാഷ്ട്രീയ തലങ്ങളിൽ ചർച്ചയാണ്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻറെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇതിനകം രണ്ടു തവണ ചോദ്യം ചെയ്തുകഴിഞ്ഞു. അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്.