ബ്രെക്സിറ്റ്‌ നിയമം ഇന്നുരാത്രി മുതൽ;ആഗോള വ്യാപാരബന്ധങ്ങളിൽ പുതുയുഗം

ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി 47 വർഷമായി നിലനിൽക്കുന്ന പൊതുകമ്പോള സംവിധാനത്തിൽ നിന്നു ഇന്നു രാത്രി 11 മണിക്ക് ബ്രിട്ടൻ പിൻവാങ്ങും. നാലുവർഷമായി നടക്കുന്ന ബ്രെക്സിറ്റ്‌ ചർച്ചകൾക്കു ഇതോടെ അവസാനമാകുന്നു. ഇനിമുതൽ  ഇരുഭാഗവും തമ്മിൽ വ്യാപാരബന്ധങ്ങളിൽ പുതിയ ചുങ്കം വരുന്നില്ലെങ്കിലും മറ്റു വ്യവസ്ഥകളിൽ കാര്യമായ മാറ്റങ്ങൾ വരും.

ക്രിസ്തുമസ്  തലേന്നു ഇരുഭാഗവും തമ്മിൽ എത്തിച്ചേർന്ന അന്തിമ കരാറിനു ഇന്നലെ ബ്രിട്ടീഷ് പാർലമെന്റ് അനുമതി നൽകി. കോമൺസ് സഭയിൽ 73 നെതിരെ 521 വോട്ടുകൾ നേടിയാണ് ബ്രെക്സിറ്റിന്‌ ശേഷമുള്ള ഇയു ബന്ധങ്ങൾ സംബന്ധിച്ച ബില്ല് സഭ അംഗീകരിച്ചത്. പിന്നീട് പ്രഭുസഭ വോട്ടെടുപ്പില്ലാതെ ബില്ലിനു അംഗീകാരം നൽകി. നവവത്സരത്തിനു വിൻഡ്സർ കൊട്ടാരത്തിൽ തന്നെ കഴിയുന്ന എലിസബത്ത് രാജ്ഞി ബില്ലിൽ ഒപ്പുവെച്ചതോടെ ബില്ല് നിയമമായി. ഇതോടെ ഈയുവുമായുള്ള വാണിജ്യബന്ധങ്ങൾ  തടസ്സമില്ലാതെ നടക്കുമെന്നും അതേസമയം ബ്രിട്ടന്റെ  നിയമങ്ങൾ ബ്രിട്ടിഷ് പാർലമെന്റ് തന്നെ തയ്യാറാക്കുന്ന അവസ്ഥ തിരിച്ചുവരുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തെ ലേബർ പാർട്ടി ബില്ലിനു പിന്തുണ നൽകി. എന്നാൽ സ്‌കോട്ടിഷ്  നാഷണലിസ്റ്റ് പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, വടക്കൻ ഐറിഷ് പാർട്ടികൾ എന്നിവയൊക്കെ ബില്ലിനെതിരെയാണ് വോട്ടു ചെയ്തത്.  

1973ലാണ് ബ്രിട്ടൻ  യൂറോപ്യൻ കോമൺ മാർക്കറ്റിന്റെ ഭാഗമായി ചേർന്നത്. പിന്നീട് ഈ സംവിധാനം യൂറോപ്യൻ യൂണിയൻ ആയി  വികസിച്ചു. അതിനുശേഷമാണ് യൂറോപ്യൻ യൂണിയനു പൊതു പാർലമെന്റ് സംവിധാനം വന്നത്. അതിനുശേഷം പൊതുവിഷയങ്ങളിൽ യൂറോപ്യൻ പാർലമെന്റാണ് പ്രധാന നിയമങ്ങൾ പാസാക്കുന്നത്. ബ്രസ്സൽസ് ആസ്ഥാനമായ  യൂറോപ്യൻ പാർലമെന്റും അതിൽ നിന്നു തിരഞ്ഞെടുക്കുന്ന യൂറോപ്യൻ കൗൺസിലുമാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. അതിന്റെ ഭാഗമായി  യൂറോപ്യൻ സെൻട്രൽ ബാങ്കും അത് ഇറക്കിയ യൂറോ എന്ന നാണയവും നിലവിലുണ്ട്. ഇതു വ്യാപാര  വാണിജ്യ ബന്ധങ്ങളിലും യാത്രയിലും വലിയ സൗകര്യങ്ങളും പുരോഗതിയും കൊണ്ടുവന്നു. 

അതേസമയം ബ്രിട്ടനിൽ തങ്ങളുടെ ഭരണകാര്യങ്ങളിൽ ഇയു മേധാവികൾ നിയന്ത്രണം കൈവരിച്ചതിൽ  കടുത്ത വിയോജിപ്പു ഉയർന്നുവന്നു. അതാണ് 2016 ജൂണിൽ നടന്ന ഹിതപരിശോധനയിൽ ഇയുവിൽ നിന്നു വിട്ടുപോരാൻ ബ്രിട്ടീഷ് ജനത തീരുമാനിക്കാൻ ഇടയായ സാഹചര്യം. ഹിതപരിശോധനയിൽ 52 ശതമാനം പേർ വിട്ടുപോരണമെന്നും 48 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണം എന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.  

Leave a Reply