ക്ഷേത്ര കലകളുടെ വിനാശം സാംസ്കാരികമായ അപചയ ലക്ഷണമെന്നു ഞരളത്തു ഹരിഗോവിന്ദൻ
കോഴിക്കോട്: ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനശിലയായ ക്ഷേത്രകലകളുടെ ഇന്നത്തെ നാശോന്മുഖമായ അവസ്ഥ ഇന്ത്യൻ സംസ്കാരത്തിന് നികത്താനാവാത്ത നഷ്ടം സംഭവിക്കാൻ ഇടയാക്കുമെന്നു പ്രശസ്ത സോപാനസംഗീത കലാകാരനായ ഞരളത്തു ഹരിഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കേസരി വാരികയുടെ എഴുപതാം വാർഷിക സന്ദർഭത്തിൽ കോഴിക്കോട്ടു ആരംഭിക്കുന്ന മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങിനു മുന്നോടിയായി സോപാനസംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടു സംസാരിക്കുന്ന അവസരത്തിലാണ് ഹരിഗോവിന്ദൻ ക്ഷേത്ര കലാകാരന്മാരുടെ ഇന്നത്തെ ദുരവസ്ഥയെ സംബന്ധിച്ചു തന്റെ ഹൃദയവേദന പങ്കുവെച്ചത്. ഇന്നു ഇത്തരം കലാകാരന്മാരിൽ അധികവും ജീവിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കഴിഞ്ഞു കൂടുന്നത്. പാരമ്പര്യമായി ദേവസങ്കീർത്തനവും വാദ്യകലയുമായി കഴിഞ്ഞുകൂടുന്ന ഇത്തരം കുടുംബങ്ങളെ സഹായിക്കാനോ അവർക്കു ആനുകൂല്യങ്ങൾ നൽകാനോ ആരും തയ്യാറായില്ല. തന്റെ കൂടെ സംഗീത പരിപാടിയിൽ ഇടയ്ക്ക എന്ന വാദ്യം അവതരിപ്പിക്കുന്ന അനുഗ്രഹീത കലാകാരനായ പെരിങ്ങോട്ടു മണികണ്ഠനെ പരിചയപ്പെടുത്തിക്കൊണ്ടു ലോകത്തു ഈ വാദ്യവിശേഷം അവതരിപ്പിക്കാൻ ശേഷിയുള്ള പത്തിൽ താഴെ വരുന്ന കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം എന്നു ഹരിഗോവിന്ദൻ പറഞ്ഞു. എന്നാൽ അങ്ങേയറ്റം ക്ലേശകരമായ ജീവിതമാണ് മണികണ്ഠനും കുടുംബവും നയിക്കുന്നത്. കേരളത്തിൽ പല സർക്കാരുകളും വന്നെങ്കിലും നിലവിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് പരിമിതമായെങ്കിലും അവർക്ക് സഹായം നൽകിയതെന്നും ഹരിഗോവിന്ദൻ പറഞ്ഞു.
ക്ഷേത്രകലകൾ സാമ്പത്തികനേട്ടം ലക്ഷ്യമാക്കി ഉയർന്നുവന്നവയല്ല. അവ ഉദാത്തമായ ഒരു സാംസ്‌കാരിക പാരമ്പര്യത്തിന്റെ ശേഷിപ്പാണ്. തന്റെ പിതാവ് ഞരളത്തു രാമപ്പൊതുവാൾ സോപാനസംഗീതം ജീവിതത്തിന്റെ ഭാഗമാക്കി നിലനിർത്തിയ കലാകാരനായിരുന്നു. ദേവസങ്കല്പം ഭക്തരുടെ മനസ്സുകളിൽ തേജസ്സോടെ നിലനിർത്തുകയെന്ന ധർമം മാത്രമാണ് സോപാനസംഗീത കലാകാരൻ നിർവഹിച്ചത്. സോപാനസംഗീതം ദേവന്റെ ഉണർത്തുപാട്ടോ ഉറക്കുപാട്ടോ അല്ല; അങ്ങനെയാണെന്നു പലരും പറയുന്നുണ്ടെങ്കിലും അതല്ല ശരി. ദേവപൂജ കഴിഞ്ഞു നടയടച്ചാൽ ദൈവസങ്കല്പം ഭക്തഹൃദയത്തിൽ ഉണർത്തുകയാണ് സോപാനസംഗീതത്തിലൂടെ സംഭവിക്കുന്നത്. എപ്പോൾ നടതുറന്നു ദേവപൂജയാരംഭിക്കുന്നുവോ അപ്പോൾ സോപാനസംഗീതം നിലയ്ക്കും. ഞരളത്തു രാമപ്പൊതുവാൾ അങ്ങനെയൊരു കലാകാരനായിരുന്നു. രഞ്ജിത്ത് എന്ന അനുഗ്രഹീത സംവിധായകനാണ് അതു കണ്ടറിഞ്ഞു മലയാളിസമൂഹത്തോടു പറഞ്ഞത്. അതോടെയാണ് ഈ സംഗീതം കേരളീയസമൂഹത്തിൽ ശ്രദ്ധ നേടാൻ തുടങ്ങിയതെന്നും ഹരിഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാരായ ഞരളത്തു ഹരിഗോവിന്ദൻ, പെരിങ്ങോട്ടു മണികണ്ഠൻ, കൈതപ്രം ദാമോദരൻ നമ്പുതിരി, ദീപാങ്കുരൻ കൈതപ്രം തുടങ്ങിയവർക്കുള്ള ബഹുമതികൾ പരിപാടി ഉത്ഘാടനം ചെയ്ത ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് വിതരണം ചെയ്തു.