കോവിഡാനന്തര ലോകം ഉറ്റുനോക്കുന്നതു ഇന്ത്യയിലേക്കെന്നു മോഹൻ ഭാഗവത്

കോഴിക്കോട്: കോവിഡ് 19 ആഗോള മഹാമാരിയിൽ നിന്നു രക്ഷപ്പെടാനായി പ്രയാസപ്പെടുന്ന ലോകമിന്നു ബദൽ മാതൃകകൾക്കായി ഉറ്റുനോക്കുന്നത്  ഇന്ത്യയിലേക്കാണെന്നു രാഷ്ട്രീയ സ്വയംസേവക് സംഘ് സർസംഘചാലക് മോഹൻ ഭാഗവത്.  

ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരി വാരികയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ടു നിർമിച്ച വിശാലമായ കെട്ടിടത്തിന്റെയും അതിൽ പ്രവർത്തനമാരംഭിക്കുന്ന മാധ്യമപഠന  ഗവേഷണ കേന്ദ്രത്തിന്റെയും ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു  അദ്ദേഹം. ആഗോള മഹാമാരി  നിലവിലെ വികസനമാതൃകകളെ സംബന്ധിച്ച ഒരു പുനർ വിചിന്തനത്തിനു ലോകസമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. പ്രകൃതിയുമായുള്ള ബന്ധത്തെ തിരിച്ചുപിടിക്കുന്ന  വികസന മാതൃകയാണ് ഇന്ത്യ ലോകത്തിനു മുന്നിൽ വെക്കുന്നത്. അത്തരമൊരു ലോകവീക്ഷണത്തിനു ഇന്ത്യയാണ് സ്രോതസ്സായി നിൽക്കുന്നത്. ആധുനിക കാലത്തു വിവേകാനന്ദന്റെ കാലം മുതൽ ഇന്ത്യലോകത്തിനു വഴി കാട്ടുന്ന ദർശനത്തിന്റെ പ്രഭവഭൂമിയായാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം അഭിപായപ്പെട്ടു.
ഞരളത്തു  ഹരിഗോവിന്ദന്റെ  സോപാനസംഗീതത്തോടെയാണ്  പരിപാടികൾ ആരംഭിച്ചത്. പ്രമുഖ സാഹിത്യകാരൻ പി ആർ  നാഥൻ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ കൊളത്തൂർ  അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, ആർഎസ്എസ് മുൻ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആർ ഹരി, മാതൃഭൂമി മുൻ എഡിറ്റർ എം കേശവമേനോൻ, കേസരി ചീഫ് എഡിറ്റർ ഡോ . എൻ ആർ മധു തുടങ്ങിയവർ സംസാരിച്ചു. ഉത്ഘാടനച്ചടങ്ങിനായി കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗീതം അദ്ദേഹത്തിന്റെ മകൻ ദീപാങ്കുരൻ ആലപിച്ചു. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജർ അഡ്വ . പി കെ ശ്രീകുമാർ സ്വാഗതവും കെ സർജിത്‌ലാൽ നന്ദിയും പറഞ്ഞു. കേസരി പ്രസാധനാലയം പുറത്തിറക്കിയ ഏതാനും പുസ്തകങ്ങളുടെ പ്രകാശനവും മോഹൻ ഭാഗവത് നിർവഹിച്ചു. 

Leave a Reply