മുഖ്യമന്ത്രി പൗരപ്രമാണിമാരെ കണ്ടു; വിജയിച്ചതു കാന്തപുരമോ?
പ്രത്യേക പ്രതിനിധി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച കോഴിക്കോട്ടു നടത്തിയ പൗരപ്രമുഖന്മാരുമായുള്ള കൂടിക്കാഴ്ച മലബാറിൽ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ സുന്നി വിഭാഗത്തിന്റെ തന്ത്രപരമായ വിജയമെന്ന് വിലയിരുത്തൽ.
കോഴിക്കോട്ടെ പൗരസമൂഹവുമായുള്ള മുഖ്യമന്ത്രിയുടെ കൂടികാഴ്ചയായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെങ്കിലും അതു അവസാനിച്ചത് വിവിധ ഇസ്ലാമിക പ്രസ്ഥാനങ്ങൾ തമ്മിലുള്ള പരമ്പരാഗത വൈരുധ്യങ്ങളുടെ ഒരു പ്രകടനവേദിയായാണ്. വിവിധ സുന്നി -മുജാഹിദ് വിഭാഗങ്ങളും കോഴിക്കോട്ടെ വ്യാപാര പ്രമുഖരും പങ്കെടുത്ത യോഗത്തിൽ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രാതിനിധ്യം കാര്യമായി ഉണ്ടായില്ല. കത്തോലിക്കാ സഭയുടെ കോഴിക്കോട്, താമരശ്ശേരി രൂപതയുടെ ബിഷപ്പുമാരും ക്ഷണിക്കപ്പെട്ടുവെങ്കിലും യോഗത്തിനു എത്തിയില്ല.
അതേപോലെ, മലബാറിൽ ഇസ്ലാമിക പ്രസ്ഥാനങ്ങളിലെ ഭിന്നതകളിൽ സിപിഎം പൊതുവിൽ ഇതുവരെ അകലം പാലിച്ചുവെങ്കിലും ഇപ്പോൾ പാർട്ടി അതിൽ ഏകപക്ഷീയമായ നിലപാടുകൾ സ്വീ കരിക്കുന്നു എന്ന വിമർശനമാണ് ഉയരുന്നത്. അതിനു പ്രധാന കാരണം ഇന്നത്തെ സമ്മേളനത്തിൽ മുഖ്യ സ്ഥാനം കൈവരിച്ചത് പൊതുവിൽ മലബാറിൽ ഇസ്ലാമിക സമൂഹത്തിൽ നിരന്തരം വിമർശനവിധേയമായി നിൽക്കുന്ന കാന്തപുരം വിഭാഗമാണു എന്നതാണു താനും. എമ്പതുകൾ മുതൽ കാന്തപുരം മലബാറിലെ സുന്നി സാമൂഹിക രംഗത്തു സിപിഎമ്മിനു അനുകൂലമായ നിലപാടുകളുമായി രംഗത്തുണ്ടെങ്കിലും ഇന്നുവരെ മുസ്ലിം വോട്ടുകൾ സിപിഎമ്മിന് അനുകൂലമായി സമാഹരിക്കുന്നതിൽ കാര്യമായി വിജയിക്കുകയുണ്ടായില്ല. സുന്നികൾക്കിടയിലും മറ്റു ഇസ്ലാമിക ധാരകളായ കേരളാ നദ്‌വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുടെ അനുയായികൾക്കിടയിലും കാന്തപുരം സുന്നികൾക്കു കാര്യമായ സ്വീകാര്യതയില്ല. സ്വതന്ത്ര ചിന്തകനായ ചേകന്നൂർ മൗലവിയുടെ വധം മുതൽ അവർ കടുത്ത വിമർശനങ്ങളാണ് നേരിട്ടുവരുന്നത്.
.
കാരപ്പറമ്പ് സർക്കാർ സ്കൂൾ അങ്കണത്തിലാണ് മുഖ്യമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും രാജ്യസഭാ എംപിയുമായ എളമരം കരീമാണ് പരിപാടികൾ പൂർണമായി ആസൂത്രണം ചെയ്തതും നിയന്ത്രിച്ചതും എന്നു സിപിഎം വൃത്തങ്ങൾ പറയുന്നു. മുസ്ലിം ലീഗിൽ നിന്നു സിപിഎമ്മിൽ എത്തിയ മുൻകാല സിമി നേതാവും സംസ്ഥാന മന്ത്രിസഭയിലെ അംഗവുമായ കെ ടി ജലീലിനു പോലും പരിപാടിയുടെ ആസൂത്രണത്തിലോ സംഘാടനത്തിലോ കാര്യമായ ഒരു പങ്കാളിത്തവും ഉണ്ടായില്ലെന്നാണ് സിപിഎം വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
കോഴിക്കോട്ടെ സമ്മേളനത്തിൽ മലബാറിലെ ഏറ്റവും പ്രമുഖമായ സുന്നി മുസ്ലിംകളിലെ ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെ ക്ഷണിക്കുകയുണ്ടായി. എന്നാൽ സമ്മേളനത്തിലും അതിനു മുമ്പ് സർക്കാർ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായുള്ള പ്രത്യേക കൂടികാഴ്ചയിലും കാന്തപുരം വിഭാഗത്തിന് ലഭിച്ച അമിത പ്രാധാന്യത്തിൽ മറ്റു ഇസ്ലാമിക വിഭാഗങ്ങൾ വളരെയേറെ അസംതൃപ്തരാണ്. മലബാറിൽ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെപ്പോലും സിപിഎം വേണ്ടവിധം മാനിക്കുകയുണ്ടായില്ല എന്ന ആരോപണമാണ് ഉയർന്നുവരുന്നത്.
ഇങ്ങനെയൊരു ആരോപണവും അസംതൃപ്തികളും ഉയരാൻ പ്രധാന കാരണമായത് കോഴിക്കോട്ടു ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സുന്നി വിഘടിത വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ നടത്തിയ പ്രത്യേക കൂടികാഴ്ചയാണ്. 1980കളുടെ അവസാനം മുതൽ സുന്നി പണ്ഡിത പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ ഉണ്ടായ പിളർപ്പിൽ ഒരു വിഭാഗത്തിന്റെ നേതാവാണ് കാന്തപുരം. അതേസമയം സുന്നികളിൽ മഹാഭൂരിപക്ഷവും ശംസുൽ ഉലമാ ഇ കെ അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിലാണ് അണിനിരന്നത്. മുസ്ലിം ലീഗിന്റെ മുൻകാല അധ്യക്ഷൻമാരായ പാണക്കാട് പിഎംഎസ്എ പൂക്കോയതങ്ങളും അദ്ദേഹത്തിന്റെ മകൻ പാണക്കാട്ട് മുഹമ്മദലി ശിഹാബ് തങ്ങളും ഇപ്പോഴത്തെ ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സുന്നി സമൂഹത്തിന്റെ പ്രമുഖ നേതാക്കളാണ്. പിളർപ്പിനു ശേഷം അവർ ഇകെ വിഭാഗത്തിലാണ് അടിയുറച്ചു നിന്നത്. അവർ പൊതുവിൽ ലീഗിനെയാണ് അംഗീകരിച്ചുവന്നത്. നിലവിൽ സുന്നി സമസ്തയുടെ ഉപാധ്യക്ഷനാണ് ലീഗ് അധ്യക്ഷനായ ഹൈദരലി ശിഹാബ് തങ്ങൾ. മുസ്ലിംകൾക്കിടയിൽ അസാമാന്യമായ സ്വാധീനം നിലനിർത്തുന്ന കുടുംബമാണ് പാണക്കാട് തങ്ങന്മാരുടേത്.
ഇങ്ങനെ അങ്ങേയറ്റം സങ്കീർണമായ മലബാർ മുസ്ലിം സാമുദായിക അന്തരീക്ഷത്തിലേക്കാണ് ഇന്നു പിണറായി വിജയൻ കാലെടുത്തു വെച്ചത്. യോഗത്തിലേക്കു ജമാഅത്തെ ഇസ്ലാമിയെ ക്ഷണിക്കുകയുണ്ടായില്ല. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പുകാലം വരെ ഇടതുപക്ഷത്തിനു അനുകൂല നിലപാടെടുത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. മാധ്യമം ദിനപത്രം, മീഡിയാവൺ ടിവി തുടങ്ങിയ സ്ഥാപനങ്ങളും അവരുടേതാണ്. അത്തരം ഒരു പ്രധാന ഇസ്ലാമിക പ്രസ്ഥാനത്തെ മുഖ്യമന്ത്രി തന്റെ യോഗത്തിൽ നിന്നുപോലും അകറ്റിനിർത്തിയത് മലബാറിൽ പൊതുവിൽ അത്ഭുതമാണ് ഉണ്ടാക്കിയത്.ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മുമായി സഹകരിച്ചുവെന്നു ആരോപിക്കപ്പെടുന്ന എസ്ഡിപിഐ നേതാക്കളും യോഗത്തിനു എത്തിയില്ല.
യോഗത്തിൽ പങ്കെടുത്ത ഇകെ സുന്നി വിഭാഗം നേതാവും അവരുടെ ശൂറാ അംഗവുമായ ഉമർ ഫൈസി ജമാഅത്തെ ഇസ്ലാമിയെ പരിപാടിയിൽ നിന്നു ഒഴിവാക്കിയതിൽ സിപിഎമ്മിനേയും സർക്കാരിനെയും അഭിനന്ദിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വരെ സിപിഎമ്മുമായി യോജിച്ചുനിന്ന ജമാഅത്തെ ഇസ്ലാമിയെ പൂർണമായും അകറ്റിനിർത്തുന്നത് സിപിഎമ്മിനു കാര്യമായി
ഗുണം ചെയ്യാനിടയില്ലെന്നും പല നിരീക്ഷകരും ചൂണ്ടികാട്ടുന്നു.