ലീഗ് നിയമസഭയിൽ 30 സീറ്റ് ആവശ്യപ്പെടും;ഉപ മുഖ്യ മന്ത്രിയടക്കം കൂടുതൽ മന്ത്രിസ്ഥാനവും

എന്‍ പി ചെക്കുട്ടി

 

കോഴിക്കോട്:  അടുത്ത വർഷം ആദ്യം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 30 സീറ്റ് യുഎഡിഎഫിൽ ആവശ്യപ്പെടണമെന്നു മുസ്ലിംലീഗ് തീരുമാനം. യുഡിഎഫ് ജയിച്ചാൽ ഉപമുഖ്യമന്ത്രി പദവി അടക്കം കൂടുതൽ മന്ത്രിസ്ഥാനവും  ലീഗ് ആവശ്യപ്പെടും.

യുഡിഎഫിൽ നിന്ന്  വീരേന്ദ്രകുമാറിന്റെ എൽജെഡിയും ജോസ് കെ മാണിയുടെ കേരളാകോൺഗ്രസ് ഗ്രൂപ്പും വിട്ടുപോയതോടെ മൊത്തം 22 സീറ്റുകളാണ് മുന്നണിയിൽ മറ്റു കക്ഷികൾക്കായി വിഭജിക്കാനായി ലഭ്യമായിട്ടുള്ളത്.  അതിൽ പി ജെ ജോസഫ് ഗ്രൂപ്പിനു നൽകുന്ന എട്ടു സീറ്റ് കഴിച്ചാൽ ബാക്കി ലീഗിനും കോൺഗ്രസ്സിനും പങ്കിട്ടെടുക്കാം.  കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റിനു പുറമെ ആറു സീറ്റുകൾ കൂടി ഇത്തവണ വേണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണ ലീഗ് 19 സീറ്റിൽ വിജയിക്കുകയുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയാൽ തങ്ങൾക്കു കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ ശേഷിയുണ്ടെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. ഇത്തവണ  മലബാറിനു പുറത്തു കൂടുതൽ സീറ്റുകൾ ചോദിച്ചു വാങ്ങാനും നീക്കമുണ്ട്. കഴക്കൂട്ടവും പൂഞ്ഞാറും  കാഞ്ഞിരപ്പള്ളിയും ഇത്തവണ ലീഗിന് കിട്ടാനിടയുണ്ട്.  

യുഡിഎഫിൽ നിന്നു രണ്ടു പ്രമുഖ  കക്ഷികൾ കൊഴിഞ്ഞുപോയതോടെ മുന്നണിയിൽ തങ്ങളുടെ വിലപേശൽ ശേഷി വർധിച്ചതായാണ് ലീഗ് കാണുന്നത്. കഴിഞ്ഞതവണ  ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സമ്മർദ്ദം ചെലുത്തി അഞ്ചുമന്ത്രിമാരെ നേടിയെടുത്ത ലീഗ് ഇത്തവണ ഉപമുഖ്യമന്ത്രി അടക്കം അതിലേറെ സ്ഥാനങ്ങൾക്കു തങ്ങൾക്കു അർഹതയുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ്സിനു മറ്റു സമുദായങ്ങളെ പൂർണമായും തൃപ്തിപ്പെടുത്താൻ സാധിക്കാതെ വരികയാണെങ്കിൽ അതു യുഎഡിഎഫ് സംവിധാനത്തെ ഗുരുതരമായ ഒരു പ്രതിസന്ധിയിലേക്കു നയിക്കാനാണ് ഇടയുള്ളത്. 

ഇതു മറികടക്കാൻ യുഡിഎഫിലേക്കു കൂടുതൽ  കക്ഷികളെ ആകർഷിക്കാൻ മുന്നണി നേതൃത്വത്തിനു സാധിക്കണം. എന്നാൽ  എൽഡിഎഫിൽ നിന്നു ആരെയെങ്കിലും കൊണ്ടുവരാനുള്ള സാധ്യത ഇപ്പോൾ നിലവിലില്ല. ഇരുമുന്നണികൾക്കും പുറത്തുള്ള ആർഎംപിഐ, വെൽഫയർ പാർട്ടി, എസ്ഡിപിഐ, ബിഡിജെഎസ് തുടങ്ങിയ  കക്ഷികളെ മുന്നണിയിലേക്കു കൊണ്ടുവരുന്നതിനും പ്രയാസങ്ങളുണ്ട്. വെൽഫേർ പാർട്ടിയുമായുള്ള ബന്ധം തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിവാദവിഷയമായി  മാറുകയായിരുന്നു. അതു സജീവ ചർച്ചാവിഷയമായി നിലനിർത്താനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. വെൽഫേർ  ബന്ധത്തെ  വിമർശിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നു നീക്കാൻ ലീഗ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു എന്നാണ് ഇന്നലെ അദ്ദേഹം ആരോപണമുന്നണിയിച്ചത്. മുസ്ലിം ലീഗിനെയാണ് പുറമെ അദ്ദേഹം കുറ്റപ്പെടുത്തുന്നതെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ ഹിന്ദു ഭൂരിപക്ഷ വിഭാഗത്തെ കൂടെ നിർത്താനുള്ള രീതിയിൽ സാമുദായിക   വികാരങ്ങളെ ഊതിപ്പെരുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 

അതേസമയം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി മലബാറിൽ പലയിടത്തും തന്ത്രബന്ധങ്ങൾ  സ്ഥാപിച്ചു വോട്ടുകൾ മറിക്കുന്നതിൽ സിപിഎം വിജയിക്കുകയും ചെയ്തു. 2015ലെ  തിരഞ്ഞെടുപ്പിൽ അമ്പതിൽ താഴെ സീറ്റുകൾ നേടിയ എസ്ഡിപിഐ ഇത്തവണ ഏഴു സ്വതന്ത്രർ അടക്കം 102 സീറ്റുകളിൽ വിജയിച്ചു. ലീഗ് ഇത്തവണ കൂടുതൽ സീറ്റ് യുഡിഎഫിൽ പിടിച്ചുവാങ്ങിയാൽ എസ്ഡിപിഐയെ ഉപയോഗിച്ചു അതിനെ ചെറുക്കാൻ സിപിഎമ്മിനു സാധിക്കും. ലീഗിന് മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ആരും നൽകിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത്തരത്തിൽ മുസ്ലിം സമുദായത്തിൽ ഉയർന്നുവരുന്ന പുതിയ ശക്തികളെ സൂചിപ്പിച്ചു കൊണ്ടുള്ളതാണ്.

ആർഎംപിഐ മലബാറിൽ ഇത്തവണ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചത്. വടകര പ്രദേശത്തു യുഎഡിഎഫുമായി  അവർ ഉണ്ടാക്കിയ ജനകീയ മുന്നണി പൊതുവിൽ വലിയ സ്വീകാര്യത നേടുകയുണ്ടായി.  യുഡിഎഫിൽ എൽജെഡി കൈവശം വച്ചിരുന്ന വടകര സീറ്റ് ഇത്തവണ ആർക്കു ലഭിക്കും എന്ന വിഷയം സജീവ ചോദ്യമാണ്.  ഈ സീറ്റിൽ ആർഎംപിയ്ക്ക് പിന്തുണ നൽകണം എന്ന അഭിപ്രായം ലീഗിൽ ശക്തമാണ്.  വടകരയും നാദാപുരവും  കുറ്റ്യാടിയും അടക്കം ഏതാനും സീറ്റുകളിൽ യുഡിഎഫിനു വിജയിക്കാൻ ആർഎംപിയുമായുള്ള സഹകരണം സഹായിക്കും എന്നാണ് പൊതുവിൽ വിലയിരുത്തൽ.  

ഇപ്പോൾ ബിജെപി മുന്നണിയിലുള്ള ബിഡിജെഎസ് അവിടെ അസംതൃപ്തരാണ്. പക്ഷേ വെള്ളാപ്പള്ളിയും  കുടുംബവും ആധിപത്യം പുലർത്തുന്ന ഈ  കക്ഷിയെ യുഎഡിഎഫ് ആകർഷകമായി കാണുമോ എന്നകാര്യം സംശയമാണ്. ബിജെപി  കൈവിട്ടാൽ പഴയ എസ്ആർപി എന്ന സാമുദായിക  കക്ഷിയെപ്പോലെ ബിഡിജെഎസും അപ്രത്യക്ഷമാകാനാണ് സാധ്യതയുള്ളത്. 

Leave a Reply