കിഫ്‌ബി: ചോദ്യോത്തരങ്ങൾ (9)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

കിഫ്ബിയുടെ മസാലബോണ്ടുകളുടെ ഏറിയകൂറും വാങ്ങിയ സിഡിപിക്യു കമ്പനിക്കു അഴിമതിയാരോപണ വിധേയമായ ലാവലിൻ കമ്പനിയുമായി ബന്ധമുണ്ട് എന്ന വിമർശനം ഉയർന്നിരുന്നു. ഈ രണ്ടു  കമ്പനികളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവമെന്താണ്? കിഫ്‌ബി സിഡിപിക്യു  കമ്പനിക്കു മസാലബോണ്ട് വിറ്റതിൽ തെറ്റുണ്ടോ?   

കാനഡയിലെ ക്യൂബെക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ് ഇവരണ്ടും. നിക്ഷേപക സ്ഥാപനമായതിനാൽ സിഡിപിക്യു അസംഖ്യം കമ്പനികളുടെ  ഓഹരികളിലും കടപ്പത്രങ്ങളിലും പണമിറക്കിയിട്ടുണ്ട്. അവയിൽ ലാവലിൻ എന്ന  നിർമ്മാണക്കമ്പനിയുമുണ്ട്. അതിനുപരി ഏറ്റവും വലിയ ഓഹരിയുടമ എന്നനിലയിൽ സിഡിപിക്യുവിന് ലാവലിനുമായി ഉറ്റബന്ധമാണുള്ളത്. ‘ഞങ്ങളുടെ ദീർഘകാല പങ്കാളി’ എന്നാണ് സിഡിപിക്യു ലാവലിനെ വിശേഷിപ്പിക്കുന്നത്.  വലിയ മൂലധന നിക്ഷേപം നടത്തിയിട്ടുള്ളതിനാൽ ലാവലിന്റെ പ്രവർത്തനം സിഡിപിക്യു നിരന്തരം നിരീക്ഷിക്കുകയും  മെച്ചപ്പെട്ട നടത്തിപ്പിനുള്ള നിർദേശങ്ങൾ നൽകുകയും  ചെയ്യുന്നു.  ലാവലിന്റെ തെറ്റായ ചെയ്തികളും ഇതിനു കാരണമായിട്ടുണ്ട്. ചിലപ്പോഴെങ്കിലും സിഡിപിക്യു പരസ്യമായിത്തന്നെ ലാവലിന്റെ   നടത്തിപ്പിൽ നീരസം  പ്രകടിപ്പിച്ചിട്ടുമുണ്ട്. (സിഡിപിക്യു പത്രപ്രസ്താവന, 20.04.2017, 22.07.2019.)  

ഡോ. കെ ടി റാംമോഹൻ

ഏതൊക്കെ രാജ്യങ്ങളിലെ നിവാസികൾക്ക്‌ മസാലബോണ്ടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്നതാണ് റിസർവ് ബാങ്ക് വ്യവസ്ഥ ചെയ്തിട്ടുള്ളത്.  വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരെടുത്തു പറഞ്ഞു മസാലബോണ്ടുകൾ വാങ്ങുന്നത് വിലക്കിയിട്ടില്ല. മസാലബോണ്ടുകളുടെ  ക്രയവിക്രയത്തിനു അർഹതയുള്ള രാജ്യങ്ങളെ റിസർവ് ബാങ്ക് മൂന്നായി തിരിച്ചിട്ടുണ്ട്:  

ഒന്ന്, ഇന്റർനാഷണൽ  ഓർഗനൈസേഷൻ ഓഫ് സെക്യൂരിറ്റീസ് കമ്മീഷൻസ് (അയസ്‌കോ) അംഗരാജ്യങ്ങൾ. ഓഹരിവിപണികളുടെ പ്രവർത്തനത്തിൽ ആഗോളതലത്തിൽ  ഐകരൂപ്യം വരുത്തുന്നതിനു വിഭിന്ന രാജ്യങ്ങളിലെ  ഓഹരിവിപണന നിയന്ത്രണാധികാരികൾ 1983ൽ മാഡ്രിഡിൽ  ഒത്തുചേർന്നു രൂപം കൊടുത്ത  സംഘടനയാണിത്.  

രണ്ട്, ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്‌സ് (എഫ്എടിഎഫ്)  അല്ലെങ്കിൽ സമാനമായ സംഘടനകളിലെ അംഗരാജ്യങ്ങൾ. കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദികൾക്കു ധനസഹായം ചെയ്യുന്നതും തടയുകയെന്ന ലക്ഷ്യത്തോടെ 1989ൽ പാരീസിൽ രൂപമെടുത്ത അന്താരാഷ്ട്ര സംഘടനയാണ് എഫ്എടിഎഫ്.   

മൂന്ന്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ്ഇന്ത്യ (സെബി) യുമായി വിവരം പങ്കുവെക്കാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ. ഇന്ത്യയിലെ ഓഹരിവിപണന രീതികൾ ക്രമബദ്ധമാക്കുന്നതിനായി 1992ലെ നിയമപ്രകാരം പാർലമെന്റ് രൂപവല്കരിച്ച സ്ഥാപനമാണ് സെബി.  

(മസാലബോണ്ട് വാങ്ങുന്നതിനു അർഹതയുള്ള രാജ്യങ്ങളെക്കുറിച്ചുള്ള വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എസി (ഡിഐആർ സീരീസ്) സർക്കുലർ നം. 60, 13.04.2016 ൽ നിന്ന്.)   

ഈ പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം മസാലബോണ്ടുകൾ വാങ്ങാൻ അർഹതയുള്ള രാജ്യമാണ് കാനഡ. അതുകൊണ്ടു കിഫ്‌ബി മസാലബോണ്ടുകൾ സിഡിപിക്യു കമ്പനിക്കു വിറ്റതിൽ നിയമപരമായി തെറ്റില്ല.  

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply