വിജയം മിന്നുന്നതു തന്നെ;പക്ഷേ ഭാവി കേരളമോ?

(തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനശക്തി യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി എഴുതിയ ലേഖനം)

ഒറ്റവാക്കിൽ പറഞ്ഞാൽ മിന്നുന്ന വിജയം. കഴിഞ്ഞദിവസം നടന്ന തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലെ സമ്മതിദാനത്തിന്റെ കണക്കുനോക്കുമ്പോൾ സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അഭിമാനിക്കാൻ കാരണങ്ങൾ ഏറെയാണ്. ജില്ലാ പഞ്ചായത്തുകളിൽ കീഴിൽ  നിന്ന്  പതിനൊന്നിലേക്കു കുതിച്ചുകയറ്റം; ആറു കോർപറേഷനുകളിൽ  അഞ്ചിലും വിജയം; 941 ഗ്രാമപഞ്ചായത്തുകളിൽ 514 കൈവശം; ബ്ലോക്കുകളിലും ഉയർന്ന വിജയം.യുഡിഎഫിന്ആശ്വസിക്കാൻ വക നല്കുന്നത്  മുനിസിപ്പാലിറ്റികളിൽ നേടിയ നേരിയ മേൽകൈ മാത്രം. 

ഇതെഴുതുമ്പോൾ വിവിധ മുന്നണികൾക്ക് കിട്ടിയ   വോട്ടിന്റെ കൃത്യമായ നില വ്യക്തമായിട്ടില്ല. ഗ്രാമതലത്തിൽ മൂന്നു സംവിധാനങ്ങളിലും നഗരങ്ങളിൽ രണ്ടു തട്ടിലുമായി സങ്കീർണമായ വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്. പഞ്ചായത്തുകളിൽ ഓരോ  സമ്മതിദായകനും മൂന്നുവീതം വോട്ടുകൾ. അതിനാൽ ഓരോ മുന്നണിയും നേടിയ വോട്ടിന്റെ അനുപാതമെത്ര എന്ന് കണക്കുകൂട്ടിയെടുക്കാൻ അല്പം സമയമെടുക്കും. അങ്ങനെ  കൂട്ടിനോക്കിയാൽ തങ്ങളുടെ അടിത്തറയ്ക്കു കോട്ടമൊന്നും വന്നിട്ടില്ല എന്നാണ് കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്.  പക്ഷേ ഒരു കാര്യം തീർച്ചയാണ്:  കേരളത്തിൽ അരനൂറ്റാണ്ടായി അരങ്ങുവാണ ഐക്യജനാധിപത്യ മുന്നണി അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നാളുകളിലേക്ക് കടക്കുകയാണ്. തങ്ങളുടെ എതിരാളികളുടെ  മുന്നണി തകരുകയാണ് എന്നുതന്നെയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്. ലക്ഷ്യബോധമില്ലാത്ത ഒരു ആൾകൂട്ടമായി കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം ഇന്ന് ജനസമൂഹത്തിന്റെ മുന്നിൽ നില്കുന്നു എന്നത് ഒരു വസ്തുതയുമാണ്. തോൽവിയുടെ  ചൂടാറും മുമ്പേ നേതാക്കൾ തമ്മിലുള്ള ഭിന്നതകൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

യുഎഡിഎഎഫിന് നേതൃത്വം നൽകിവരുന്ന കോൺഗ്രസ്സിലെ പ്രശ്നങ്ങൾ പുതിയതയല്ല. നേതാക്കൾ തമ്മിലുള്ള വടംവലിയും  തമ്മിലടിയും പാരവെപ്പും ഇത്തവണയും യാതൊരു കുറവുമില്ലാതെ നടക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനമണിക്കൂറുകളിൽ പോലും അണികൾ അതാണ് കണ്ടുനിന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരനുമായിരുന്നു താരങ്ങൾ. സർക്കാരിനെതിരെ കൃത്യവും ലക്ഷ്യബോധമുള്ളതുമായ അമ്പുകൾ പായിക്കേണ്ട നേരത്തു പരസ്പരം കുത്താനും ഒളിയമ്പുകളും കൂരമ്പുകളും വിഷംപുരട്ടിയ അസ്ത്രങ്ങളും പരസ്പരം പായിക്കാനുമാണ് അവർ കൂടുതൽ സമയം ചെലവഴിച്ചത്. ഇങ്ങനെയുള്ള ഒരു പ്രതിപക്ഷത്തെ കിട്ടാൻ   ഭാഗ്യം സിദ്ധിച്ച നേതാവ് പിണറായി വിജയനല്ലാതെ വേറെയാരുണ്ട് കേരളരാഷ്ട്രീയത്തിൽ? 

കോൺഗ്രസ്സിന്റെ  തകർച്ചയുടെ കാരണങ്ങൾ പലതുണ്ട്. ഇനിയിപ്പോൾ അവർ യോഗം ചേർന്ന് അതൊക്കെ  വിലയിരുത്തി ഒരു നെടുങ്കൻ കുമ്പസാരവുമായി ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു എന്നും വരാം. പക്ഷേ  മുന്നണി നേതൃത്വത്തിന്റെ പോക്ക് ശരിയല്ല എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാളുകളിൽ തന്നെ പലരും ചൂ ണ്ടിക്കാട്ടിയതാണ്. പതിവുപോലെ അവർ അതൊന്നും തരിമ്പും  പരിഗണിക്കുകയുണ്ടായില്ല എന്നതു വേറെക്കാര്യം. ബിഹാറിലെ നാണംകെട്ട പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ   ഇതവണ അവർ മത്സരത്തിന് ഇറങ്ങിയത്. ബിഹാറിൽ കോൺഗ്രസ്സിന്റെ  അമിതാവകാശവും അലസതയുമാണ് തങ്ങളെ ചതിച്ചതെന്നു അവരുടെ സഖ്യകക്ഷിയായ ആർജെഡിയുടെ നേതാവ് തേജസ്വി യാദവ് തന്നെ തുറന്നുപറഞ്ഞു. ബിഹാറിലെ അപമാനത്തിൽ നിന്നു കരകയറാൻ കേരളത്തിൽ  കോൺഗ്രസ്സിനു വേണമെങ്കിൽ കഴിയുമായിരുന്നു. പക്ഷേ പണ്ടു ഫ്രാൻസ്  ഭരിച്ച ബൂർബൺ രാജകുടുംബത്തെപ്പറ്റി ചില ചരിത്രകാരന്മാർ സൂചിപ്പിച്ച പോലെ ചരിത്രത്തിൽ നിന്ന് അവരൊന്നും പഠിച്ചില്ല; പഠിച്ചതൊന്നും മറക്കുകയും ചെയ്തില്ല .

കോൺഗ്രസ്സിന്റെ കാര്യത്തിൽ ഇത് പൂർണമായും വസ്തുതയാണ്. ഒരു കാലത്തു രാജ്യമപ്പാടെ  അടക്കി ഭരിച്ച കൂട്ടരാണ്. ആ സുവർണകാലസ്മൃതികളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ ഇനിയും വിമോചനം നേടിയിട്ടില്ല. സംശയമുള്ളവർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ നോക്കുക .അടിയന്തിരാവസ്ഥയിൽ വടകരയിൽ രാഷ്ട്രീയ നേതൃത്വത്തിലേക്കു ഉയർന്ന മാന്യദേഹമാണ്. അന്നത്തെ കഥകൾ അറിയാവുന്ന നാട്ടുകാർ തന്നെയാണ് അഴിയൂരിലും മറ്റു കടത്തനാടൻ ദേശങ്ങളിലും ഇന്നും ജീവിക്കുന്നത്. അവിടെ കോൺഗ്രസ്സിനു കിട്ടിയ പ്രധാന നേട്ടങ്ങളിലൊന്ന്, സിപിഎമ്മിൽ നിന്ന് വേറിട്ടുപോയ ആർഎംപിഐ എന്ന  കക്ഷിയുമായുള്ള ഔപചാരിക ബന്ധമായിരുന്നു. കഴിഞ്ഞ മൂന്നു ലോക്സഭാ  തിരഞ്ഞെടുപ്പുകളിലും പ്രദേശത്തെ നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആർഎംപിയുടെ സഹായത്തോടെയാണ് കോൺഗ്രസ്സും ലീഗും സീറ്റുകൾ പലതും സിപിഎമ്മിൽ നിന്ന് പിടിച്ചടുത്തത്. അതിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ കെപിസിസി അധ്യക്ഷൻ തന്നെയായിരുന്നു താനും.

എന്നിട്ടും തന്റെ വീടിരിക്കുന്ന അഴിയൂരിലെ  കല്ലാമലയിൽ ആർഎംപിയുടെ ഒരു സ്ഥാനാർത്ഥിയെ അട്ടിമറിക്കാനാണ് അദ്ദേഹം  സമയവും ഊർജവും ചെലവഴിച്ചത്. കെപിസിസി   അധ്യക്ഷനായ താൻ പന്തിനു (ആർഎംപിയുടെ ചിഹ്നം) വോട്ടു കുത്തുകയോ, അതു നടപ്പില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതിനാൽ നേതാവിനു കുത്താനായി അവിടെ ഒരു കൈപ്പത്തി റിബലിനെ  അദ്ദേഹം തന്നെ ഏർപ്പെടുത്തി. പിന്നീട് സമ്മർദ്ദം കാരണം പിൻവലിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും  സ്ഥാനാർത്ഥിയും   ചിഹ്‌നവും സമ്മതിദാന  പത്രികയിൽ നിലനിന്നു. അധ്യക്ഷൻ കൈപ്പത്തിക്ക് കുത്തി നിർവൃതി നേടിയോ  എന്നറിയില്ലെങ്കിലും വോട്ടുകൾ പലതും അങ്ങനെ പാഴായി. സ്വന്തം നാട്ടിലെ ബ്ലോക്ക് പഞ്ചായത്തിൽ സിപിഎമ്മിനു അനായാസ വിജയം സമ്മാനിച്ച നേട്ടവും അങ്ങനെ കെപിസിസി അദ്ധ്യക്ഷന് സ്വന്തമായി.

സത്യത്തിൽ  ഇതു ഇത്തവണത്തെ യുഎഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഒരു സാമ്പിൾ മാത്രമാണ്. കോൺഗ്രസ്സ്  സ്വയം തകർക്കാൻ പാടുപെടുക മാത്രമല്ല, സഖ്യകക്ഷികളെ കുഴപ്പത്തിലാക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുകയും ഉണ്ടായി. മധ്യകേരളത്തിൽ ജോസ് കെ മാണിയും പാർട്ടിയും മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പൂർണപരാജയം നേരിട്ടതോടെയാണ് എൽഡിഎഫിലേക്ക് കൂടുമാറിയത്. അവർ പോയാലും അണികൾ പോവുകയില്ല എന്നായിരുന്നു ഉമ്മൻ ചാണ്ടി അടക്കമുള്ള  നേതാക്കളുടെ  ഉത്തമവിശ്വാസം. എന്തിനു കേരളാകോൺഗ്രസ്സ് അണികൾ  തങ്ങൾക്കൊപ്പം നിൽക്കണം എന്ന ആത്മപരിശോധന അവർ നടത്തുകയുണ്ടായോ? എന്താണ് കോൺഗ്രസ്സ് അവർക്കു വേണ്ടി ചെയ്തിട്ടുള്ളത്?  പണ്ട് പി ടി ചാക്കോയുടെ വണ്ടിയിൽ ഒരു വനിത കേറി എന്ന്  പറഞ്ഞു ആരൊക്കെയോ ബഹളം കൂട്ടിയപ്പോൾ ചാക്കോയുടെ രാജി ചോദിച്ചു വാങ്ങിയ പാർട്ടിയാണ്. ആ നന്ദികേടിൽ ഹൃദയം പൊട്ടി മരിച്ചയാളാണ് കോൺഗ്രസ്സിന്റെ മധ്യകേരളത്തിലെ എക്കാലത്തെയും  കരുത്തനായ ആ നേതാവ്. അതിൽനിന്നാണ് പിന്നീട് കേരളാകോൺഗ്രസ്സ് എന്ന  പാർട്ടിയുണ്ടായത് എന്നതു ചരിത്രം.അന്നുമിന്നും കോൺഗ്രസ്സ് അവരെ സ്വന്തം കാര്യസാധ്യത്തിനു ഉപയോഗിക്കുക മാത്രമായിരുന്നു എന്ന ബോധ്യം മലയോരമേഖലകളിലുണ്ട്. ആ പ്രദേശങ്ങളിൽ മലബാറിൽ പോലും അതിന്റെ അലയൊലികൾ ഇത്തവണ അനുഭവപ്പെട്ടിട്ടുണ്ട്. 

ഇനി ലീഗിന്റെ കാര്യം നോക്കുക. ഇന്നു യുഎഡിഎഫിന്റെ   നെടുംതൂണായി നില്കുന്നത് മലബാറിൽ ഏതുകാറ്റിലും ഇളകാത്ത ലീഗിന്റെ വന്മരമാണ്.പക്ഷെ അവർക്കു  കോൺഗ്രസ്സിന്റെ ജന്മസഹജ മായ ഈ തൊഴുത്തിൽകുത്തിന്റെ   ദുരനുഭവങ്ങൾ നിരവധിയാണ്. ബാബ്‌റി മസ്ജിദ് തകർച്ചയ്ക്ക് മുമ്പ്  കോൺഗ്രസ്സ് എടുക്കുന്ന ഹിന്ദുത്വ പ്രീണന നയങ്ങളിൽ പ്രതിഷേധിച്ചു ഒരവസരത്തിൽ അവർ മുന്നണി വിടുന്ന  സാഹചര്യം പോലുമുണ്ടായി. ഇപ്പോൾ കോൺഗ്രസ്സിന്റെ പോക്ക് അവർക്കും ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. അധികാരം   പിടിക്കാനായില്ലെങ്കിൽ അണികളെ കൂടെ നിർത്താൻ പ്രയാസപ്പെടുന്ന പാർട്ടികളാണ് യുഎഡിഎഫിൽ അധികവും. സ്ഥിതി ഇനിയും വഷളാവും എന്നുകണ്ടാൽ അവർ  വേറെ വഴി നോക്കും. കോൺഗ്രസ്സ്  ആത്മപരിശോധന നടത്തണം എന്നു ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ  അഭ്യർത്ഥന മാത്രമല്ല നിഴലിക്കുന്നത്. ഒരു താക്കീതു കൂടിയാണ്.

മറുഭാഗത്തു സിപിഎമ്മും മുന്നണിയും  വിജയാഹ്ലാദത്തിലാണ്. പക്ഷേ  2001ലെ  നായനാരുടെ അനുഭവങ്ങൾ ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. 1987ൽ അധികാരത്തിൽ വന്ന  നായനാരുടെ രണ്ടാം സർക്കാർ അധികാര വികേന്ദ്രീകരണത്തിന്റെ ആദ്യമാതൃക രാജ്യത്തിനു കാഴ്‌ച വെച്ച സർക്കാരാണ്. ബജറ്റിൽ അന്നു 40 ശതമാനത്തോളം തുകയാണ്  പുതുതായി അധികാരത്തിൽ വന്ന ജില്ലാ കൗൺസിലുകൾ വഴി സർക്കാർ ചെലവിട്ടത്. അതൊരു വലിയ മാതൃകയായിരുന്നു. അതിനു ശേഷമാണ് പഞ്ചായതിരാജ്-നഗരപാലികാ ബില്ല് പാർലമെന്റ്  പാസ്സാക്കിയത്. എന്നിട്ടും 2001ൽ ഒരു വർഷം മുമ്പേ തിരഞ്ഞെടുപ്പിന് ഇറങ്ങിയ ഇടതുമുന്നണിക്ക് തോൽവിയാണ് കേരളജനത നൽകിയത്. കേരളത്തിൽ സാമൂഹികക്ഷേമത്തിൽ ഊന്നിയ പുതിയ ഭരണനയങ്ങൾ ആദ്യമായി പരീക്ഷിച്ചു നടപ്പിലാക്കിയ സർക്കാരാണ് അത്. എന്തുകൊണ്ട് അന്നു  തങ്ങൾ തോറ്റുപോയി എന്നു ഇപ്പോൾ ഭരണത്തുടർച്ച സ്വപ്നം കാണുന്ന സിപിഎം യുവനേതാക്കൾ ആലോചിക്കണം.  റേഷൻകടയിലെ കിറ്റും ക്ഷേമ പെൻഷനും ആദ്യമായി  പരീക്ഷിച്ച കാലമായിരുന്നു അത്. പക്ഷേ കിറ്റ്‌ വാങ്ങിയ കോരൻ വോട്ടു മറിച്ചാണ്  ചെയ്തത്.

ഒരു കാര്യം   തീർച്ചയാണ്: ഈ വിജയം പിണറായി വിജയൻറെ വിജയമാണ്. അദ്ദേഹമാണ് മുന്നണിയുടെയും  പാർട്ടിയുടെയും  തന്ത്രങ്ങളുടെയും പ്രചാരണത്തിന്റെയും ചുക്കാൻ പിടിച്ചത്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്റെ മക്കളുടെ സ്വയംകൃതാനർത്ഥം കാരണം കളത്തിൽ നിന്നു ഒഴിഞ്ഞുപോയതോടെ പാർട്ടിയും സർക്കാരും മുന്നണിയും എല്ലാം പിണറായി എന്ന ഒറ്റ ബിന്ദുവിൽ യോജിച്ചു നിൽക്കുകയാണ്.  സ്വർണക്കടത്തും കള്ളക്കടത്തും നോട്ടുതട്ടിപ്പും ഒക്കെയായി പലവിധ ആരോപണങ്ങളും അന്വേഷണങ്ങളും നേരിട്ടുകൊണ്ടാണ് അദ്ദേഹം ജനങ്ങളെ അഭിമുഖീകരിച്ചത്. 

എന്നാൽ പ്രതിപക്ഷത്തെ പരിചത മുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പിണറായി വിജയൻ വളരെ വ്യത്യസ്തനായ ഒരു നേതാവിന്റെ ചിത്രമാണ് ജനങ്ങൾക്ക് നൽകുന്നത്. അദ്ദേഹം നേരെചൊവ്വേ വളച്ചുകെട്ടില്ലാതെ  സംസാരിക്കുന്നയാളാണ്. അധികാരം പ്രയോഗിക്കുമ്പോൾ മുഖം നോക്കാതെ പ്രവർത്തിക്കുന്നയാളുമാണ്.  ഇതു സാധാരണ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനു നൽകുന്ന പ്രതിച്ഛായ ശക്തനായ ഒരു ഭരണാധികാരിയുടേതാണ്. അതിന്റെ നേട്ടങ്ങൾ പാർട്ടിയിലെ എതിരാളികളെ ഒതുക്കാനും സർക്കാരിൽ പൂർണാധിപത്യം സ്ഥാപിക്കാനും അദ്ദേഹം ഇനിയും ഉപയോഗിക്കും. അടുത്ത തിരഞ്ഞെടുപ്പിൽ പിണറായിയുടെ ആളുകളാവാൻ പാർട്ടിയിൽ ഒരു  കടുത്ത മത്സരം തന്നെ ആരംഭിക്കും എന്നും തീർച്ചയാണ്. ഒന്നര പതിറ്റാണ്ടായി സിപിഎം കേരളത്തിൽ കൂടുതൽ വ്യക്തികേന്ദ്രീ കൃതമാകുന്ന കാഴ്ചയാണ് കണ്ടുവന്നത്. പിണറായി തന്നെയാണ് ആ പ്രക്രിയയുടെ നടുനായകനായി നിന്നത്.ഇനി അത്തരം പ്രവണതകൾ അതിന്റെ പരകോടിയിലേക്കു പ്രവേശിക്കും. തിരുവായ്ക്കു എതിർവായില്ലാത്ത സ്ഥിതിയാണ് പാർട്ടിയിൽ. ഇനി പൊതുസമൂഹത്തിലും അതേ പ്രവണതകൾ ശക്തിപ്പെടും.  വിമർശകരെ കൈകാര്യം ചെയ്യുന്ന രീതി ഇപ്പോൾത്തന്നെ ഗുരുതരമായ അധികാര-ശക്തി പ്രയോഗത്തിന്റെ സാക്ഷ്യങ്ങളാണ്. കൂടുതൽ അക്രമാസക്തവും  ജനാധിപത്യ വിരുദ്ധവുമായ പ്രവണതകൾ ഇനിയങ്ങോ ട്ടുള്ള നാളുകളിൽ കേരളീയ പൊതുസമൂഹത്തിൽ ശക്തിപ്പെടും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

അവസാനമായി ബിജെപി. അവർ മനക്കോട്ടകൾ ഒരുപാടു കെട്ടി. പാർട്ടിയുടെ യുവ അധ്യക്ഷൻ   കെ സുരേന്ദ്രൻ ചാനലുകളാണ് കേരളം എന്ന മട്ടിലാണ് പെരുമാറിയത്.  കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ നയിക്കുന്നത് താനാണ് എന്ന മട്ടിലാണ് ഇത്രയും കാലം അദ്ദേഹം പെരുമാറി വന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സുരേന്ദന്റെ അതേ പാതയിൽ തന്നെ സഞ്ചരിക്കുന്നതായാണ് ജനങ്ങൾക്കിടയിൽ പ്രതീതി സൃഷ്ടിച്ചത്. അതിന്റെ നേട്ടം കൊയ്തത് ഇടതുപക്ഷമാണ്.  തങ്ങളുടെ നേരെ രാഷ്ട്രീയപ്രചോദിതമായ അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എന്ന സർക്കാരിന്റെയും സിപിഎമ്മിന്റെയും അവകാശവാദത്തിനു ബലം നല്കിയതു പ്രതിപക്ഷത്തെ ഈ മാന്യദേഹങ്ങൾ തന്നെയാണ്. അതുകൊണ്ടാവാം ഈ വിജയത്തിന് മന്ത്രി എ കെ ബാലൻ പ്രതിപക്ഷ നേതാവിനു നന്ദി  പറഞ്ഞത്. രാജ്യമെങ്ങും കേന്ദ്ര ഏജൻസികൾ കോൺഗ്രസ്സ് നേതാക്കളെ വേട്ടയാടുന്നതായി ആരോപിക്കുന്ന അതേ സന്ദർഭത്തിൽ കേരളത്തിൽ അവരുടെ ഓരോ വ്യാജ വാർത്തയും പ്രതിപക്ഷം പടിപ്പുകഴ്ത്തുന്നു എന്ന തോന്നലുണ്ടാക്കിയത് ശരിയോ എന്നു ആലോചിക്കേണ്ട സമയമാണിത്. എന്നാലും ഒരു കാര്യം തെളിഞ്ഞുവരുന്നു.ബിജെപി സംസ്ഥാനത്തു കൂടുതൽ ശക്തിയാർജിക്കുകയാണ്.അവരുടെ   ജനകീയ അടിത്തറ വികസിക്കുകയും.  കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ഒരു ചെറു വിഭാഗത്തിന്റെ പിന്തുണ അവർ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇത്തവണ അവരുടെ വോട്ടു പങ്കാളിത്തം കാര്യമായി ഉയർന്നതായി ആദ്യകണക്കുകൾ സൂചിപ്പിക്കുന്നു. അതിന്റെ  ഭാവി പ്രത്യാഘാതങ്ങൾ  പരിശോധന അർഹിക്കുന്നതാണ്. കോൺഗ്രസിന്റെ തകർച്ച ബിജെപിയുടെ നേട്ടമായി  മാറുമോ എന്ന ആശങ്ക ഇപ്പോൾ പലരും പങ്കുവയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ,  സങ്കീർണമായ ഒരുപാടു ചിത്രങ്ങളാണ് ഇപ്പോൾ കേരള രാഷ്ട്രീയ ഭൂപടത്തിൽ തെളിഞ്ഞുവരുന്നത്: ഇടതുപക്ഷത്തിനു തീർച്ചയായും ആഹ്ലാദിക്കാൻ വകയുണ്ട്; എന്നാൽ അതു അഹങ്കാരത്തിനു വഴി മാറിയാൽ ദുരന്തം വഴിയിൽ പതുങ്ങി നിൽക്കുന്നുമുണ്ട്.  

Leave a Reply