ബ്രിട്ടനും യൂറോപ്യൻ യൂണിയനും ബ്രെക്സിറ്റ്‌ കരാറിൽ എത്തി

ബ്രസ്സൽസ്: കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ  ക്രിസ്തുമസ് തലേന്നു ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ബ്രെക്സിറ്റ്‌ കരാറിൽ എത്തിച്ചേർന്നു.  ഡിസംബർ 31നു നിലവിലെ വാണിജ്യബന്ധങ്ങൾ അവസാനിക്കുന്നതിനു ഒരാഴ്ച മുമ്പാണ് അന്തിമ കരാറിൽ ഇരുകൂട്ടരും എത്തിയത്. അടുത്ത വർഷം മുതൽ ഇരുവിഭാഗവും തമ്മിലുള്ള വാണിജ്യബന്ധങ്ങളെയും രാജ്യാന്തര യാത്രകളെയും നിയന്ത്രിക്കുന്നത് പുതിയ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും. 47 വർഷമായി യൂറോപ്യൻ പൊതുകമ്പോളത്തിന്റെ ഭാഗമായി നിലനിന്ന ബ്രിട്ടൻ ഇനി മുതൽ അതിന്റെ പുറത്തു സ്വതന്ത്രമായാണ് പ്രവർത്തിക്കുക.

2016 ജൂൺ മാസത്തിൽ നടന്ന ഹിതപരിശോധനയിലാണ് ബ്രിട്ടനിലെ ജനങ്ങൾ യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ്  യൂണിയനിൽ  സ്കോട്ട്ലാൻഡ്, അയർലണ്ട് എന്നിവയും ലണ്ടൻ അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളും രാജ്യം ഇയുവിൽ നിന്നു വിട്ടുപോരുന്നതിനു  എതിരായിരുന്നു. ബ്രിട്ടനിലെ പ്രമുഖ  പാർട്ടികൾക്കിടയിലും ഇതു സംബന്ധിച്ച കടുത്ത ഭിന്നതകൾ നിലനിന്നിരുന്നു. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിൽ കഴിഞ്ഞ നാലര  വർഷത്തിനിടയിൽ രണ്ടു 

മന്ത്രിസഭകൾ നിലംപൊത്തി. ഒരു പൊതുതിരഞ്ഞെടുപ്പും അതിന്റെ ഭാഗമായി നടന്നു. ഡേവിഡ് ഓസ്ബോൺ, തെരേസ മെയ് എന്നീ പ്രധാനമന്ത്രിമാരാണ് വിഷയത്തിൽ രാജിവെക്കേണ്ടിവന്നത്.  കടുത്ത  ബ്രെക്സിറ്റ്‌ അനുകൂലിയായ ബോറിസ് ജോൺസനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൺസേർവേറ്റിവ് പാർട്ടിയെ നയിച്ചത്. കനത്ത  ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

നാലര വർഷം മുമ്പ് ഇയുവിൽ നിന്നുവിട്ടുപോരാൻ ബ്രിട്ടൻ തീരുമാനിച്ചുവെങ്കിലും അതു പ്രായോഗികമായി നടപ്പിൽ വരുത്തിയത് ഈ വർഷം ജനുവരിയിലാണ്. എന്നാൽ  പരസ്പരമുള്ള വാണിജ്യബന്ധങ്ങൾ നിലവിലെ സമ്പ്രദായം അനുസരിച്ചു ഈ വർഷം അവസാനം വരെ തുടരാം. അതിനുമുമ്പ് പുതിയ കരാറായില്ലെങ്കിൽ ഇരുഭാഗവും തമ്മിലുള്ള ചരക്കുകളുടെ കൈമാറ്റവും യാത്രക്കാരുടെ പോക്കുവരവും ചുങ്കങ്ങൾക്കും വിസാ നിയന്ത്രണങ്ങൾക്കും വിധേയമാകും. അതു ഇരുഭാഗത്തേയും ജനങ്ങളെയും വാണിജ്യസ്ഥാപനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 

1500 പേജിൽ അധികം വരുന്ന പുതിയ കരാറിന്റെ  വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെങ്കിലും യാത്രക്കാരുടെ പോക്കുവരവും ചരക്കുകടത്തും അതിർത്തിയിൽ തടസ്സമില്ലാതെ നടക്കും എന്നു മാധ്യമങ്ങൾ പറയുന്നു. കരാറിനു ഔപചാരിക അംഗീകാരം നൽകാനായി ഡിസംബർ 30നു ബ്രിട്ടീഷ് പാർലമെൻറ്റ് പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. കരാറിനെ തങ്ങൾ പിന്തുണക്കുമെന്നു പ്രതിപക്ഷത്തെ ലേബർ പാർട്ടി  നേതാക്കൾ ഇന്നലെ അറിയിച്ചു. ഇയു പാർലമെൻറ്റ് അടുത്ത വർഷം മാത്രമേ സമ്മേളിക്കുകയുള്ളു. അതുവരെ താത്കാലികാടിസ്ഥാനത്തിലാണ് കരാർ നടപ്പിലാവുക.

Leave a Reply