കർഷകർ കേരളത്തിൽ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്ന് പി ടി ജോൺ

 

കോഴിക്കോട്: ഡൽഹിയിൽ ഒരു മാസമായി നടക്കുന്ന  കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കേരളത്തിൽ രാജ്ഭവനിലേക്കു മാർച്ച് സംഘടിപ്പിക്കുമെന്നു ദേശീയ കർഷകസംഘടനകളുടെ ദക്ഷിണേന്ത്യാ കോഓർഡിനേറ്റർ പി ടി ജോൺ അറിയിച്ചു.

 കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു കോഴിക്കോട്ടു ആർഎംപിഐ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച ധർണയെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. ദൽഹിയിലെ കർഷക സമരത്തിനു  രാജ്യമെങ്ങും ജനപിന്തുണ വർധിച്ചുവരികയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിനു കർഷകരാണ് ദിനംപ്രതി സമരത്തിൽ പങ്കുചേരാനായി ഡൽഹിയിലേക്ക് എത്തുന്നത്. കർഷക വിരുദ്ധമായ മൂന്നു നിയമങ്ങളും സർക്കാർ പിൻവലിക്കും വരെ തങ്ങൾ സമരത്തിൽ നിന്നു പിൻവാങ്ങുന്ന പ്രശ്നമില്ല.  ഇന്ത്യൻ കാർഷിക മേഖലയെ പൂർണമായും കോർപ്പറേറ്റ് നിയന്ത്രണങ്ങൾക്ക് വിധേയമാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. അതു  രാജ്യത്തിൻറെ ഭക്ഷ്യസുരക്ഷയെ ബാധിക്കും. പൊതുവിതരണസംവിധാനം അപകടത്തിലാകും. അതിനാൽ കേരളത്തിലെ വിവിധ റേഷൻ വിതരണക്കാരുടെ സംഘടനകളുടെ ആഭിമുഖ്യത്തിൽ അടുത്തയാഴ്ച പൊതുവിതരണ  സംവിധാന  സംരക്ഷണ വാരമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ജോൺ വ്യക്തമാക്കി.

 ധർണ ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു ഉല്ഘാടനം ചെയ്തു. പാർട്ടി കേന്ദ്രകമ്മിറ്റിഅംഗം അഡ്വ. കെ കുമാരൻകുട്ടി, മാധ്യമപ്രവർത്തകൻ എൻ പി   ചെക്കുട്ടി എന്നിവർ സംസാരിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി കെ പി പ്രകാശൻ സ്വാഗതം പറഞ്ഞു. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ധർണയിൽ ഇരുപതിലേറെ പ്രവർത്തകർ പങ്കെടുത്തു. 

Leave a Reply