സിദ്ദിഖ് കാപ്പനെ വിമോചിപ്പിക്കുക;മുഖ്യമന്ത്രി ഇടപെടണമെന്ന് കുടുംബം

കോഴിക്കോട്: ഒക്ടോബർ അഞ്ചിനു ഹത്രാസിലേക്കു വാർത്താശേഖരണത്തിനായി പോകുന്ന സാഹചര്യത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു രണ്ടര മാസമായി യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് സിദ്ദിഖ് കാപ്പൻ്റെ ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ കുടുംബം ധർണ നടത്തും. രണ്ടു മാസത്തിലേറെയായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻ്റെ ജാമ്യം ആവശ്യപ്പെട്ടു സുപ്രിം കോടതിയെ സമീപിച്ച കെയുഡബ്ല്യുജെ ഡൽഹി ഘടകത്തെ അപകീർത്തിപ്പെടുത്താനാണ് യുപി സർക്കാർ ശ്രമിക്കുന്നത്. സി പി ഐ എം നേതാക്കളുടെ പ്രേരണയാലാണ് താൻ ഹ ത്രാസിലേക്ക് പുറപ്പെട്ടതെന്ന് പറയണമെന്ന്‌ സിദ്ദിഖിനോട് പൊലീസ് ആവശ്യപ്പെടുകയുണ്ടായി. രണ്ട് എംപിമാരുടെ പേര് പറയണമെന്നാവശ്യപ്പെട്ട് സിദ്ദിഖിനെ മർദിച്ചു എന്നാണ് അദ്ദേഹം ഫോണിൽ കുടുംബത്തെ അറിയിച്ചത്. 

ഇതിനു വഴങ്ങാത്തതിനെ തുടർന്നു അദ്ദേഹം  പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും നിരോധിതസംഘടനയായ സിമിയുമായി  ബന്ധപ്പെട്ടയാളാണെന്നും പോലീസ് ആരോപണമുന്നയിക്കുകയാണ്. ദിനംപ്രതി പുതിയ പുതിയ കഥകളാണ് അദ്ദേഹത്തിനെതിരെ പോലീസ് പടച്ചുവിടുന്നത്.  എന്നാൽ ഇതെല്ലാം തികഞ്ഞ കെട്ടുകഥയാണ്. ഡൽഹിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സാധാരണ മാധ്യമ പ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം  ഭാരവാഹിയായും പ്രവർത്തിച്ചു വരികയായിരുന്നു. ഹത്രാസിലെ കടുത്ത മനുഷ്യവകാശ ലംഘനങ്ങൾ സംബന്ധിച്ച വാർത്ത  തയ്യാറാക്കാനായാണ് അദ്ദേഹം അങ്ങോട്ടു പുറപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യം  മാത്രമാണ് ഉത്തർപ്രദേശ് പോലീസ് പ്രകടിപ്പിക്കുന്നത്. ചോദ്യം ചെയ്യൽ സമയത്തു എന്തിനാണ് രാഹുൽഗാന്ധി നിങ്ങളുടെ വീട്ടിൽ വന്നത് എന്നായിരുന്നു ഒരു ചോദ്യം. സത്യത്തിൽ അദ്ദേഹത്തിന്റെ അറസ്റ്റ് വിവരമറിഞ്ഞപ്പോൾ അതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു താൻ വായനാട്ടിലെത്തി രാഹുൽ ഗാന്ധിക്കു നിവേദനം സമർപ്പിക്കുകയാണുണ്ടായത്. ഇങ്ങനെ എല്ലാ കാര്യങ്ങളും വളച്ചൊടിച്ചു കാപ്പനെ  ഉപദ്രവിക്കാനും അദ്ദേഹത്തിനു ജാമ്യം പോലും നിഷേധിക്കാനുമാണ് യുപി പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മലയാളി പത്രക്കാരന് യുപിയിൽ എന്തുകാര്യം എന്നാണ് പോലീസ് അദ്ദേഹത്തോടു ചോദിച്ചത്. 

ദേശീയ തലസ്ഥാനത്തു പ്രവർത്തിക്കുന്ന  ഒരു മലയാളിപത്രപ്രവർത്തകന് സംഭവിച്ചിരിക്കുന്ന ഈ ദുരവസ്ഥയിലും അതിൽ ഉൾപ്പെട്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലും കേരള സർക്കാർ ഇടപെടണം.  ഈ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ സജീവ ഇടപെടൽ ആവശ്യമുണ്ട്. സിദ്ദിഖ് കാപ്പൻ്റെ മോചനത്തിനായി മുഴുവൻ ജനാധിപത്യവിശ്വാസികളും ശബ്ദമുയർത്തണമെന്നും റെയ്ഹാനത്ത് സിദ്ദിഖ് അഭ്യർത്ഥിച്ചു.  പത്രസമ്മേളനത്തിൽ കാപ്പന്റെ  സഹോദരൻ ഹംസ, കേരള പത്രപ്രവർത്തകയൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫിറോസ് ഖാൻ, യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ , സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ  സമിതി അധ്യക്ഷൻ എൻ പി ചെക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.  

Leave a Reply