ബെംഗളൂരു ആപ്പിൾ ഫോൺ നിര്‍മ്മാണ കമ്പനിയിലെ കലാപം ആഗോളശ്രദ്ധയിൽ
ബെംഗളൂരു: ഐടി തലസ്ഥാനമായി അറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ നിന്ന് 42 കിലോമിറ്റർ അകലെ കോലാർ ജില്ലയിലെ നരസപുരയിൽ ആപ്പിൾ ഫോൺ നിർമ്മാണകമ്പനിയിൽ കഴിഞ്ഞയാഴ്ച തൊഴിലാളികൾ കലാപത്തിനിറങ്ങിയത് ആഗോളമാധ്യമങ്ങളിൽ പോലും വലിയ ചർച്ചാവിഷയമായി.
ഡിസംബർ 12നു പുലർച്ചെയാണ് കമ്പനിയുടെ താത്കാലിക തൊഴിലാളികളിൽ ഒരു വലിയപങ്കു സംഘടിച്ചെത്തി അക്രമം നടത്തിയതെന്ന് കമ്പനി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഞ്ഞൂറു കോടിയിലേറെ നഷ്ടമുണ്ടായതായി കമ്പനിയുടെ ഉടമകളായ തായ്‌വാനിലെ വിസ്‌ട്രോൺ തുടക്കത്തിൽ അവകാശപ്പെട്ടുവെങ്കിലും കഴിഞ്ഞ ദിവസം തായ്‌വാൻ ഓഹരിവിപണിയിൽ നൽകിയ റിപ്പോർട്ട് പ്രകാരം നഷ്ടം 42 കോടി രൂപയുടേതാണ്. ഫോൺ നിർമാണവുമായി ബന്ധപ്പെട്ട യന്ത്രങ്ങൾക്കോ ആപ്പിൾ ഫോൺ നിർമാണത്തിനായി ശേഖരിച്ച അസംസ്കൃത വസ്തുക്കൾക്കോ നാശം സംഭവിച്ചിട്ടില്ല. സ്ഥാപനത്തിന്റെ ജനലുകളും വാതിലുകളും ഫർണിച്ചറുകളും വാഹനങ്ങളും മറ്റുമാണ് ആക്രമണത്തിൽ തകർന്നത്.
സ്മാർട്ട് ഫോൺ രംഗത്തെ ഏറ്റവും മികച്ച ഐഫോൺ ശ്രേണിയിൽ പെട്ട ഫോണുകളാണ് നരസിപുരയിലെ വിസ്‌ട്രോൺ കമ്പനിയിൽ നിർമിക്കുന്നത്. ഏതാനും വർഷം മുമ്പാണ് കമ്പനി ബംഗളുരുവിൽ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 5000 തൊഴിലാളികളെയാണ് അവിടെ ജോലിക്കെടുത്തത്. എന്നാൽ സമീപകാലത്തു കൂടുതൽ ഉത്പാദനം ആവശ്യമായി വന്നപ്പോൾ 10,000ൽ അധികം കരാർ ജീവനക്കാർ അവിടെ പ്രവർത്തിച്ചിരുന്നു. ഈ ജീവനക്കാരുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളിലും വേതനവിതരണത്തിലും ഉണ്ടായ പ്രശ്നങ്ങളാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ഒരു പ്രാദേശിക സ്ഥാപനം വഴിയാണ് താത്കാലിക കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ എടുത്തത്. എട്ടുമണിക്കൂറിനു പകരം മിക്കവരും 12 മണിക്കൂർ ഷിഫ്റ്റിലാണ് ജോലി ചെയ്തത്. അതിനായി അധികവേതനം നൽകുമെന്ന വാഗ്ദാനം കമ്പനി പാലിച്ചില്ല. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ നിർബന്ധിതരായ സ്ത്രീകൾക്കു പോലും വിശ്രമത്തിനോ സുരക്ഷയ്ക്കോ ഉള്ള സംവിധാനങ്ങൾ കമ്പനിയിൽ ഉണ്ടായിരുന്നില്ല. ഐടി മേഖലയിലെ ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലാളി സംഘടനകൾ പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. അതിനാൽ തൊഴിലാളികളുടെ അസംതൃപ്തി കലാപത്തിന്റെ രൂപത്തിലാണ് പൊട്ടിപ്പുറപ്പെട്ടത്.
കമ്പനിയിലെ കലാപം ഗൗരവത്തോടെയാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വികസ്വര രാജ്യങ്ങളിലെ തൊഴിലാളി ചൂഷണം സംബന്ധിച്ച ആരോപണം ഉയർന്നതോടെ പ്രതിസന്ധിയിലായ ആപ്പിൾ കമ്പനി തങ്ങളുടെ നിർമ്മാണകരാറുകാരായ വിസ്‌ട്രോൺ കമ്പനിയെ താത്കാലികമായി കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. തായ്‌വാൻ ആസ്ഥാനമായ വിസ്‌ട്രോൺ വിവിധ രാജ്യങ്ങളിലെ നിർമാണ സ്ഥാപനങ്ങൾ വഴിയാണ് ആപ്പിൾ ഫോണുകൾ നിർമിച്ചു കയറ്റുമതി ചെയ്യുന്നത്. വിയറ്റ്നാം, തായ്‌വാൻ, ദക്ഷിണ കൊറിയ,ബംഗ്ളദേശ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ അവരുടെ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ സ്ഥാപനത്തിൽ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങളിൽ വീഴ്‌ചയുണ്ടായി എന്നും പരിഹാര നടപടികൾ സ്വീകരിക്കുകയാണ് എന്നും വിസ്‌ട്രോൺ ഓഹരിഉടമകൾക്കു അയച്ച സന്ദേശത്തിൽ പറയുന്നു. കരാർ തൊഴിലാളികളെ സംബന്ധിച്ച കൃത്യമായ രേഖകൾ കമ്പനി സൂക്ഷിച്ചിരുന്നില്ല. അവരുടെ വേതനം നൽകിയത് പ്രാദേശിക കരാർ സ്ഥാപനം വഴി ആയിരുന്നു. അതിൽ വെട്ടിപ്പു നടന്നതാണ് പ്രശ്നത്തിനു കാരണമായത്. ഇതിനു കാരണക്കാരനായ വിസ്‌ട്രോൺ ഇന്ത്യാ വൈസ് പ്രസിഡണ്ടിനെ സ്ഥാനത്തുനിന്നു നീക്കിയതായും കമ്പനി അറിയിച്ചു.