തുടർഭരണത്തിനു മുഖ്യമന്ത്രി ജനസമ്പർക്ക യാത്ര തുടുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കു കിട്ടിയ മേധാവിത്വം കണക്കിലെടുത്തു എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പുവരുത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ  ജനസമ്പർക്ക പരിപാടികൾ ആരംഭിക്കുന്നു.

കൊല്ലം  ജില്ലയിൽ ചൊവ്വാഴ്ച ആരംഭിക്കുന്ന ജനസമ്പർക്ക പരിപാടി അടുത്ത ആഴ്ചകളിൽ വിവിധ ജില്ലകളിൽ നടക്കുന്നതാണ്. പൗരപ്രമുഖർ, എഴുത്തുകാർ, വ്യാപാരപ്രമുഖർ, സാമൂഹിക പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലയിലുമുള്ള ജനങ്ങളുമായി നേരിട്ടു സമ്പർക്കം  സ്ഥാപിച്ചു സർക്കാരിന്റെയും മുന്നണിയുടെയും നിലപാടുകൾ വിശദീകരിക്കുകയും നേട്ടങ്ങൾ ബോധ്യപ്പെടുത്തുകയുമാണ് മുഖ്യമന്ത്രിയുടെ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തവണ കാസർകോട്ടു നിന്നു തിരുവനന്തപുരം വരെ നടത്തിയ ജാഥ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ വലിയ പങ്കു വഹിച്ചതായി അന്നുതന്നെ സിപിഎമ്മും മുന്നണിയും വിലയിരുത്തിയിരുന്നു. ഇത്തവണ മുഖ്യമന്ത്രി നേരിട്ടു  നടത്തുന്ന ജനസമ്പർക്ക പരിപാടിയിലൂടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്കും അഴിമതി സംബന്ധിച്ച ആരോപണങ്ങൾക്കും ഫലപ്രദമായ പ്രതിരോധം സാധ്യമാകും എന്നാണ് വിലയിരുത്തൽ.  

മുന്നണിയുടെ പ്രകടനപത്രികയിൽ അക്കമിട്ടു നിരത്തിയ വികസന -ക്ഷേമ പദ്ധതികളിൽ മഹാഭൂരിപക്ഷവും ഇതിനകം തന്നെ നടപ്പിലാക്കിയതായാണ് സർക്കാർ അവകാശപ്പെടുന്നത്.  അതിനു പുറമെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ നടപ്പാക്കാനുള്ള ഒരു ത്രൈമാസികാ പദ്ധതിയും സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. കൂടുതൽ ക്ഷേമ -വികസന- തൊഴിൽദാന  പദ്ധതികൾ അതിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഎസ്‌സി അടക്കമുള്ള സ്ഥാപനങ്ങൾ വഴിയുള്ള നിയമന പ്രക്രിയയും അടുത്ത മാസങ്ങളിൽ ശക്തിപ്പെടുത്തും.

 തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു അനുകൂലമായി വന്ന ഘടകങ്ങൾ പലതും വരും മാസങ്ങളിലും സ്ഥായിയായി നിലനിൽക്കും എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. വികസന- ക്ഷേമ പദ്ധതികൾ ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ട്. റേഷൻ കട വഴി നൽകിവരുന്ന സ്പെഷ്യൽ കിറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഇനിയുള്ള മാസങ്ങളിലും തുടരും. ക്ഷേമ പെൻഷനുകൾ വിതരണത്തിൽ സവിശേഷശ്രദ്ധ നൽകും. ലൈഫ് മിഷൻ അടക്കമുള്ള പ്രവർത്തനങ്ങൾ ജാഗ്രതയോടെ പൂർത്തിയാക്കും.  വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വിജയകരമായ പ്രവർത്തനങ്ങൾ  മുന്നോട്ടു കൊണ്ടുപോകും.

Leave a Reply