കിഫ്‌ബി: ചോദ്യോത്തരങ്ങൾ (8)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

കിഫ്ബിയുടെ മസാലബോണ്ടുകൾ ഏറെക്കുറെ മുഴുവനും വിറ്റതു കാനഡയിലെ ഒരൊറ്റക്കമ്പനിക്കാണെന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാലിത് സ്വകാര്യവില്പനയല്ലെന്നും നിക്ഷേപകർക്കുള്ള പൊതുവില്പനയാണെന്നും ധനമന്ത്രി പിന്നീട് വ്യക്തമാക്കുകയുണ്ടായി. പൊതുവില്പനയെന്നും സ്വകാര്യ വില്പനയെന്നുമുള്ള തരംതിരിവ് വിമർശകർ ഉയർത്തുന്ന പുകമറയാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. കടപ്പത്ര വിപണിയുടെ പ്രവർത്തനക്രമവും കിഫ്ബിയുടെ മസാലബോണ്ടിൻറെ വിതരണരീതിയും വിവരിക്കാമോ? 

കടപ്പത്രങ്ങൾ ഇറക്കുന്നതിനു രണ്ടു വഴികളുണ്ട്. ഒന്ന്, മാധ്യമങ്ങളിൽ പരസ്യം ചെയ്തുള്ള പൊതുവില്പന. താല്പര്യമുള്ള ആർക്കും അവയ്ക്കായി അപേക്ഷിക്കാം. രണ്ടാമത്തേത്, തെരഞ്ഞെടുത്ത നിക്ഷേപകനോ നിക്ഷേപകർക്കോ ഉള്ളത്. ഇത് സ്വകാര്യവില്പന. മൂന്നാമതൊരു വഴിയില്ല തന്നെ. കിഫ്ബിയുടെ മസാലബോണ്ടുകളുടേതു സ്വകാര്യവില്പനയായിരുന്നു. അത് ‘നിക്ഷേപകർക്കുള്ള പൊതുവില്പന‘ ആയിരുന്നുവെന്നു പറയുന്നതിലൂടെ ധനമന്ത്രിയാണ് പുകമറ സൃഷ്ടിക്കുന്നത്.

കടവിപണിയിൽ പുതുതായി പ്രവേശിക്കുന്ന ചെറിയ സ്ഥാപനങ്ങളാണ് സാധാരണയായി സ്വകാര്യവില്പനയിൽ ഏർപ്പെടുക. വലിയ, പേരെടുത്ത സ്ഥാപനങ്ങളെപ്പോലെ പൊതുവില്പനയിലൂടെ കടമെടുക്കുക അവർക്കു എളുപ്പമല്ല. മാത്രമല്ല, പൊതുവില്പനയ്ക്കു ഏറെ ഉപാധികളുണ്ട്.  സ്ഥാപനത്തിന്റെ ലക്ഷ്യവും ഘടനയും നേതൃത്വവും സാമ്പത്തിക ശക്തിദൗർബല്യങ്ങളും വിശദീകരിക്കുന്ന വിപണനപത്രിക പുറത്തിറക്കണം, വിശ്വാസ്യതാനിർണയ അധികാരികൾ നിശ്ചയിച്ച വിശ്വാസ്യതാശ്രേണി സ്ഥാനം വെളിവാക്കണം, എന്നിങ്ങനെ. ധനസമാഹരണത്തിനു കാലതാമസം വരുത്തുന്ന ഇത്തരം നൂലാമാല ഒഴിവാക്കി കടപ്പത്രക്ഷണക്കത്തിലൂടെ നിക്ഷേപകരെ സമീപിച്ചു പലിശനിരക്ക് ഉറപ്പിച്ചുകൊണ്ടു കടപ്പത്രങ്ങൾ വിതരണം ചെയ്യാൻ സ്വകാര്യവില്പനയിലൂടെ കഴിയും. താരതമ്യേന വലിയ സ്ഥാപനങ്ങളും പെട്ടെന്നുള്ള ധനസമാഹരണത്തിനായി ചിലപ്പോഴെങ്കിലും  സ്വകാര്യവില്പനയുടെ വഴി സ്വീകരിക്കാറുണ്ട്. 

ലണ്ടനില്‍ മസാല ബോണ്ട്‌ ലിസ്റ്റ് ചെയ്ത വേളയില്‍ മുഖ്യമന്ത്രി,ധനമന്ത്രി തുടങ്ങിയവര്‍

സ്വകാര്യവില്പനയിലൂടെ കടപ്പത്രമിറക്കുമ്പോൾ വിപണിനിരക്കിനേക്കാൾ ഉയർന്ന പലിശ  നൽകേണ്ടിവരും. അറിയപ്പെടാത്ത സ്ഥാപനത്തിനു അപൂർണമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടം കൊടുക്കുന്നതിലെ നഷ്ടസാധ്യത, വിദേശനാണയവിനിമയ നിരക്കിലെ മാറ്റം വരുത്തിയേക്കാവുന്ന കുറവ്, കടപ്പത്രങ്ങൾ വില്കേണ്ടിവന്നാൽ ആവശ്യക്കാരുണ്ടാവില്ലേയെന്ന ആശങ്ക,   അവശ്യക്കാരുണ്ടായാലും വിലകുറച്ചു കൊടുക്കേണ്ടി വരുമോ എന്ന സംശയം എന്നിവ ഉയർന്ന പലിശനിരക്ക് ആവശ്യപ്പെടാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. വിലപേശലിനും നീക്കുപോക്കിനും ഇടമുണ്ടെങ്കിലും ചെറുസ്ഥാപനങ്ങൾ വലിയൊരളവോളം  വഴങ്ങേണ്ടിവരും. 

സർക്കാരായാലും കൂട്ടുടമക്കമ്പനിയായാലും  കടപ്പത്രങ്ങളിറക്കുന്നതിനു മറ്റു ധനകാര്യസ്ഥാപനങ്ങളുടെ സഹായം ആവശ്യമാണ്. കടപ്പത്രവില്പനയുടെ  ആദ്യപടി കാര്യക്കാരെ തിരഞ്ഞെടുക്കുകയെന്നതാണ്. വിപണിയിലെ ആദാനപ്രദാനം  വിശകലനം ചെയ്തു എത്രവിലക്കുള്ള കടപ്പത്രം ഏതുരീതിയിൽ എപ്പോൾ ഇറക്കണമെന്നു ഉപദേശിക്കുന്നതും കടപ്പത്ര വിതരണവും പിന്നീടുള്ള പ്രവൃത്തികളും ഏതേതു സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്ന് നിർദേശിക്കുന്നതും കാര്യക്കാരാണ്. കൂടാതെ, കടപ്പത്രമിറക്കാനുള്ള നിയമാനുമതി  നേടുന്നതും വിശ്വാസ്യതാനിർണയാധികാരികളെ സമീപിച്ചു വിശ്വാസ്യതാശ്രേണി സ്ഥാനം നിശ്ചയിപ്പിക്കുന്നതും നിക്ഷേപകരെ കണ്ടെത്തുന്നതും കടപ്പത്രങ്ങൾ തയ്യാറാക്കുന്നതും കാര്യക്കാരുടെ ചുമതലയാണ്.  

കടപ്പത്ര നിക്ഷേപകർക്ക് നീതി ഉറപ്പാക്കാനായി കടപ്പത്രമിറക്കുന്ന സ്ഥാപനം രക്ഷാധികാരിയെ നിയോഗിക്കണമെന്ന് നിയമം അനുശാസിക്കുന്നു.  കടപ്പത്രനിക്ഷേപത്തിന്റെ നഷ്ടസാധ്യതയെക്കുറിച്ചുള്ള എല്ലാ വിവരവും കടപ്പത്ര ക്ഷണക്കത്തിൽ കാണിച്ചിട്ടുണ്ടെന്നും കടത്തിനുള്ള ഈട് കുറ്റമറ്റതാണെന്നും സമയാസമയങ്ങളിൽ പലിശയും കാലാവധി മുഴുമിക്കുമ്പോൾ മുതൽമുടക്കും  നിക്ഷേപകർക്ക്  കൊടുക്കുന്നുവെന്നും ഉറപ്പുവരുത്തേണ്ടത് രക്ഷാധികാരിയാണ്. ഇതിനായി സ്ഥാപനത്തിൽ നിന്ന് വിവരശേഖരണം നടത്താൻ  രക്ഷാധികാരിക്ക് അധികാരമുണ്ട്.  

കടപ്പത്രങ്ങളുടെ ആദ്യവിതരണം സ്വകാര്യ വില്പനയിലൂടെയായാലും തുടർകൈമാറ്റം ഓഹരിവിപണിയിലൂടെയാണ് നടക്കുക. ഇതിനായി കടപ്പത്രത്തെ സംബന്ധിച്ചുള്ള വിവരം ഓഹരിവിപണി രേഖകളിൽ വരണം. കടപ്പത്രമിറക്കുന്ന സ്ഥാപനം നിയോഗിക്കുന്ന പട്ടികക്കാരന്റെ ചുമതല ഇതിനാവശ്യമായ നടപടി സ്വീകരിക്കുകയെന്നതാണ്. കടപ്പത്ര  നിക്ഷേപകരുടെ പേരും മേൽവിലാസവും സൂക്ഷിക്കാനായും കൈമാറ്റം നടത്തിക്കൊടുക്കാനായും കടപ്പത്രമിറക്കുന്ന സ്ഥാപനം ലേഖാധികാരിയെ നിയോഗിക്കുന്നു. നിക്ഷേപകരിൽ നിന്ന് കടപ്പത്രവില കൈപ്പറ്റി സ്ഥാപനത്തിന് കൈമാറുന്നതിനും തിരികെ സ്ഥാപനത്തിൽ നിന്ന് പണം  സ്വീകരിച്ചു നിക്ഷേപകർക്ക് പലിശയും മുതലും കൊടുക്കുന്നതിനും ചെല്ലംകാര്യക്കാരുണ്ട്. ഇതിനെല്ലാം പുറമെ  കടപ്പത്രത്തിന്റെ നിയമവശം കൈകാര്യം ചെയ്യുന്നതിന് നിയമോപദേശകരെയും നിയമിക്കേണ്ടിവരും.  

മേൽസൂചിപ്പിച്ച എല്ലാ കൈകാര്യകർത്താക്കളുടെയും പേരും മേൽവിലാസവും കടപ്പത്രക്ഷണക്കത്തിൽ സൂചിപ്പിച്ചിരിക്കണം. കടപ്പത്രങ്ങളുടെ കാര്യക്കാരും രക്ഷാധികാരിയും നിയമോപദേശകനും നിർബന്ധമായും വെവ്വേറെ സ്ഥാപനങ്ങളായിരിക്കുമെങ്കിലും മറ്റ് ഒന്നിലേറെ ചുമതലകൾ ഒരേ  സ്ഥാപനത്തിൽ നിക്ഷിപ്തമാകുന്നതിൽ നിയമതടസ്സമില്ല. കിഫ്‌ബി മസാലബോണ്ടിൻറെ കാര്യക്കാർ  ആക്സിസ് ബാങ്കിന്റെയും സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെയും സിങ്കപ്പൂർ ശാഖകളാണ്. ബോണ്ടിന്റെ രക്ഷാധികാരിയും ലേഖാധികാരിയും  ചെല്ലംകാര്യക്കാരുമായി നിയോഗിച്ചിട്ടുളളത് ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഹോങ്കോങ് ആൻഡ് ഷാങ്ഹായ് ബാങ്കിങ് കോർപറേഷനെയാണ്. സിങ്കപ്പൂരിലെ  ടിഎസ്എംപി ലാ കോർപറേഷനാണ് ബോണ്ടിന്റെ പട്ടികക്കാരൻ. നിയമോപദേശകരായി ഇന്ത്യക്കകത്തു സിറിൽ അമർചന്ദ് മംഗൾദാസിനെയും ഇംഗ്ലണ്ടിൽ ഡിഎൽഎ പൈപ്പർ യുകെ എൽഎൽപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

മസാലബോണ്ട് വഴി പുറമേക്കുള്ള സമ്പദ്‌ചോർച്ച എത്രയെന്നു വിലയിരുത്തുമ്പോൾ പലിശ മാത്രമല്ല, ഇടനില സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രതിഫലവും കണക്കിലെടുക്കേണ്ടതുണ്ട്. മസാലബോണ്ട് പ്രകാരമുള്ള കടമെടുപ്പിനായി കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മാത്രം 12 കോടി രൂപയോളം കിഫ്‌ബി ചെലവിടുകയുണ്ടായി. (കിഫ്‌ബി വാർഷിക റിപ്പോർട്ട് 2018-19ലെ കണക്കുപ്രകാരം.) ഇടനിലക്കാർക്കു പ്രതിഫലം കൊടുക്കുന്നത് ബോണ്ടിന്റെ   ആദ്യവിതരണത്തോടെ അവസാനിക്കുന്നില്ല. ചിലത് ഒറ്റത്തവണ തീർപ്പാണെങ്കിലും മറ്റുപലതും വാർഷികമായോ അനുവാർഷികമായോ ബോണ്ട് കാലാവധിയുടെ ഉടനീളം ചെയ്യേണ്ടവയാണ്. കടമെടുപ്പ് ചെലവ് സംബന്ധിച്ച പരിമിതമായ വിവരമേ നിയമസഭയിൽ വെളിവാക്കിയിട്ടുള്ളു. കടപ്പത്രക്ഷണക്കത്തിൽ സൂചിപ്പിച്ചിട്ടില്ലാത്ത ടിഎംഎഫ് ഗ്രൂപ്പ്, നോർട്ടൻ റോസ് എന്നീ സ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകിയതായി നിയമസഭാ രേഖകളിൽ കാണുന്നു. (പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം,  നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾ നം. 445, 467. 29.05.2019.) എല്ലാ ഇടനില സ്ഥാപനങ്ങളുമായുള്ള ഉടമ്പടികളുടെ പകർപ്പുകൾ പൊതുസമൂഹത്തിനു ലഭ്യമാക്കിയാലേ മസാലബോണ്ട് വഴിയുള്ള കടമെടുപ്പ് ചെലവിന്റെ ചിത്രം പൂർണമാവുകയുള്ളൂ.  

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply