ബൈഡൻ എലെക്റ്ററൽ കോളേജ് വോട്ടുനേടി;ഇനി കോൺഗ്രസ്സ് വോട്ടെണ്ണൽ ബാക്കി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ എലെക്റ്ററൽ കോളേജ് വോട്ടിങ്ങിലും വിജയം നേടി. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തിങ്കളാഴ്ചയാണ് ബൈഡനെ ഔദ്യോഗികമായി അംഗീകരിക്കുന്ന വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ബൈഡനു 306 എലെക്റ്ററൽ വോട്ടും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് 232 വോട്ടും ലഭിച്ചു. ഇനി ഈ വോട്ടുകൾ അമേരിക്കൻ കോൺഗ്രസ്സ് ഔദ്യോഗികമായി എണ്ണുകയും ബൈഡനെ പ്രസിഡണ്ടായി പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും . ജനുവരി 20നു ബൈഡൻ പദവി ഔപചാരികമായി ഏറ്റെടുക്കും.
ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും ട്രംപ് അദ്ദേഹത്തിന്റെ വിജയം അംഗീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ അറിയിച്ചു. ബൈഡന്റെ വിജയം ചോദ്യം ചെയ്തു ട്രംപ് സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഏകകണ്ഠമായി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതോടെ ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിൽ ട്രംപിനു മുന്നിലുള്ള എല്ലാവഴികളും അടഞ്ഞുകഴിഞ്ഞു.