ഫാ. സ്റ്റാൻ സ്വാമി, ഈ വർഷത്തെ മുകുന്ദൻ സി മേനോൻ അവാർഡ് ജേതാവ്
കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ആദിവാസി അവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയുമായ ഫാ. സ്റ്റാൻ ലൂർദ് സ്വാമിയെ ഈ വർഷത്തെ മുകുന്ദൻ സി മേനോൻ അവാർഡിനായി തിരഞ്ഞെടുത്തു. ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ജെസ്യൂട്ട് സഭാംഗമായ ഫാ. സ്റ്റാൻ സ്വാമി ഇപ്പോൾ ഭീമ കോരേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി പ്രതിയാക്കിയതിനെ തുടർന്നു മുംബൈ ജയിലിലാണ്. 83കാരനായ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനെ ജയിലിലടച്ചത് ദേശവ്യാപകമായ പ്രതിഷേധത്തിനു കാരണമായിരുന്നു.
ദേശീയ മനുഷ്യാവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന മുകുന്ദൻ സി മേനോന്റെ പേരിൽ ഏർപ്പെടുത്തിയതാണ് അവാർഡ്. അവാർഡ് തുകയായ 25,000 രൂപയും ബഹുമതി പത്രവും കഴിയുന്നതും വേഗം സ്റ്റാൻ സ്വാമിയ്ക്കു സമർപ്പിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി സമിതിയുടെ അധ്യക്ഷൻ പ്രഫ. എ മാർക്സ് , ജനറൽ സെക്രട്ടറി പ്രഫ .പി കോയ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.