മലബാറിൽ പോളിങ് 78 % കടന്നു ; 6 മണികഴിഞ്ഞും ബൂത്തുകളില്‍ നീണ്ട ക്യു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടത്തിൽ   മലബാർ ജില്ലകളിൽ കനത്ത പോളിങ്. പോളിങ് ശതമാനം 78.25 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പോളിങ് മലപ്പുറം ജില്ലയിലാണ്. ഇതെഴുതുന്ന വൈകിട്ട് ഏഴര മണിക്കും പല ബൂത്തുകളിലും നീണ്ട ക്യു കാണാം. തിരൂരിലെ ചെമ്പ്ര സ്കൂളില്‍ ഒരു ബൂത്തില്‍ 360 വോട്ടര്‍മാര്‍ ക്യുവില്‍ ഉണ്ട്. കോഴിക്കോട് പുതുപ്പാടി യിലെ ബൂത്തില്‍ ഇപ്പോഴും നീണ്ട ക്യു ഉണ്ട്. .സംസ്ഥാനത്തെ പോളിംഗ് മൊത്തം 75 ശതമാനം.

ആദ്യമണിക്കൂറുകളിൽ തന്നെ കനത്ത പോങ് രേഖപ്പെടുത്തിയതായി വിവിധ ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  കണ്ണൂരിൽ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കാസർകോട്ട് മംഗൽപാടിയിലും കള്ളവോട്ടു നടന്നതായി ആരോപണമുയർന്നു. നാദാപുരത്ത് പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. കണ്ണൂരില്‍ അരഡസന്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു.

മലപ്പുറം, കോഴിക്കോട്,  കണ്ണൂർ, കാസർകോട്ട് ജില്ലകളിലാണ് ഇന്നു അവസാനവട്ട വോട്ടെടുപ്പു നടക്കുന്നത്. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര എല്ലായിടത്തും   കാണാനുണ്ടായിരുന്നു. ആദ്യമണിക്കൂറുകളിൽ തന്നെ മുപ്പതു ശതമാനത്തിലധികം വോട്ടുകൾ ചെയ്തതായാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

മുഖ്യമന്ത്രി  പിണറായി വിജയൻറെ നിയമസഭാ മണ്ഡലമായ ധർമ്മടത്തിന്റെ ഭാഗമായ മുഴപ്പിലങ്ങാട്ട് നാലാം വാർഡിലാണ് രാവിലെ 7.05നു തന്നെ കള്ളവോട്ടു നടന്നത്. പ്രേമരാജൻ എന്ന വോട്ടറുടെ വോട്ടാണ്  വേറെ ആരോ ചെയ്തത്. വോട്ടർ  ക്യൂവിൽ നിൽക്കുന്ന അവസരത്തിൽ തന്നെയാണ് വ്യാജൻ വോട്ടു രേഖപ്പെടുത്തി സ്ഥലം വിട്ടത്. സിപിഎമ്മുകാരാണ് തന്റെ വോട്ടു ചെയ്തതെന്ന് പ്രേമരാജൻ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു.   അദ്ദേഹത്തെ ചലഞ്ചു വോട്ടു ചെയ്യാൻ അധികൃതർ അനുവദിച്ചു. 

വോട്ടെണ്ണൽ പതിനാറാം  തിയ്യതി രാവിലെ ആരംഭിക്കും. ഉച്ചയോടെ ഫലങ്ങൾ ലഭ്യമാകാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.  തങ്ങളുടെ മുന്നണി വിജയം നേടുമെന്ന് എൽഡിഎഫ് ,യുഎഡിഎഫ്, ബിജെപി നേതാക്കൾ അവകാശവാദം ഉന്നയിച്ചു.  

Leave a Reply