ദേശീയപാതകൾ ഉപരോധിക്കുന്നു; കർഷകരും കേന്ദ്രവും ഏറ്റുമുട്ടലിലേക്ക്

ന്യൂദൽഹി: ശനിയാഴ്ച   മുതൽ ദൽഹിയിൽ നിന്നും ജയ്പൂരിലേക്കും ആഗ്രയിലേക്കുമുള്ള രണ്ടു സുപ്രധാന പാതകളും ഉപരോധിച്ചുകൊണ്ടു  കർഷക സമരം ശക്തിപ്പെടുത്തുമെന്നു വിവിധ സംഘടനകൾ പ്രഖ്യാപിച്ചു. അതിനായി വിവിധ  സംസ്ഥാനങ്ങളിൽ നിന്നു ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി പതിനായിരക്കണക്കിന് കർഷക വളണ്ടിയർമാർ  തലസ്ഥാനത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നുച്ചയോടെ  രാജ്യത്തിൻറെ പ്രധാനപ്പെട്ട രണ്ടു പാതകളിലും ഗതാഗതം പൂർണമായും തടയപ്പെടും എന്ന ഭീഷണിയാണ് നിലനിൽക്കുന്നത്.

 അതേസമയം, സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ആയിരകണക്കിന് പൊലീസുകാരെ വിവിധ കേന്ദ്രങ്ങളിൽ  അണിനിരത്തിയിട്ടുണ്ട്. ടോൾ പാതകളിലും  ഉപരോധം ഏർപ്പെടുത്തുമെന്നും അത്തരം പാതകളിൽ ടോൾ പിരിവ് അനുവദിക്കുകയില്ല എന്നും കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. അതിനാൽ ടോൾ ബൂത്തുകളും കടുത്ത പോലീസ്  ബന്തവസ്സിലാണ്.

വിവാദമായ മൂന്നു  കാർഷിക നിയമങ്ങളും സർക്കാർ പിൻവലിക്കണം എന്നാണ്  കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഭേദഗതികൾ ആവാം, നിയമം പിൻവലിക്കാൻ സാധ്യമല്ല എന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ഉദ്ദേശിക്കുന്ന ഭേദഗതികൾ സംബന്ധിച്ച ഇരുപതു പേജ് വരുന്ന ഒരു കുറിപ്പു മൂന്നുദിവസം മുമ്പ് വിവിധ കർഷക സംഘടനകൾക്ക് കേന്ദ്ര കൃഷി മന്ത്രാലയം നൽകിയിട്ടുണ്ട്. എന്നാൽ കർഷക സംഘടനകൾ  അതിനോടു പ്രതികരിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിയമം റദ്ദാക്കാതെ പിന്മാറ്റമില്ല എന്നും അതിനാൽ ഭേദഗതി സംബന്ധിച്ച ചർച്ചകൾക്ക് പ്രസക്തിയില്ല എന്നുമാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘർഷം നീണ്ടുപോയാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള  ഹരിയാന സർക്കാർ നിലംപതിക്കും എന്ന സൂചനയുണ്ട്. ഹരിയാനയിലെ കർഷക നേതാവ് ചൗത്താലയുടെ ജനവികാസ് ജനതാ പാർട്ടിയുടെ സഹായത്തോടെയാണ് അവിടെ ബിജെപി ഭരണം നടത്തുന്നത്. സമരം നീണ്ടാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്നും എൻഡിഎ സഖ്യത്തിൽ നിന്നു പിൻവാങ്ങുമെന്നും ജെജെപി  നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെ ദീർഘകാല  സഖ്യകക്ഷിയായിരുന്ന അകാലിദൾ ആഴ്ചകൾക്കു മുമ്പുതന്നെ എൻഡിഎ സഖ്യം വിടുകയുണ്ടായി. ജെജെപി  കൂടി ബിജെപിയെ വിട്ടാൽ രാഷ്ട്രീയമായി  കടുത്ത ഒറ്റപ്പെടലിന്റെ അന്തരീക്ഷത്തിലേക്കാണ് കേന്ദ്ര ഭരണകക്ഷി എത്തിച്ചേരുക. മഹാരാഷ്ട്രയിലെ  ദീർഘകാല സഖ്യകക്ഷി ശിവസേന നേരത്തെതന്നെ ബിജെപിയുമായി ബന്ധം വേർപെടുത്തുകയുണ്ടായി .

എന്നാൽ ഒരു കാരണവശാലും നിയമം പിൻവലിക്കുകയില്ല എന്ന തീരുമാനമാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കർഷക സമരത്തിനെതിരെ ശക്തമായ പ്രചാരവേലക്കു ഇന്നുമുതൽ പാർട്ടി തയാറെടുക്കുകയാണ്. നൂറുകണക്കിനു  യോഗങ്ങളും മാധ്യമസമ്മേളനങ്ങളും നടത്തി സർക്കാർ നയം വിശദീകരിക്കാനാണ് നീക്കം.അതേസമയം, സമരത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളും സർക്കാർ അനുകൂല മാധ്യമങ്ങൾ വഴി ആരംഭിച്ചിട്ടുണ്ട്. സമരത്തിൽ  ഖാലിസ്ഥാൻ അനുകൂലികളുണ്ടെന്നും തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അവർക്കിടയിൽ സജീവമാണെന്നുമാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ വിവിധ ദേശീയ  കർഷകസംഘടനകളുടെ  നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി അത്തരം ആരോപണങ്ങൾ തള്ളി. സമരത്തെ അപകീർത്തിപ്പെടുത്താനും കർഷകരെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിജയിക്കുകയില്ലെന്നും അത്തരം ഹീനശ്രമങ്ങൾ അന്തിമമായി സർക്കാരിനും കേന്ദ്ര ഭരണ കക്ഷിക്കും തിരിച്ചടിയാകുമെന്നും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.  

Leave a Reply