ബ്രെക്സിറ്റ്‌ ചർച്ചകൾ അന്തിമഘട്ടത്തിൽ;സമവായ സാധ്യത കുറവെന്നു നിരീക്ഷണം

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ അന്തിമമായി വിടവാങ്ങുന്ന  ദിനത്തിലേക്കു ഇനി മൂന്നാഴ്ചകൾ മാത്രം. നാല്പതു  വർഷത്തോളമായി യൂറോപ്യൻ വിപണിയുടെ അവിഭാജ്യ ഭാഗമായിരുന്ന ബ്രിട്ടൻ ഈ വർഷം ഡിസംബർ 31നു അർധരാത്രിയോടെ സഖ്യത്തിൽ നിന്നു വിട്ടുപോരും.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമ്പോഴും പരസ്പരമുള്ള വാണിജ്യം പ്രതിബന്ധങ്ങളില്ലാതെ മുന്നോട്ടുകൊണ്ടു പോകുന്നതിനു പറ്റിയ ഒരു കരാർ ഉണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരുപക്ഷവും. അതിനായുള്ള ചർച്ചകൾ  ലണ്ടനിലും ഇ യു ആസ്ഥാനമായ ബ്രസ്സൽസിലും പലതവണ നടക്കുകയുണ്ടായി. ബ്രിട്ടന്റെ ഭാഗത്തു ചർച്ചകൾ നയിക്കുന്നതു പ്രശസ്ത നയതന്ത്രജ്ഞനായ ഡേവിഡ് ഫ്രോസ്റ്റും ഇ യു വിന്റെ പ്രതിനിധിസംഘത്തലവൻ ഫ്രഞ്ചുകാരനായ മിഷേൽ ബെർണിയരുമാണ്. പക്ഷേ ചർച്ചകളിൽ കാര്യമായ പുരോഗതിയില്ല എന്നാണ് വിവിധ  മാധ്യമങ്ങൾ നൽകുന്ന സൂചന. പുതിയ കരാർ ഉണ്ടാവുന്നില്ലെങ്കിൽ ഇരുപക്ഷവും തമ്മിലുള്ള വാണിജ്യബന്ധങ്ങളെ നിർണയിക്കുന്ന നിയമങ്ങൾ ലോകവാണിജ്യ സംഘടനയുടേതാകും. ഇപ്പോൾ നടക്കുന്ന  ചർച്ചകളിൽ സമവായമില്ലെങ്കിൽ ഇപ്പോഴത്തെ തടസ്സമില്ലാത്ത വ്യാപാരം അവസാനിക്കും.  ചുങ്കവും അതിർത്തി ചെക്ക്പോസ്റ്റുകളും ഉയർന്നുവരും.

ഇതു ഇരുഭാഗത്തേയും വാണിജ്യ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും വലിയ പ്രതിസന്ധിയുണ്ടാക്കും. വ്യാപാരം മന്ദീഭവിക്കും. ഇപ്പോൾ ലണ്ടനിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും പ്രവർത്തനകേന്ദ്രം   യൂറോപ്പിലേക്കു മാറ്റാൻ നിർബന്ധിതമാകും. ധനകാര്യ രംഗത്തെ പ്രമുഖ ബാങ്കുകൾ അടക്കം പലരും ഇതിനകം തന്നെ ഫ്രാങ്ക്ഫർട് തടുങ്ങിയ  യൂറോപ്യൻ നഗരങ്ങളിലേക്ക്‌ ആസ്ഥാനം പറിച്ചുനട്ടുകഴിഞ്ഞു.

പ്രശ്നങ്ങൾക്കു  പരിഹാരം കാണാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം ബ്രസ്സൽസിലെത്തി യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ആർസുല വാൻ ഡെർ ലേയനുമായി ചർച്ച നടത്തി.എന്നാൽ മൽസ്യബന്ധനം  

 അടക്കമുള്ള തർക്ക വിഷയങ്ങളിൽ യോജിപ്പിനുള്ള സാധ്യത ചർച്ചയിൽ ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടീഷ് വ്യാപാരമന്ത്രി ഡൊമിനിക് റാബ് അറിയിച്ചു.  

Leave a Reply