സിന്ധു നദീതട സംസ്കാരത്തിലെ ജനതയുടെ ഭക്ഷണത്തിൽ പോത്തിറച്ചിയും കാളയിറച്ചിയും

ന്യൂദൽഹി:  നാലായിരം വർഷം മുമ്പ് പഞ്ചാബിൽ സിന്ധു നദീതടത്തിൽ ആരംഭിച്ചു വടക്കേയിന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു പടർന്ന നാഗരികതയുടെ ഭക്ഷ്യ വിഭവങ്ങളിൽ കാളയിറച്ചിയും പോത്തിറച്ചിയും ഉൾപ്പെട്ടതായി ഗവേഷകർ കണ്ടെത്തി.

ഇന്നത്തെ ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഏഴു പ്രദേശങ്ങളിൽ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ ഗവേഷകർ നടത്തിയ ശാസ്ത്രീയ  പരീക്ഷണങ്ങളിലാണ് അവരുടെ ഭക്ഷ്യ വിഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്. 4600  കൊല്ലം പഴക്കമുള്ള മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളിൽ രാസ പരീക്ഷണത്തിലാണ് ഇത്തരം വിഭവങ്ങളുടെ ലക്ഷണങ്ങൾ കണ്ടത്. 

കേംബ്രിഡ്ജ് സർവകലാശാലയിലെയും ബനാറസ് ഹിന്ദു  സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലെ വിവരങ്ങൾ ജേർണൽ ഓഫ് ആർക്കിയോളോജിക്കൽ സയൻസ് എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് പുറത്തുവന്നത്.  

അവർ പഠനം നടത്തിയ പ്രദേശങ്ങളിൽ കണ്ടെത്തിയ എല്ലുകളിൽ 50-60 ശതമാനം വരെ വീടുകളിൽ പോറ്റിയ കന്നുകാലികളുടേതാണെന്നു പ്രബന്ധത്തിൽ  പറയുന്നു. പശുവും കാളയും എരുമയും പോത്തും ആടുകളും അവരുടെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെട്ടിരുന്നു. അവയുടെ ഇറച്ചി അവർ ഭക്ഷിക്കുകയും ചെയ്‌തിരുന്നു.    

വീടുകളിൽ ഉപയോഗിച്ച പാത്രങ്ങളുടെ അവശിഷ്ടങ്ങൾ തെളിയിക്കുന്നത് പന്നി, പോത്ത്, ചെമ്മരിയാട്, ആട്,  പശു തുടങ്ങിയ മൃഗങ്ങളെ അവർ പോറ്റുകയും അവയുടെ ഇറച്ചി  കഴിക്കുകയും ചെയ്തിരുന്നു എന്ന് പഠനസംഘത്തിലെ ഡോ . അക്ഷത സൂര്യനാരായണൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. പാത്രങ്ങളിൽ തങ്ങിനിന്ന എണ്ണയുടെയും കൊഴുപ്പിന്റെയും ഡിഎൻഎ  കണ്ടെത്തിയാണ് പഠനസംഘം അവരുടെ ഭക്ഷ്യശീലങ്ങൾ സംബന്ധിച്ച നിഗമനത്തിലെത്തിയത്.  ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത്തരം പഠനങ്ങൾ നേരത്തെ നടന്നിട്ടുണ്ടെങ്കിലും ദക്ഷിണേഷ്യയിൽ പ്രാചീന നാഗരികതകളുടെ സവിശേഷതകൾ ശാസ്ത്രീയ  പരീക്ഷണങ്ങളിൽ കണ്ടെത്താനുള്ള പഠനങ്ങൾ ആദ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി. 

Leave a Reply