കിഫ്‌ബി: ചോദ്യോത്തരങ്ങൾ (7)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

കിഫ്ബിയുടെ കടം കേവലം ബാധ്യതയല്ലെന്നും പശ്ചാത്തല പദ്ധതികളിൽ നിക്ഷേപിക്കപ്പെടുന്നതിനാൽ അത് കെയ്‌ൻസിയൻ ഗുണകാങ്കഫലത്തിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിലേക്കു നയിക്കുമെന്നും വായിക്കാനിടയായി. കെയ്ൻസ് എന്ന സമ്പദ് ശാസ്ത്രജ്ഞനെക്കുറിച്ചു കേട്ടിട്ടുണ്ട്. കെയ്ൻസിയൻ ഗുണകാങ്കഫലം എന്നാൽ എന്താണ്?  ഈ സാമ്പത്തിക സിദ്ധാന്തപ്രകാരമുള്ള വളർച്ച കിഫ്‌ബി പദ്ധതികളിലൂടെ കേരളം  കൈവരിക്കുന്നത് എങ്ങനെയാണ്?   

നേരിട്ടുള്ള സാമ്പത്തിക പ്രവർത്തനത്തിൽ നിന്നും സർക്കാർ വിട്ടുനിൽക്കണമെന്നതായിരുന്നു പരമ്പരാഗത സമ്പദ് ചിന്ത. കെയ്ൻസ് അതിൽനിന്ന് വ്യതിചലിച്ചു. സർക്കാർ മുതൽമുടക്ക് സ്വകാര്യ സംരംഭകത്വത്തിനു തടസ്സമല്ല, മറിച്ചു സാമ്പത്തികമാന്ദ്യ കാലത്തു അതിന്റെ വളർച്ചയ്ക്ക് സഹായിക്കും എന്നതായിരുന്നു കെയ്ൻസിന്റെ നിലപാട്. ഇതു വിശദീകരിക്കാൻ കെയ്ൻസ് ആവിഷ്കരിച്ച സങ്കൽപനമാണ് ഗുണകാങ്കം. സർക്കാർ ഇറക്കുന്ന മൂലധനം വരുമാനം, ഉപഭോഗം, സ്വകാര്യ മൂലധന നിക്ഷേപം, ഉല്പാദനം എന്നിവയിൽ ഒന്നിനുപുറകെ ഒന്നായി തൊടുത്തുവിടുന്ന മാറ്റങ്ങളും ഈ ചലാങ്കങ്ങളുടെ ചുറ്റോടുചുറ്റു വികാസവും ദേശീയ വരുമാനത്തിൽ ഉളവാക്കുന്ന പെരുക്കമാണ് കെയ്ൻസിയൻ ഗുണകാങ്കം. നിശ്ചിത തുകക്കുള്ള സർക്കാർ നിക്ഷേപം ദേശീയ വരുമാനത്തെ എത്ര മടങ്ങ് പെരുപ്പിക്കുമെന്നത്  തിട്ടപ്പെടുത്തുന്നതിനു ഒട്ടേറെ സങ്കല്പങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാവാമെന്നതിൽ സമ്പദ് ശാസ്ത്രജ്ഞർക്കിടയിൽ അഭിപ്രായ ഐക്യമില്ല. ഇത് ഗുണകാങ്കഫല നിർണയത്തിലും പ്രതിഫലിക്കാറുണ്ട്.  അവികസിത നാടുകളിൽ  മൂലധനക്ഷാമം, പരിമിതമായ  വ്യവസായോല്പാദനശേഷി, അപര്യാപ്തമായ സാങ്കേതികവിദ്യ  തുടങ്ങിയ കാരണങ്ങളാൽ ഗുണകാങ്കഫല സിദ്ധാന്തം പ്രവർത്തനക്ഷമമാവില്ലെന്നു നിലപാടുള്ളവരുണ്ട്. വികസിതരാജ്യങ്ങളിലെ സർക്കാരിന്റെ അധികനിക്ഷേപം സ്വകാര്യനിക്ഷേപത്തെ ഉന്തിപുറത്താക്കുമെന്ന് അഭിപ്രായമുള്ള ദോഷൈകദൃക്കുകളും സമ്പദ് ശാസ്ത്രജ്ഞർക്കിടയിലുണ്ട്‌.  

ഡോ. കെ ടി റാംമോഹൻ

അതിരിക്കട്ടെ. ഗുണകാങ്കഫല സിദ്ധാന്തത്തിന്റെ സാധുത അംഗീകരിച്ചുകൊണ്ട്  നമുക്ക് സംഭാഷണം തുടരാം. ഗുണകാങ്കഫലം സാക്ഷാൽക്കരിക്കപ്പെടുന്നത്    എങ്ങനെയാണ്? ഉല്പന്നങ്ങൾക്ക് ആവശ്യക്കാരില്ലാത്തതു കാരണം  മൂലധനമിറക്കാൻ സംരംഭകർ മടിച്ചു നിൽക്കയാണെന്നു വിചാരിക്കുക. അതുകൊണ്ട് സർക്കാർ തന്നെ ഒരുപറ്റം വ്യവസായശാലകൾ തുടങ്ങുന്നുവെന്നും. അവയ്ക്കു പ്രവർത്തിക്കാൻ തൊഴിൽ ശക്തി,  അസംസ്കൃത വിഭവങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവ വേണം. അവ  സമാഹരിക്കപ്പെടുമ്പോൾ തൊഴിലവസരങ്ങൾ കൂടും, അസംസ്കൃത വിഭവങ്ങളുടെയും യന്ത്രസാമഗ്രികളുടെയും വിപണി സജീവമാകും, തൊഴിലാളികളുടെയും സംരംഭകരുടെയും വരുമാനം വർധിക്കും. വരുമാനത്തിന്റെ വലിയൊരു പങ്ക് ഉപഭോഗത്തിനായി ചെലവഴിക്കപ്പെടുന്നതോടെ  ഉപഭോക്‌തൃ വിപണി ഊർജസ്വലമാകും. അത് ഉപഭോഗഉല്പന്ന വ്യവസായങ്ങളുടെയും അവയുടെ യന്ത്രസാമഗ്രി നിർമാണ വ്യവസായങ്ങളുടെയും വളർച്ചയ്ക്ക് ആക്കം കൂട്ടും. അവയിൽ മുതൽമുടക്കാനായി സംരംഭകർ മുന്നോട്ടുവരും. ഈ വ്യവസായങ്ങൾക്കും തൊഴിൽശക്തിയും അസംസ്കൃത വിഭവങ്ങളും യന്ത്രസാമഗ്രികളും ആവശ്യമാണ്. വീണ്ടുമൊരു ചുറ്റ് വരുമാന വിതരണവും ഉപഭോഗവുമുണ്ടാകുന്നു. ഇങ്ങനെ അനേകം ചുറ്റുകളിലെ വരുമാന-ഉപഭോഗ- നിക്ഷേപ വർധനയിലൂടെയാണ് ഗുണകാങ്കഫലങ്ങൾ ആവിഷ്കരിക്കപ്പെടുന്നത്.  

സൈദ്ധാന്തികമായി നോക്കിയാൽ വ്യവസായങ്ങളിലെന്നതുപോലെ പശ്ചാത്തലസൗകര്യ പദ്ധതികളിലെ സർക്കാർ മൂലധന നിക്ഷേപത്തിനും ഗുണകാങ്കഫലത്തിലൂടെ  സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കഴിയും. ഗതാഗത സൗകര്യം ചരക്കുനീക്കവും തൊഴിൽശക്തിയുടെ ചലനക്ഷമതയും വർധിപ്പിക്കും.   അതേപോലെ  ഊർജോല്പാദനം വ്യവസായികോല്പാദനശേഷിയും വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ മുതൽമുടക്ക്  മാനുഷിക വിഭവശേഷിയും വർധിപ്പിക്കും; അവയുടെ പലനിര ഗുണഫലങ്ങളുണ്ടാകും. എന്നാൽ വ്യവസായങ്ങളിൽ നേരിട്ടുള്ള നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ പശ്ചാത്തല പദ്ധതികളുടെ ഗുണകാങ്കഫലം  പതുക്കെയേ വെളിവാകുകയുള്ളു.  പദ്ധതികൾ പൂർത്തിയാകാൻ ഏറെ സമയമെടുക്കും.  നിർവഹണത്തിൽ കാലവിളംബവും ഉണ്ടാകാം. ധൃതിപിടിച്ചു പദ്ധതികൾ നടപ്പാക്കുന്നതാകട്ടെ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും നിശിതമായ ഗുണപരിശോധനയിലൂടെയും ഈ വക പ്രശ്നങ്ങളെ വലിയൊരളവോളം നേരിടാൻ കഴിയും. കിഫ്‌ബി ഈ ദിശയിലുള്ള നടപടികളെടുത്തിട്ടുണ്ട്. അവ  എത്രത്തോളം ഫലവത്താകുമെന്നു പറയാറായിട്ടില്ല.  

പശ്ചാത്തലസൗകര്യപദ്ധതികളുടെ ഗുണകാങ്കഫലത്തിന്റെ സാമാന്യമായ ചിത്രമാണ് ഇവിടെ വരച്ചത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഇത്തരം പദ്ധതികളുടെ ഗുണകാങ്കഫലം തീർത്തും കുറവായിരിക്കും. വ്യവസായവൽക്കരണത്തിൽ കേരളം ഏറെ പിന്നോക്കമാണെന്നതാണ് കാരണം.  സംസ്ഥാന വരുമാനത്തിന്റെ പത്തിലൊന്നു പോലുമില്ല ആധുനിക വ്യവസായ മേഖലയുടെ പങ്ക്. കേരളത്തിന്റെ പ്രതിവർഷ ചരക്കുവ്യാപാരം ഏകദേശം 427,000 കോടി രൂപയുടേതാണ്. അതിൽ 208,000 കോടി രൂപയുടെ വ്യാപാരം പുറംസംസ്ഥാനങ്ങളുമായി. ഇതിന്റെ 70 ശതമാനത്തിലേറെ,  അതായത് 153,000 കോടി രൂപയുടേത്, പുറംസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ഇറക്കുമതിയാണ്. (ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിനാൻസ്& ടാക്സേഷൻ,  സപ്തംബർ 2020ലെ കണക്ക് പ്രകാരം.)   

പശ്ചാത്തലസൗകര്യ പദ്ധതി നിർമാണത്തിൽ ഏറെ പ്രധാനമായ  സിമന്റ്, ഉരുക്ക്,    ഇലക്ട്രിക്കൽ സാമഗ്രികൾ തുടങ്ങിയവയെല്ലാം കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങേണ്ടിവരും. സിമന്റിന്റെ കാര്യമെടുക്കാം. രണ്ടു വ്യവസായശാലകൾ മാത്രമാണ് കേരളത്തിലുള്ളത്.  ഗ്രേ സിമന്റ് ഉല്പാദിപ്പിക്കുന്ന മലബാർ സിമന്റ് കമ്പനിയും വൈറ്റ് സിമന്റ് ഉല്പാദപ്പിക്കുന്ന ട്രാവൻകൂർ സിമന്റ് കമ്പനിയും.  താരതമ്യേന തുച്ഛമായ  ഉല്പാദനമേ  രണ്ടിടത്തുമുള്ളു. വൻകിട സിമന്റ് ഉല്പാദകരായ അൾട്രാ ടെക്, എസിസി, അംബുജ, ഡാൽമിയ തുടങ്ങിയ കമ്പനികൾക്കോ  തെക്കേയിന്ത്യയിലെ പ്രധാന ഉല്പാദകരായ ചെട്ടിനാട്, രാംകോ എന്നീ കമ്പനികൾക്കോ കേരളത്തിൽ ഒരൊറ്റ വ്യവസായശാല പോലുമില്ല.   ഉരുക്കിന്റെ കാര്യവും സമാനമാണ്. അതിന്റെ പ്രധാന ഉല്പാദകരായ ടാറ്റാ സ്റ്റീൽ,  ജെഎസ് ഡബ്ലിയു സ്റ്റീൽ,  എസ്സാർ സ്റ്റീൽ തുടങ്ങിയ കമ്പനികൾക്ക് കേരളത്തിൽ വ്യവസായശാലകളില്ല. കിഫ്‌ബി  പദ്ധതികൾക്കാവശ്യമുള്ള സിമന്റും ഉരുക്കും മറ്റു വ്യവസായോല്പന്നങ്ങളും ഏറെക്കുറെ പൂർണമായും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങേണ്ടിവരും. അതിന്റെ ഗുണകാങ്കം സിദ്ധിക്കുന്നത് മറ്റു സംസ്ഥാനങ്ങൾക്കായിരിക്കും. പ്രധാനമായും കല്ല്, മണ്ണ്, മണൽ, അധ്വാനശക്തി തുടങ്ങിയവയാവും  കേരളത്തിൽ നിന്ന് സമാഹരിക്കാൻ കഴിയുക. എന്നാൽ ഉപഭോഗവസ്തുക്കളുടെ ഏറിയപങ്കും  മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നതിനാൽ ഗുണകാങ്കഫലങ്ങളുടെ ചോർച്ച അവിടെയും സംഭവിക്കും. 

അനേകായിരം കോടി രൂപയുടെ പദ്ധതികളാണ് കിഫ്‌ബി അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്; അനുദിനമെന്നോണം   പ്രഖ്യാപിക്കുന്നത്.  ഇവ മുഴുമിക്കാനായി എത്രകണ്ട് കല്ലും മണ്ണും മണലും മരവും വേണ്ടിവരും? പരിസ്ഥിതിലോലപ്രദേശമായ കേരളം അതിനു കൊടുക്കുന്ന വില എന്തായിരിക്കും? ചില വൻകിട പദ്ധതികൾക്ക് സാമ്പ്രദായിക നിർമാണരീതി അവലംബിക്കേണ്ടി വന്നേക്കാം. എന്നാൽ ഇടത്തരമോ ചെറുതോ ആയ പദ്ധതികൾക്കെങ്കിലും പ്രകൃതിസൗഹൃദപരമായ ബദൽ നിർമാണരീതി കൈക്കൊള്ളാൻ കഴിയില്ലേ? പ്രാദേശിക വിഭവങ്ങളും പുനരുപയോഗ വസ്തുക്കളും ഉപയോഗിക്കുക വഴി നിർമാണച്ചെലവ് കുറയ്ക്കാനും ഗുണകാങ്കഫലങ്ങൾ  കുറെയെങ്കിലും കേരളത്തിൽ നിലനിർത്താനും അതു സഹായിക്കുകയില്ലേ? ഈ ദിശയിലുള്ള  ഒരന്വേഷണവും കിഫ്‌ബി നടത്തിയതായി തെളിവില്ല. കെയ്ൻസിയൻ സിദ്ധാന്തമെന്ന വീൺവാക്ക് വെടിഞ്ഞ്‌ കിഫ്‌ബി അധികൃതർ യാഥാർഥ്യബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഏട്ടിലെ കെയ്ൻസ് നാട്ടിലെ പുല്ല് തിന്നുകയില്ല.   

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)

Leave a Reply