കേന്ദ്രത്തിന്റെ സമവായ നീക്കം പരാജയം;സമരം തുടരുമെന്നു സംഘടനകൾ

 

ന്യൂദൽഹി: ഒരാഴ്ചയിലേറെയായി നടക്കുന്ന കർഷക  സമരത്തിനു പരിഹാരം കാണാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ ശ്രമവും പരാജയപ്പെട്ടു. ഇന്നലെ രാത്രി 13  കർഷക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ തർക്കത്തിനു പരിഹാരമായി കേന്ദ്രം മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ രേഖാമൂലം നൽകുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇന്നു രാവിലെ വിവിധ സംഘടനകൾക്ക് ലഭ്യമാക്കിയ നിർദേശങ്ങൾ തങ്ങൾക്കു സ്വീകാര്യമല്ലെന്നു ഭാരതീയ കിസാൻ യൂണിയൻ (ബികെയു)  വക്താവ് രാകേഷ് തിക്കായിത്ത് അറിയിച്ചു.  ഇന്നു വൈകിട്ടു കേന്ദ്ര സർക്കാരുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചയും റദ്ദാക്കിയതായി നേതാക്കൾ അറിയിച്ചു.  ഇതോടെ വരും ദിവസങ്ങളിൽ കേന്ദ്രവും കർഷകസമൂഹവും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുമെന്നു വ്യക്തമായി.  

കർഷകരുടെ ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതുൾപ്പെടെ അഞ്ചു  പരിഹാര നിർദേശങ്ങളാണ് ആഭ്യന്തരമന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഉണ്ടായിരുന്നത്. അതു ചർച്ച ചെയ്ത കർഷക നേതാക്കൾ വിവാദപരമായ മൂന്നു കേന്ദ്ര നിയമങ്ങളും  പിൻവലിക്കുക മാത്രമാണ് പ്രശ്നത്തിനു പരിഹാരം എന്ന നിലപാടാണ് എടുത്തത്. സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ  കർഷകരുടെ താൽപര്യങ്ങൾക്കു എതിരാണ്. അതിനാൽ അവ പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. അതുവരെ സമരം തുടരും .പ്രശ്നപരിഹാരത്തിനു കേന്ദ്രസർക്കാരിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഒരു കർഷക പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിക്കുമെന്നും അവർ അറിയിച്ചു.  

Leave a Reply