തലങ്ങുംവിലങ്ങും ആരോപണങ്ങൾ സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നു

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ബാക്കിനിൽക്കെ കേരള രാഷ്ട്രീയം തലങ്ങും വിലങ്ങുമുള്ള ആരോപണ -പ്രത്യാരോപണങ്ങൾ കൊണ്ടു മുഖരിതമായി.

തെക്കൻ ജില്ലകളിൽ ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കുന്ന അവസരത്തിലാണ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം അവസരം കണ്ടെത്തിയത്‌. കേസിലെ മുഖ്യപ്രതികളായ  സ്വപ്ന സുരേഷും പി എസ് സരിത്തും കോടതിയിൽ നൽകിയ രാഹസ്യമൊഴിയിലെ വിവരങ്ങൾ എന്ന് അവകാശപ്പെട്ടു കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.  ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതൻ വിദേശത്തേക്കു ഡോളർ കടത്തുന്നതിന് സഹായം നൽകി എന്നാണ് ചെന്നിത്തല പറഞ്ഞത്.  സുരേന്ദ്രനാകട്ടെ ,സ്‌പീക്കർ ശിവരാമകൃഷ്ണൻ കള്ളക്കടത്തിനു കൂട്ടുനിന്നു എന്നു പരസ്യമായി ആരോപണമുന്നയിച്ചു കഴിഞ്ഞു.

ജയിലിൽ പോലീസ് ,ജയിൽ ഉദ്യോഗസ്ഥരെന്നു തോന്നിക്കുന്ന നാലുപേർ  വന്നു തന്നെ ഭീഷണിപ്പെടുത്തിയതായി  സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്തു വന്നിട്ടുണ്ട്. അട്ടക്കുളങ്ങര ജയിലിൽ പല തവണ ഭീഷണിയുണ്ടായി.നവംബർ 25നാണ് ഏറ്റവും അവസാനമായി ഭീഷണിയുണ്ടായത് എന്നു കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നതായാണ് വിവരം.

 അതേസമയം, വെള്ളിയാഴ്ച കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് മുന്നിൽ  ഹാജരാവേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി വീണ്ടും ആശുപത്രിയെ അഭയം തേടി .നേരത്തെ രണ്ടു തവണ ഇ ഡിയുടെ സമൻസ് വന്നപ്പോഴും കോവിഡ് ബാധയുടെ പേരിൽ ആശുപത്രിയിലെത്തിയ രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നു ഒഴിഞ്ഞു മാറുകയായിരുന്നു.രണ്ടാം തവണ അദ്ദേഹം ഇങ്ങനെ ഒഴിഞ്ഞുമാറിയപ്പോൾ പാർട്ടി തന്നെ ഇടപെട്ടു  ഹാജരാകാൻ നിർദേശിച്ചു എന്നാണ് വിവരം.  ഒഴിഞ്ഞുമാറൽ കൂടുതൽ ദോഷം വരുത്തിവെക്കും എന്ന വിലയിരുത്തലാണ് പാർട്ടി നടത്തിയത്.എന്നാൽ മൂന്നാമതും അതേ ഒഴിഞ്ഞുമാറൽ തന്ത്രം തന്നെ  പയറ്റുകയാണ് രവീന്ദ്രൻ.രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് കഴിയുംവരെ ചോദ്യം ചെയ്യൽ ഒഴിവാക്കണം എന്ന നിലപാട് പാർട്ടി സ്വീകരിച്ചു എന്നാണ് അതു ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ,പ്രതിപക്ഷ ആരോപണങ്ങളോടു പൊതുവിൽ ദുർബലമായ പ്രതിരോധമാണ് ഇന്നലെ സിപിഎം നേതൃത്വത്തിൽ നിന്നും ഉണ്ടായത്. സ്പീക്കർക്കെതിരായ ആരോപണത്തിനു തെളിവെന്ത് എന്നാണ് സിപിഎം  സെക്രട്ടറിയായി ചുമതലയേറ്റ എ വിജയരാഘവൻ മാധ്യമങ്ങളോടു ചോദിച്ചത്.   കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും കൂടുതൽ തെളിവുകൾ പുറത്തു വരികയായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുടെ പങ്കാളിത്തം സംബന്ധിച്ച തെളിവുകൾ അങ്ങനെ ഘട്ടം ഘട്ടമായാണ് വെളിവായത്.ഇപ്പോൾ സ്പീക്കറുടെ പേരും  വന്നതോടെ ഇനിയും പ്രധാനപ്പെട്ട പലരുടെയും പേരുകൾ വെളിയിൽ വരും എന്ന ഭീതിയും നിലനിൽക്കുന്നു. സ്‌പീക്കർ  സ്വപ്നയുമായുള്ള ബന്ധത്തെ സംബന്ധിച്ചു നേരത്തെ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ല എന്നു ജനശക്തിയടക്കം മാധ്യമങ്ങൾ അന്നേ ചുണ്ടിക്കാട്ടിയതാണ്.  യുഎഇ കോണ്സുലേറ്റിലെ നയതന്ത്രജ്ഞ എന്ന നിലയിലാണ് അവരുമായുള്ള ബന്ധം എന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്.എന്നാൽ സ്വപ്ന നയതന്ത്ര  വിഭാഗത്തിൽ പ്രവർത്തിക്കുന്ന ആളല്ലെന്നും അതിനാൽ അത്തരം ന്യായീകരണങ്ങൾ അവാസ്തവമാണെന്നും ചുണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോൾ സ്പീക്കറുടെ അത്തരം ആളുകളുമായുള്ള ബന്ധങ്ങളും അദ്ദേഹത്തിന്റെ നിരവധി വിദേശ  യാത്രകളും അന്വേഷണ പരിധിയിൽ വരികയാണ്. യാത്രകളിൽ പലതും സ്വകാര്യമാണെന്നും അതിനു സർക്കാർ അനുമതി ഉണ്ടായിരുന്നല്ലെന്നും ആരോപണമുണ്ട്. 

Leave a Reply