കർഷക ബന്ദിനിടയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു;

 

ന്യൂദൽഹി : കേന്ദ്രസർക്കാരിന്റെ   കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തലസ്ഥാന നഗരിയെ ഉപരോധിക്കുന്ന കർഷകരെ അനുകൂലിച്ചു രാജ്യം ബന്ദ് ആചരിക്കുന്നതിനിടയിൽ വിവിധ പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ അറിയിച്ചു.

ഡൽഹിയിൽ  സമരരംഗത്തുള്ള കർഷകരെ സന്ദർശിക്കാനിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പോലീസ്  തടഞ്ഞതായും അദ്ദേഹത്തെ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിച്ചു. സമരക്കാർക്കു പിന്തുണയുമായി എത്തിയ രാജ്യസഭയിലെ സിപിഎം അംഗം കെ കെ  രാഗേഷ്, സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി, അഖിലേന്ത്യാ കിസാൻസഭാ നേതാവ് കൃഷ്ണപ്രസാദ്‌ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തതായി വിവിധ മാധ്യമങ്ങൾ അറിയിച്ചു.

നാളെ കർഷകരുടെ സംഘടനാ പ്രതിനിധികളും കേന്ദ്രസർക്കാരും തമ്മിൽ വീണ്ടും ചർച്ച നടക്കുന്നുണ്ട്. കാർഷിക മേഖലയിൽ   വിപുലമായ മാറ്റങ്ങൾ കൊണ്ടുവരുന്ന മൂന്നു കേന്ദ്ര നിയമങ്ങൾ പിൻവലിക്കണം എന്നാണ്  കർഷകർ ആവശ്യപ്പെടുന്നത്. വിഷയത്തിൽ മൂന്നു തവണ  ചർച്ചകൾ നടന്നെങ്കിലും ഇതുവരെ സമവായം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ നിയമങ്ങൾ പൂർണമായും പിൻവലിക്കും വരെ സമരത്തിൽ നിന്നു പിന്മാറില്ല എന്നാണ് കർഷകർ പ്രഖ്യാപിച്ചിട്ടുള്ളത്.  

Leave a Reply