കിഫ്‌ബി: ചോദ്യോത്തരങ്ങൾ (6)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

കിഫ്ബിയുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന എല്ലാ വിമർശനങ്ങൾക്കും ധനമന്ത്രി നിയമസഭയിലും പത്രസമ്മേളനങ്ങളിലും മറ്റു വേദികളിലും വിശദീകരണം നൽകിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ഇത്തരമൊരു ചോദ്യോത്തരപംക്തിയ്ക്കു  എന്തു പ്രസക്തിയാണ് ഇന്നുള്ളത്? 

കിഫ്ബിയുടെ പ്രവർത്തനം കേരള സമ്പദ് വ്യവസ്ഥയിൽ ഗൗരവതരവും ദൂരവ്യാപകവുമായ ഫലങ്ങൾ ഉളവാക്കാൻ പോന്നതാണ്. സർക്കാരിന്റെ പ്രധാനപ്പെട്ട ചില വരുമാന സ്രോതസ്സുകൾ പൂർണമായോ  ഭാഗികമായോ കിഫ്ബിക്കായി മാറ്റിവെച്ചതും വിദേശകടത്തിനായി സർക്കാർ നിരുപാധികവും റദ്ദാക്കാനാവാത്തതുമായ ഈട് നൽകിയതും ഭീമമായ കടവും ഉയർന്ന പലിശയും ഏറ്റെടുത്തുകൊണ്ട് പുറംനാട്ടിലേക്കു വലിയ തോതിലുള്ള സമ്പദ് ചോർച്ചയ്ക്ക് വഴിവെച്ചതും ആയ വിഷയങ്ങൾ വിശദവും കാര്യവിവരത്തോടെയുള്ളതുമായ ചർച്ച ആവശ്യമാക്കുന്നു. ധനമന്ത്രിയുടെ വിശദീകരണം അപൂർണ്ണമാണ്‌, വൈരുധ്യങ്ങൾ നിറഞ്ഞതാണ്, ചിലപ്പോഴെങ്കിലും തെറ്റുധാരണാജനകവുമാണ്. ഇക്കാര്യത്തിൽ നിയമസഭയിൽ നടന്ന  ചർച്ചയും ഫലവത്തായിരുന്നു എന്നു കരുതാനാവില്ല. പ്രതിപക്ഷാംഗങ്ങൾ  ഉയർത്തിയ ചോദ്യങ്ങൾക്ക്‌ ധനമന്ത്രി നൽകിയ മറുപടി പലപ്പോഴും ഭാഗികമായിരുന്നു,  മറ്റു ചിലപ്പോൾ ചോദ്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു. പ്രതിപക്ഷാംഗങ്ങളാകട്ടെ  സമഗ്രവും സൂക്ഷ്മവുമായ വിശദീകരണത്തിനായി നിർബന്ധം കാണിച്ചതുമില്ല. 

‘അരിയെത്ര, പയറഞ്ഞാഴി‘ എന്ന മട്ടിലായിരുന്നു നിയമസഭയിലെ കിഫ്‌ബി ചർച്ച. ഒരുദാഹരണം  നൽകാം:  

പ്രതിപക്ഷത്തിന്റെ ചോദ്യം – 

“മസാലബോണ്ടിന് സംസ്ഥാനസർക്കാർ നൽകേണ്ട പലിശ 9.723 ശതമാനം എന്നു നിശ്ചയിച്ചത് ആരാണ്; അങ്ങനെ നിശ്ചയിക്കുന്നതിന് കിഫ്‌ബി സർക്കാരിന്റെ അനുമതി നേടിയിട്ടുണ്ടോ; വെളിപ്പെടുത്താമോ?”    

ധനമന്ത്രിയുടെ മറുപടി –

ധനമന്ത്രി ഡോ തോമസ്‌ ഐസക്

“കിഫ്‌ബി പുറപ്പെടുവിച്ചിരിക്കുന്ന മസാലബോണ്ടിൻറെ കൂപ്പൺ റേറ്റ് ആയ 9.723 ശതമാനം നിരക്കിൽ തിരിച്ചടവ് നടത്തേണ്ടത് കിഫ്ബിയാണ്. ഇതിന്റെ തിരിച്ചടവിനുള്ള ഗ്യാരണ്ടി മാത്രമാണ് സംസ്ഥാനസർക്കാർ നൽകുന്നത്. കേരള   നിയമസഭ ഐകകണ്ഠേന അംഗീകരിച്ച കിഫ് ആക്ട് 2016ലെ വകുപ്പുകൾ പ്രകാരം കിഫ് ബോർഡിനു സർക്കാരിന്റെ മുൻ‌കൂർ അംഗീകാരത്തോടെ സെബി, ആർബിഐ എന്നീ ഏജൻസികൾ അംഗീകരിച്ച ഏതൊരു ധനസമാഹരണ ഉപാധിയിലൂടെയും നിക്ഷേപങ്ങൾ സ്വീകരിക്കാം.  ഇപ്രകാരം സർക്കാരിന്റെയും കിഫ് ബോർഡിന്റെയും റിസർവ് ബാങ്കിന്റെയും മുൻകൂർ അംഗീകാരത്തോടെ തന്നെയാണ് കിഫ്‌ബി മസാലബോണ്ട് വഴിയുള്ള ധനസമാഹരണം നടത്തിയത്. ഗ്യാരണ്ടി  സംബന്ധിച്ച നിയമോപദേശം നിയമവകുപ്പിൽ നിന്നും ലഭിച്ചിരുന്നു.”  

(പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം, നക്ഷത്രമിടാത്ത ചോദ്യം നം. 441, 29.05.2019.) 

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)

Leave a Reply