ഗള്‍ഫ് ഇപ്പോഴും കൊവിഡിന്റെ കരിനിഴലില്‍ തന്നെ
ജയ
കഴിഞ്ഞ വർഷം ഈ സമയത്തു ഗൾഫ് നാടുകള്‍ കോവിഡ് 19 രോഗവ്യാപനത്തെക്കുറിച്ചു ഏറെ ആശങ്കയിൽ ആയിരുന്നു പ്രത്യേകിച്ചും കേരളത്തിലെ, പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് ഓരോ ദിവസവും അതൊരു പേക്കിനാവ് ആയിരുന്നു. ഗൾഫിൽ നിന്ന് ആകസ്മികമായി എത്തിക്കൊണ്ടിരുന്ന ആ മരണവാർത്തകളുടെ നടുക്കം ഇനിയും പലകുടുംബങ്ങളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ആ കരിനിഴല്‍ ഇനിയും മാഞ്ഞുപോയിട്ടില്ല എന്നാണ് യു എ യില്‍ ഇന്നലെയും ഉണ്ടായ മരണം വിരല്‍ചൂണ്ടുന്നത് . ഗൾഫ് മലയാളികളുടെ ജീവിതത്തിൽ സമാനതകളില്ലാത്ത അനുഭവമായിരുന്നു ഈ മഹാമാരി. ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ കഴിയാത്ത അവസ്ഥ, എന്നത് മാത്രമല്ല ആ മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിക്കാൻ പോലും കഴിയാതെ അന്യനാടുകളിൽ മറവ് ചെയ്യേണ്ടിവന്നതിന്റെ വേദനയും ആര്‍ക്കും താങ്ങാന്‍ ആവുന്നതായിരുന്നില്ല.. അതെല്ലാം ഓർക്കുമ്പോൾ ഇന്നും മനസ്സ് പിടയുന്നു.
എന്നാൽ ഇപ്പോൾ ഗൾഫ് നാടുകളിലെ മലയാളികളും മറ്റെവിടെയുമെന്ന പോലെ കോവിഡിനൊപ്പം ജീവിതം നയിക്കാൻ പഠിച്ചു കഴിഞ്ഞു. അവർക്ക് കോവിഡിനെ ഭയന്ന് തൊഴിലും ജീവിതമാർഗവും ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങാൻ ആവില്ലല്ലോ. ഇപ്പോൾ ഗൾഫിലെ ഓരോ മലയാളി കുടുംബവും പുതിയ സാഹചര്യത്തിനനുസരിച്ചു ജീവിക്കാനുള്ള പരീക്ഷണത്തിലാണ്. ഈ പ്രതിസന്ധിയും അതിജീവിക്കും എന്ന ആത്മവിശ്വാസമാണ് അവരെ നയിക്കുന്നത്.
ഇപ്പോഴും ഗൾഫ് നാടുകൾ കോവിഡ് രോഗവിമുക്തമല്ല.ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അതിന്റെ വ്യാപനം തുടരുന്നുണ്ട് . യു എ ഇ യിൽ ഇതുവരെ കണ്ടെത്തിയത് 174062 കൊവിഡ്കേസുകളാണ്. രോഗവിമുക്തി നേടിതയതാകട്ടെ ഇതുവരെ ഒന്നരലക്ഷത്തിലേറെ പേരാണ്. ഇന്നലത്തെ ഒരു മരണം അടക്കം ആകെ 586 ജീവൻ അപഹരിച്ചു. പുതുതായി 1311 കേസുകൾ ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. ഗൗരവമായ രോഗബാധ ഉള്ളവരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കാറുള്ളു. ചികിത്സ സൗജന്യം തന്നെ. മുഖാവരണം ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സാനിട്ടൈസർ ഉപയോഗം കർക്കശമായി പിന്തുടരുകയും ചെയ്യുന്നത് കൊണ്ടാണ് ഒരു പരിധിവരെ രോഗം നിയന്ത്രണ വിധേയം ആകുന്നത് . വാക്സിൻ വിതരണത്തെ കുറിച്ച് ലോകമെമ്പാടും ചർച്ച നടക്കുന്നുണ്ടെങ്കിലും ഗൾഫ് നാടുകളിൽ ഗൗരവതരമായ ഘട്ടത്തിലേക്ക് അത് കടന്നിട്ടില്ല. ട്രയൽ മാത്രമാണ് ഇതുവരെ നടന്നത്. ദുബായ് യിൽ ആദ്യം എത്തിയത് ചൈന – വുഹാൻ വാക്സിൻ ആയിരുന്നു. അതിന്റെ പ്രചാരണ ലഘുലേഖകൾ പോലും ചൈനീസ് ഭാഷയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.അതിന്റെ പൂർണ്ണമായ ക്ലിനിക്കൽ പഠനം നടന്ന ശേഷം ആയിരുന്നില്ല ട്രയൽ നടത്തിയത്. ട്രയലിന് വിധേയമായവർ അതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് പറയാൻ പാടില്ല എന്നതാണ് ഇവിടുത്തെ പ്രത്യേക നിബന്ധന. ആരോഗ്യപ്രവർത്തകർ ., പോലീസ്, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ എല്ലാം നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം എന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. പക്ഷേ, ആരോഗ്യ വകുപ്പിൽ 5% ആൾക്കാർ മാത്രമെ ഇത് സ്വീകരിച്ചിട്ടുള്ളു എന്നാണറിയുന്നത് .ട്രയൽ ആയതുകൊണ്ട് അതിന്റെ യഥാർത്ഥ ഫലം എത്രമാത്രം ഉണ്ടെന്നുള്ളതും അറിയില്ല. ഉത്തരമേഖല എമിറേറ്റ്സിന്റെ വാക്സിനേഷൻ ട്രയൽ കഴിഞ്ഞ ഓഗസ്റ്റ് – ഒക്ടോബർ മാസങ്ങളിൽ ഷാർജയിലെ ക്ലിനിക്കിൽ ആയിരുന്നു. കുറച്ചു പേർ ഇത് സ്വീകരിച്ചിട്ടുണ്ട് എങ്കിലും ക്ലിനിക്കൽ പഠനം പൂർത്തിയാകാത്തിടത്തോളം ഇത് ഫലപ്രദം ആണോ അല്ലയോ എന്ന് പറയാൻ കഴിയില്ല.റഷ്യയുടെ ഒരു വാക്സിൻ അബുദാബിയിൽ എത്തിയിട്ടുണ്ട് .അതും ക്ലിനിക്കൽ ട്രയൽ ആണ്.
കൂടാതെ ചൈനയിൽ നിന്നും മറ്റൊരു വാക്സിൻ ആരോഗ്യമന്ത്രാലയത്തിൽ എത്തിയിട്ടുണ്ട്. അതിന് കുറച്ചു കൂടി വിശ്വാസ്യത ഉണ്ടെന്ന് പറയപ്പെടുന്നു.. കാരണം അതിന്റെ സ്റ്റോറേജ് കണ്ടീഷൻ 14°C ആണ്. (മറ്റു മുകളിൽ പറഞ്ഞ വാക്സിനുകൾ 2° മുതൽ 8°C ലും ) ഏതായാലും ഇവിടുത്തെ ആരോഗ്യമന്ത്രാലയത്തിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഏറ്റവും ശ്രദ്ധിക്കേണ്ടുന്ന കാര്യം ഇക്കൂട്ടത്തിലെ ; ഒരു വാക്സിനും ഇതു വരെയും ലോകാരോഗ്യ സംഘടനയുടെയോ രോഗപ്രതിരോധ കേന്ദ്ര സ്ഥാപനത്തിന്റെയോ (CDC) യോ അംഗീകാരം കിട്ടിയിട്ടില്ല എന്നതാണ്. ഗൾഫ് മലയാളികളും ഈ മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ശേഷി നേടുമെന്ന പ്രത്യാശയിൽ കഴിയുകയാണ്.

സാധാരണ, മാനവികതയുടെ ഊഷ്മളമായ ചിന്തകൾ ഉണർത്തി ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തിൽ മലയാളി സമൂഹത്തിന് ധീരമായി മുന്നോട്ട് പോകാൻ പ്രചോദനം ആയിരുന്നത് നമ്മുടെ കഥകളും നോവലുകളും കവിതകളും യാത്രാവിവരണങ്ങളും ആണ്. എന്തുകൊണ്ടോ നമ്മുടെ സാഹിത്യകാരന്മാരുടെ തൂലികകളിൽ മഷി വറ്റിയിരിക്കുന്നു. മനസിനെ തൊട്ടുണർത്താൻ പോന്ന ഒരു സൃഷ്ടിയും ഒരു കലാകാരനിൽ നിന്നും കാണുന്നില്ല. മരുഭൂമിയെക്കുറിച്ചുള്ള ചിത്രം തന്നെയാണ് കോവിഡ് അനന്തര കാലത്തെ സാഹിത്യകാരന്റെ മനസ്സും. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എത്രയെത്ര യുദ്ധ കഥകൾ ആണ് നാം കാണാറുള്ളത്.എന്നാൽ ഈ മഹാമാരിയിൽ നിന്ന് അകലം പാലിക്കുകയാണ് നമ്മുടെ സർഗാത്മക പ്രതിഭകള്‍.