വാഗ്ഭടാനന്ദനിൽ നിന്ന് സി എം രവീന്ദ്രനിലേക്ക്: ഊരാളുങ്കൽ സംഘം നടന്നുതീർത്ത വഴികൾ

 കോഴിക്കോട്:  വാഗ്ഭടാനന്ദ സ്വാമികൾ മലബാറിലെ അയിത്ത  ജാതിക്കാരായിരുന്ന തിയ്യർക്കും മറ്റു പിന്നാക്ക സമുദായക്കാർക്കും ഒരിക്കലും മറക്കാനാകാത്ത ഒരു മഹാത്മാവാണ്. അദ്ദേഹമാണ് ഊരാളുങ്കലിലെ പ്രശസ്തമായ തൊഴിലാളി സഹകരണസംഘം സ്ഥാപിച്ചത്.  കേരളത്തിന്റെ സാമൂഹിക വിമോചന സമരങ്ങളുടെ  ചരിത്രത്തിൽ തെക്കൻ പ്രദേശങ്ങളിൽ നിന്നുവന്ന നാരായണ ഗുരുവും അയ്യങ്കാളിയുമടക്കമുള്ള മഹാരഥന്മാരുടെ പേരുകളാണ് ആദ്യം ഓർമയിൽ വരികയെങ്കിലും വടക്കു ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാർ പ്രദേശത്തു അത്തരം ആശയങ്ങൾ ശക്തമായി പ്രചരിപ്പിക്കുകയും അതിനായി കീഴാള ജനതയെ സംഘടിപ്പിക്കുകയും ചെയ്ത വാഗ്ഭടാനന്ദൻ ഒരുപക്ഷേ സ്വന്തം പിന്മുറക്കാർ താൻ വളർത്തി എടുത്ത പ്രസ്ഥാനത്തെ എങ്ങനെയാണു സ്വാർത്ഥ താൽപര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നത് എന്നാലോചിച്ചു ഏതോ അജ്ഞാത ലോകങ്ങളിലിരുന്ന് ഇന്ന് കണ്ണീർ വാർക്കുന്നുണ്ടാകും.

തലശ്ശേരിയിൽ 1885ൽ ജനിച്ച കുഞ്ഞിക്കണ്ണനാണ് പിന്നീട് വി കെ ഗുരുക്കൾ എന്നപേരിൽ നാട്ടിലെങ്ങും അറിയപ്പെടാൻ തുടങ്ങിയത്.  ബ്രഹ്മാനന്ദ ശിവയോഗി  അദ്ദേഹത്തിനു ദീക്ഷ നൽകി വാഗ്ഭടാനന്ദൻ എന്നു നാമകരണം ചെയ്തു. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയത്താണ് അദ്ദേഹം മലബാറിൽ തന്റെ സാമൂഹിക പരിഷ്കരണ ശ്രമങ്ങൾ ശക്തിപ്പെടുത്തിയത്. അക്കാലത്തു അദ്ദേഹം ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചു മലബാറിൽ ശ്രീനാരായണ പ്രവർത്തങ്ങൾക്ക് പ്രവർത്തകരെ അയക്കേണ്ട വിഷയം ചർച്ച ചെയ്തിരുന്നു. ഗുരുവുമായി വലിയ അടുപ്പം പുലർത്തിയ വാഗ്ഭടാനന്ദൻ  പക്ഷേ  ആത്മവിദ്യാ സംഘത്തിലൂടെ തന്റെ അനുയായികൾക്ക് വ്യതിരിക്തമായ ഒരു   സാമൂഹിക വിമോചന സന്ദേശമാണ് നൽകിയത്.  തൊഴിലാളികളുടെ അവകാശ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം സവിശേഷമായ പ്രോത്സാഹനം നൽകുകയുണ്ടായി. 

വാഗ്ഭടാനന്ദ സ്വാമികൾ

വടകരയിലും   തലശേരിയിലുമൊക്കെയുള്ള അദ്ദേഹത്തിന്റെ ശിഷ്യരിൽ അയിത്ത ജാതിക്കാരായിരുന്നു അധികവും. അവർ സംഘടിതരായപ്പോൾ മേൽജാതിക്കാരും സംഘടിച്ചു. ധിക്കാരികളായ ഇക്കൂട്ടർക്ക് തങ്ങളുടെ പറമ്പിലും വയലുകളിലും പണിയില്ല എന്നു ഈ പ്രദേശങ്ങളിലെ മാടമ്പിമാർ നിശ്ചയിച്ചു. പണിയില്ലാതെ അവർ എങ്ങനെ കഴിഞ്ഞുകൂടും എന്നാണ് ജാതിപ്രമാണിമാർ ചോദിച്ചത്. 

അതിനു വാഗ്ഭടാനന്ദൻ  കണ്ടെത്തിയ മറുപടിയാണ് ഇന്നു പ്രശസ്തമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ആയി പടർന്നു പന്തലിച്ചു കേരളമെങ്ങും പുകൾപെറ്റ സ്ഥാപനമായി മാറിയത്. തൊഴിലാളികൾക്കു പണിയും കൂലിയും  ഉറപ്പാക്കാനാണ് അദ്ദേഹം 1925ൽ വടകരയടങ്ങുന്ന ഊരാളുങ്കൽ പ്രദേശത്തു അതിനു തുടക്കമിട്ടത്. പിന്നീട് ഈ സ്ഥാപനം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അഭിമാനഭാജനമായി നിലനിന്നു . 

കേരളത്തിൽ ഇ കെ നയനാരുടെയും പിന്നീട് വി എസ്   അച്യുതാനന്ദനെയും ഭരണകാലത്തു ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കു സർക്കാർ പിന്തുണയും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. പക്ഷേ  അന്നൊന്നും ഇന്നുണ്ടായ പോലെ സ്ഥാപനത്തെയും അതിന്റെ ആത്മീയ നേതാവിനെയും അപമാന ഭാരത്തിൽ മുങ്ങിത്താഴുന്ന വിധം സ്ഥാപിത താല്പര്യങ്ങൾ അതിനെ വരിഞ്ഞു മുറുക്കിയിരുന്നില്ല. കഴിഞ്ഞ നാലര വർഷത്തിനിടയിലാണ് ഭരണത്തിലെ ചില സ്ഥാപിത താൽപര്യക്കാരുടെ കേളികേന്ദ്രമാണ് ഊരാളുങ്കൽ എന്ന ആരോപണം ഉയരാൻ തുടങ്ങിയത്.  മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹവുമായി ബന്ധമുള്ള ചിലരും അതിൽ ഉൾപ്പെട്ടതായി ആരോപണങ്ങൾ ഉയരാൻ തുടങ്ങിയിട്ടു നാളുകളേറെയായി.

ഇപ്പോൾ ചില മുഖങ്ങൾ ഈ മൂടുപടങ്ങൾ നീക്കി വെളിച്ചത്തേക്ക് വരാൻ തുടങ്ങിയിരിക്കുന്നു. സൊസൈറ്റിക്ക് മണ്ണുമാന്തി യന്ത്രം നൽകി കമ്മീഷൻ വാങ്ങുന്ന ഓഫീസ് സ്ഥാനപതിയുടെ ഭാര്യയുടെ കാര്യം ഇതിനകം വെളിയിൽ വന്നു.  അടുത്ത ദിവസം മുഖ്യമന്തിയുടെ അഡിഷണൽ പ്രൈവറ്റ്  സെക്രട്ടറി സി എം  രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അധികൃതരുടെ ചോദ്യം ചെയ്യലിനു വിധേയനാകുന്നതോടെ വാഗ്ഭടാനന്ദൻ ഉണ്ടാക്കിയ പ്രശസ്തിയുടെ ധാവള്യത്തിൽ നിന്നു അഴിമതിക്കാരുടെ ഓഹരിവെപ്പു കേന്ദ്രം എന്ന നിലയിലേക്കു ഈ സംഘം എത്തിച്ചേരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.  

Leave a Reply