കിഫ്ബി ചോദ്യോത്തരങ്ങൾ(5)
കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട് പദ്ധതി സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ് ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.
റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ പ്രകാരം കൂട്ടുടമക്കമ്പനി നിയമമോ പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമങ്ങളോ അനുസരിച്ചു നിലവിൽ വന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കു മാത്രമേ മസാലബോണ്ട് ഇറക്കാൻ അർഹതയുള്ളൂ. അങ്ങനെയെങ്കിൽ എന്തടിസ്ഥാനത്തിലാണ് കിഫ്‌ബി മസാല ബോണ്ട് ഇറക്കിയത്? അതു സ്ഥാപിക്കപ്പെട്ടത് കേരള നിയമസഭ പാസാക്കിയ നിയമപ്രകാരമാണല്ലോ. അത്തരമൊരു സ്ഥാപനം മസാലബോണ്ട് ഇറക്കിയത് റിസർവ് ബാങ്ക് വ്യവസ്ഥകൾക്ക് എതിരല്ലേ?
റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്‌ബി മസാലബോണ്ട് ഇറക്കിയതെന്നു കേരളസർക്കാർ പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരവും പൊതുസമൂഹത്തിൽ ലഭ്യമാക്കിയിട്ടില്ല. അനുമതിയെ സംബന്ധിക്കുന്ന ഒരു രേഖ മാത്രമേ നിയമസഭയിൽ പോലും സർക്കാർ ഹാജരാക്കിയിട്ടുള്ളു. അതാകട്ടെ കിഫ്‌ബി ബോണ്ടിന്റെ കാര്യസ്ഥരും വിതരണക്കാരുമായ ആക്സിസ് ബാങ്കിനു റിസർവ് ബാങ്ക് അയച്ച കത്താണ്. ബോണ്ട് ഇറക്കാൻ കിഫ്ബിക്കുള്ള അർഹതയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിൽനിന്ന് അറിയുക പ്രയാസം. 2018 ജൂൺ ഒന്നിന് അയച്ച ആ കത്ത് താഴെ കൊടുക്കുന്നു :

“ഇന്ത്യൻ രൂപ കടപ്പത്രപദ്ധതിയിൽ 2672.80 കോടി രൂപ (ഏകദേശം 40 കോടി അമേരിക്കൻ ഡോളർ) വിലവരുന്ന കടപ്പത്രം കിഫ്‌ബി ഇറക്കുന്നതിനോട് 1999ലെ വിദേശ നാണയവിനിമയ നിർവഹണ നിയമപ്രകാരം ഞങ്ങൾക്ക് എതിർപ്പില്ല. വായ്പ രേഖപ്പെടുത്താനായി യഥാവിധി പൂരിപ്പിച്ച ഫോറം 83 ഞങ്ങൾക്കു സമർപ്പിക്കുക. വിദേശ നാണയവിനിമയ നിർവഹണ നിയമത്തിലെ വകുപ്പുകൾ അനുശാസിക്കുന്ന വിദേശനാണയ വിനിമയത്തിന്റെ കാഴ്ചപ്പാടിൽ നിന്നാണ് ഈ കത്ത് നൽകുന്നത്. സർക്കാരിന്റെയോ ചട്ടപ്രകാരമുള്ള മറ്റേതെങ്കിലും അധികാര സ്ഥാപനത്തിന്റെയോ മറ്റേതെങ്കിലും നിയമങ്ങളോ വ്യവസ്ഥകളോ പ്രകാരമുള്ള അംഗീകാരമായി ഇതിനെ വ്യാഖ്യാനിക്കാൻ പാടില്ല. ഈ അംഗീകാര പ്രകാരമുള്ള ഒന്നുംതന്നെ വായ്പയെടുക്കുന്നതിന്റെയോ സാമ്പത്തികമോ അല്ലാതെയോ ഉള്ള മറ്റു വശങ്ങളുടെയോ അംഗീകാരമായി വ്യാഖ്യാനിച്ചുകൂടാ. ഇവിടെ പരാമർശിക്കുന്ന ഇടപാട് നടത്തുന്നതിനു മുമ്പായി, പ്രസക്തമായ നിയമങ്ങളോ വ്യവസ്ഥകളോ പ്രകാരം സർക്കാരിന്റെയോ ചട്ടപ്രകാരമുള്ള മറ്റേതെങ്കിലും അധികാര സ്ഥാപനത്തിന്റെയോ അംഗീകാരമോ അനുമതിയോ ആവശ്യമുള്ള പക്ഷം പ്രസ്തുത കാര്യസ്ഥകേന്ദ്രത്തിന്റെ അനുമതി നേടിയിരിക്കണം. കൂടാതെ, ഏതെങ്കിലും നിയമങ്ങളുടെയോ വ്യവസ്ഥകളുടെയോ വകുപ്പുകളുമായി ബന്ധമുണ്ടായേക്കാവുന്ന എന്തെങ്കിലും ക്രമക്കേടുകളോ ലംഘനമോ മറ്റു വീഴ്ചകളോ ക്രമപ്പെടുത്തുന്നതോ ശരിവെക്കുന്നതോ ആയി ഇപ്പോൾ തരുന്ന അംഗീകാരത്തെ വ്യഖ്യാനിക്കുവാൻ പാടില്ല.”
(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)