മുഹമ്മദ്‌ ശുഐബിന് സാംസ്കാരിക കേരളത്തിൻ്റെ പിന്തുണ

കോഴിക്കോട്: കോഴിക്കോട് നഗരസഭയിലെ വലിയങ്ങാടി വാർഡിൽ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഖാവ് കെ മുഹമ്മദ് ശുഐബിനു  കേരളത്തിലെ നിരവധി സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ. എംഎൻ കാരശ്ശേരി, ബി രാജീവൻ, കേ ജി ശങ്കരപ്പിള്ള, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കല്പറ്റ നാരായണൻ, വി ആർ സുധീഷ് അടക്കം രണ്ടു ഡസനോളം പേരാണ് 

അദ്ദേഹത്തെ  വിജയിപ്പിക്കണമെന്ന് അഭ്യർത്ഥി ച്ചു പ്രസ്താവന ഇറക്കിയത്. 

പ്രസ്താവന തുടരുന്നു: മുഹമ്മദ് ശുഐബ് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി രംഗത്തുവരാൻ ഇടയാക്കിയ സാഹചര്യം കേരളീയ സമൂഹം ഇന്ന് എത്തിച്ചേർന്നിരിക്കുന്ന ചില ഗുരുതരമായ പ്രതിസന്ധികളെ ചുണ്ടിക്കാട്ടുന്നതാണ്‌. സമീപകാലം വരെ സജീവ സിപിഎം  പ്രവർത്തകനായിരുന്ന ശുഐബ് ഇടതുപക്ഷ-മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പൊതുജീവിതത്തിൽ പ്രവർത്തിച്ചയാളാണ്. നിർഭാഗ്യവശാൽ, ഇന്ന് അധികാരത്തിലിരിക്കുന്ന  മുഖ്യധാരാ ഇടതുകക്ഷിയായ സിപിഎം അത്തരം മൂല്യങ്ങളെ എങ്ങനെയാണ് കൈയൊഴിഞ്ഞത് എന്ന് സ്വന്തം ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. 2019 നവംബർ ഒന്നിന് കേരളാ പോലീസ് അദ്ദേഹത്തിന്റെ മകൻ അലൻ ശുഐബിനെ  കൂട്ടുകാരൻ താഹാ ഫസലിനോടൊപ്പം അറസ്റ്റ് ചെയ്ത ശേഷം ഇരുവരെയും കാരാഗൃഹത്തിൽ ദീർഘകാലം അടച്ചിടാനും അവരുടെ യൗവനവും ജീവിതവും തകർത്തെറിയാനും പോലീസ് നടത്തിയ ഗൂഢാലോചനയെ സ്വന്തം പാർട്ടിയിലെ സമുന്നത നേതാക്കൾ തന്നെ പിന്തുണക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ് അദ്ദേഹം കണ്ടത്. ഒമ്പതു  മാസത്തിനു ശേഷം എൻഐഎ കോടതി അവർക്കു ജാമ്യം നൽകി പുറപ്പെടുവിച്ച  വിധിന്യായത്തിൽ  സർക്കാരിന്റെയും അധികാരികളുടെയും വ്യാജമായ പ്രചാരവേലകളെ പൂർണമായും തുറന്നുകാട്ടുന്നുണ്ട്.

നമ്മുടെ  സമൂഹം ഇന്ന് എത്തിനിൽക്കുന്ന പ്രതിസന്ധിയുടെ നേർചിത്രമാണിത്. ജനവിരുദ്ധ നിയമങ്ങളും കോർപ്പറേറ്റ് അനുകൂല ഭരണനയങ്ങളും  കേന്ദ്രത്തിലെ മാത്രമല്ല സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടവും യാതൊരു മടിയുമില്ലാതെ നടപ്പിലാക്കുന്നു. അതിനെ ചോദ്യം ചെയ്യുന്നവരെ യുഎപിഎ ഉപയോഗിച്ചു തടങ്കലിലാക്കുന്നു. അവർക്കു ഭീകര മുദ്രകൾ  ചാർത്തിനൽകുന്നു. നീതിക്കുവേണ്ടിയുള്ള അവരുടെ നിലവിളി  ചെവിക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറാവുന്നില്ല.

കഴിഞ്ഞ നാലര വർഷമായി കേരളത്തിന്റെ അനുഭവമാണിത്.  എട്ടുപേരെയാണ് ഇതിനകം മാവോവാദി മുദ്ര ചാർത്തി വെടിവെച്ചു കൊന്നത്.  നിരവധി യുവാക്കൾ തീവ്രവാദി-ഭീകരവാദി മുദ്ര ചാർത്തപ്പെട്ടു തടവിലാണ്. ജനാധിപത്യ അവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ഭീഷണി നേരിടുന്നു. കേരളത്തെ കൊടും കടക്കെണിയിലേക്കു നയിക്കുന്ന പദ്ധതികളുടെ പേരിൽ കമ്മീഷൻ വാങ്ങി തടിച്ചുകൊഴുക്കുന്ന ഒരു മാഫിയാ സംഘം ഭരണകേന്ദ്രത്തിൽ  തഴച്ചുവളരുന്നു. അതിനെ ചെറുക്കേണ്ട പാർട്ടിയും ജനപ്രതിനിധികളും അവരുടെ പിണിയാളുകളായി മാറിയിരിക്കുന്നു.

 ഇന്ന് കേരളം സമൂലമായ ഒരു മാറ്റത്തിനു വേണ്ടി പ്രതീക്ഷ പുലർത്തുകയാണ്. അതിനു വേണ്ടത് ഇടതുപക്ഷ, ജനാധിപത്യ മൂല്യസങ്കല്പങ്ങളെ മുറുകെ പിടിക്കുന്ന ഒരു പുത്തൻ ഇടതുപക്ഷമാണ്. ജനങ്ങളാണ് അതിന്റെ ശ്രദ്ധാകേന്ദ്രം.  കോർപ്പറേറ്റ് പ്രീണനം അതിന്റെ നയമല്ല. നമ്മുടെ  ആകാശവും നമ്മുടെ ഭൂമിയും നമ്മുടെ ജീവിതവും നമ്മൾ പോരാടി നേടിയ സ്വാതന്ത്ര്യവും സംരക്ഷിക്കുകയും വരും തലമുറകൾക്കായി അതു നിലനിർത്തുകയും നമ്മുടെ ചുമതലയാണ്.

അതിനുള്ള കേളികൊട്ടിന്റെ  തുടക്കമാണ് മലബാറിന്റെ വിരിമാറിൽ, സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന വലിയങ്ങാടിയിൽ ശുഐബും സഖാക്കളും നടത്തുന്ന പോരാട്ടത്തിൽ ഞങ്ങൾ ദർശിക്കുന്നത്. കേരളം മാറുകയാണ്; ആ മാറ്റത്തിന്റെ മുന്നിൽ നിൽക്കാൻ തയ്യാറാവുക. ഒരു പുതിയ ബദലിനു വേണ്ടി  രംഗത്തിറങ്ങുക. ശുഐബ് അത്തരമൊരു മുന്നേറ്റത്തിന്റെ മുന്നണിപ്പടയാളിയാണ്.

പി സുരേന്ദ്രന്‍,

കെ സി ഉമേഷ് ബാബു,

പ്രൊഫ. കുസുമം ജോസഫ്,

ജോളി ചിറയത്ത്,

ജ്യോതി നാരായണന്‍,

സ്മിത നെരവത്ത്,

മാഗ്ലിന്‍ ഫിലോമിന,

ഹാഷിം ചേന്ദമ്പിള്ളി,

സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്,

എന്‍ എം പിയേഴ്സണ്‍,

വി പി വാസുദേവന്‍,

സി ആര്‍ നീലകണ്ഠന്‍,

ജോസഫ് സി മാത്യു,

ജി ശക്തിധരന്‍,

എന്‍ പി ചന്ദ്രശേഖരന്‍ (ചന്‍സ്),

ആസാദ്,

എന്‍ പി ചെക്കുട്ടി,

അനില്‍ ഇ പി,

എം പി ബലറാം,

പി ടി ജോണ്‍,

ഷൗക്കത്ത് അലി എറോത്ത്,

ടി കെ ഹാരിസ് തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.

Leave a Reply