കല്ലാമലയില്‍ കോണ്‍ഗ്രസ് പിൻവാങ്ങും;പിന്തുണ ആര്‍ എം പി ക്ക്

കോഴിക്കോട്: വടകര ബ്ലോക്ക്   പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ ആർഎംപി സ്ഥാനാർഥിക്കെതിരെ കോൺഗ്രസ്സ് നേതൃത്വം നിർത്തിയ സ്ഥാനാർത്ഥി പിൻവാങ്ങുന്നു. യുഎഡിഎഎഫിൽ മാത്രമല്ല, സംസ്ഥാന  രാഷ്ട്രീയത്തിലും വിവാദമായ തർക്കത്തിനു അതോടെ പരിഹാരമാകുന്നു.

വടകരയിൽ സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്തിൽ ജനകീയ മുന്നണി എന്നപേരിൽ  സംയുക്തമായാണ് കോൺഗ്രസ്സ്-ലീഗ് നേതൃത്വത്തിലുള്ള യുഡിഎഫും പ്രദേശത്തു സ്വാധീനമുള്ള ആർഎംപിയും ഒന്നിച്ചു നില്കുന്നത്. മുൻധാരണ പ്രകാരം സീറ്റിൽ പ്രതിപക്ഷ സ്ഥാനാർത്ഥയായി നിന്നതു ആർഎംപിയുടെ സി സുഗതൻ ആയിരുന്നു. എന്നാൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കെ പി ജയകുമാർ രംഗത്തുവന്നതാണ് മുന്നണിയിലും കോൺഗ്രസിലും പ്രശ്നങ്ങൾ ഉണ്ടാക്കിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി  രാമചന്ദ്രന്റെ വീടിരിക്കുന്ന മണ്ഡലത്തിൽ മുൻ ധാരണകൾ തെറ്റിച്ചു കോൺഗ്രസ്സ് സ്ഥാനാർഥി വന്നതു കെപിസിസി അധ്യക്ഷന്റെ പ്രേരണയുടെ അടിസ്ഥാനത്തിലാണെന്ന ആരോപണമുയർന്നു. സ്ഥലം എംപിയും  മുൻ കെപിസിസി അദ്ധ്യക്ഷനുമായ കെ മുരളീധരൻ അതിനെതിരെ പരസ്യമായ നിലപാടെടുത്തു. കോൺഗ്രസ്സ് മണ്ഡലത്തിൽ കരാർ ലംഘനം നടത്തിയതിനാൽ താൻ അവിടെ  പ്രചാരണത്തിൽ നിന്നു ഒഴിഞ്ഞുനിൽക്കും എന്നും അദ്ദേഹം അറിയിച്ചു.

വിവാദം മുല്ലപ്പള്ളിക്ക്  വ്യക്തിപരമായ പ്രതിസന്ധി ഉയർത്തുകയുണ്ടായി. വടകരയിലും മലബാറിലെ മറ്റു  പ്രദേശങ്ങളിലും ആർഎംപിയുമായി യുഡിഎഫ് സഖ്യം വേണമെന്ന നിലപാട് പരസ്യമായി സ്വീകരിച്ച കെപിസിസി അധ്യക്ഷൻ തന്നെയാണ് തന്റെ സ്വന്തം നാട്ടിൽ അതിനു തുരങ്കം വെച്ചത് എന്ന ആരോപണമാണ് ഉയർന്നത്. മണഡലത്തിൽ കോൺഗ്രസ്സ് പ്രവർത്തകരും ലീഗ് അടക്കമുള്ള മറ്റു യുഡിഎഫ് പ്രവർത്തകരും ആർഎംപി  സ്ഥാനാർഥിക്കു വേണ്ടിയാണ് രംഗത്തിറങ്ങിയത്. അതോടെ കെപിസിസി അധ്യക്ഷന് സ്വന്തം മണ്ഡലത്തിൽ യഥാർത്ഥത്തിലുള്ള ജനപിന്തുണ സംബന്ധിച്ച ഒരു പരിശോധനയായി മത്സരം മാറുകയാണ് എന്ന നിലയിലേക്കു കാര്യങ്ങൾ മാറിയിരുന്നു. അതു വലിയ അപകടം  ക്ഷണിച്ചു വരുത്തും എന്നു ചില വിശ്വസ്ത അനുയായികൾ കെപിസിസി അധ്യക്ഷന് മുന്നറിയിപ്പും നൽകിയിരുന്നു. അതോടെയാണ് താനൊരിക്കലും പന്തിനു (ആർഎംപി ചിഹ്നം ) വോട്ടു ചെയ്യുന്ന പ്രശ്നമില്ല എന്ന കടുംപിടുത്തത്തിൽ നിന്നു കെപിസിസി അധ്യക്ഷൻ അയഞ്ഞത്. ജയകുമാറിന്റെ പ്രചാരണം ഉടൻ നിർത്തിവെക്കാൻ കെപിസിസി നിർദേശിച്ചതായി കോൺഗ്രസ്സ് പ്രാദേശിക നേതാക്കൾ അറിയിച്ചു.  

Leave a Reply