പോപ്പുലർ ഫ്രണ്ട്നേതാക്കളുടെ വീടുകളിൽ ഇ ഡി റെയ്ഡ്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രമുഖ നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ മുതൽ റെയ്ഡ് നടത്തി.

തിരുവനന്തപുരത്തു പൂന്തുറയിൽ സംഘടനയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നാട്ടുകാരും മുദ്രാവാക്യം മുഴക്കിയതായും വീട്ടിൽ നിന്നു അനധികൃതമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നു എഴുതി വാങ്ങിയതായും ചില  മാധ്യമങ്ങൾ അറിയിച്ചു.

എറണാകുളത്തു  സംഘടനയുടെ മുൻ അഖിലേന്ത്യാ അധ്യക്ഷൻ ഇ എം അബ്‌ദുറഹ്‌മാൻ, മലപ്പുറത്തു മഞ്ചേരിയിൽ നിലവിലെ ദേശീയ അധ്യക്ഷൻ ഒ എം എ സലാം,  വാഴക്കാട്ടു അഖിലേന്ത്യാ സെക്രട്ടറി നാസറുദ്ധീൻ എളമരം എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. തന്റെ വീട്ടിൽ നിന്നു ഒരു കമ്പ്യൂട്ടർ ഡിസ്‌കും ഏതാനും പുസ്തകങ്ങളും കൊണ്ടുപോയതായി നാസറുദ്ധീൻ എളമരം മാധ്യങ്ങളെ ഫോണിൽ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ കാരന്തുരിൽ സംഘടനയുടെ ദേശീയ കൌൺസിൽ അംഗവും തേജസ് ദിനപത്രത്തിന്റെ മുൻ എഡിറ്ററുമായ പ്രഫ. പി കോയയുടെ വീട്ടിലും ഇ ഡി   ഉദ്യോഗസ്ഥർ എത്തി തിരച്ചിൽ നടത്തി.

റെയ്ഡിന് ആധാരമായ പരാതികൾ എന്താണെന്നോ തിരച്ചിലിൽ കണ്ടെത്തിയ വസ്തുക്കൾ സംബന്ധിച്ചോ ഔദ്യോഗികമായ ഒരു വിവരവും ലഭ്യമായിട്ടില്ല. ഇ ഡിയുടെ  കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് റെയ്ഡ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചതെന്നു അറിയുന്നു. 

Leave a Reply