മലബാറിൽ രാഷ്ട്രീയവിഷയങ്ങൾ പ്രചാരണത്തിൽ മുമ്പിലേക്ക്
കോഴിക്കോട്: ഡിസംബർ 14നു മൂന്നാംഘട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന മലബാർ ജില്ലകളിൽ പ്രചാരണം ചൂടുപിടിച്ചതോടെ രാഷ്ട്രീയ വിഷയങ്ങൾ മുൻനിരയിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലപ്പുറം ഒഴിച്ചു മറ്റു ജില്ലകളിൽ ശക്തമായ മേധാവിത്വം നിലനിർത്തിയ ഇടതുപക്ഷം ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
മുമ്പ് ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിധം സജീവമാണ് ഇവിടെ തിരഞ്ഞെടുപ്പു പ്രചാരണരംഗം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി പ്രവർത്തകർ ഒന്നിലേറെ തവണ വീടുകളിൽ സന്ദർശനം പൂർത്തിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും പതിവില്ലാത്ത ആവേശമാണ് ഇത്തവണ പ്രാദേശിക തിരഞ്ഞെടുപ്പിൽ കാണുന്നത്. പ്രചാരണത്തിൽ എന്നും മേധാവിത്വം പുലർത്തിയ ഇരുമുന്നണികളെയും വെല്ലുന്ന തരത്തിൽ ബിജെപി പ്രചാരണവും ശക്തമാണ് എന്നതു ഇത്തവണത്തെ സവിശേഷതയാണ്.
രാഷ്ട്രീയ പ്രചാരണത്തിൽ ഏറ്റവും പ്രധാനമായി ഉന്നയിക്കപ്പെടുന്ന വിഷയം ഇടതു സർക്കാരിന്റെ ഭരണനയങ്ങളാണ്. അക്രമവും പോലീസിന്റെ വീഴ്ചകളുമാണ് അതിൽ മുഖ്യമായ പ്രശ്‍നം. പാലക്കാട്ടു വാളയാറിൽ ദളിത് പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പോലീസ് വരുത്തിയ വീഴ്ചകൾ, കാസർകോട്ടു പെരിയയിലെ ഇരട്ടകൊലപാതകത്തിൽ കേസ് സിബിഐ ഏറ്റെടുക്കുന്നതു തടയാൻ കേരള സർക്കാർ നടത്തിയ തീവ്ര ശ്രമങ്ങൾ, കോഴിക്കോട്ടു പന്തീരാങ്കാവിലെ രണ്ടു വിദ്യാർത്ഥികളെ മാവോവാദി എന്നു ആരോപിച്ചു തടവിലിട്ട നടപടി തുടങ്ങിയ വിഷയങ്ങൾ ഇപ്പോൾ ഗുരുതരമായ ചർച്ചകൾ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമായി ഊന്നിയതും ഇത്തരം പ്രശ്നങ്ങളാണ്. ഈ മൂന്നുവിഷയങ്ങളും ബന്ധപ്പെട്ട ജില്ലകളിൽ കാര്യമായ സ്വാധീനം ജനവിധിയിൽ ഉണ്ടാക്കുമെന്ന വിലയിരുത്തലുണ്ട്.
മറുവശത്തു വികസനമാണ് ഇടതുപക്ഷത്തിന്റെ പ്രധാന തുരുപ്പുശീട്ട്. കേരളത്തിൽ സമീപകാലത്തു ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വികസനക്കുതിപ്പ് അനുഭവപ്പെട്ട നാളുകളാണ് നാലുവർഷമായി കഴിഞ്ഞുപോയത് എന്നാണ് അവകാശവാദം. സ്കൂളുകൾ, പ്രാദേശിക ആശുപത്രികൾ,സർക്കാർ സംവിധാനങ്ങൾ, ഗതാഗതം തുടങ്ങിയ മേഖലകളിൽ ഉണ്ടായ വികസനവും മുന്നേറ്റവുമാണ് എൽഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ രാഷ്ട്രീയ വിഷയങ്ങളെ വികസനം സംബന്ധിച്ച അവകാശവാദങ്ങൾ കൊണ്ടു തടുക്കാനാവുമോ എന്ന ചോദ്യം പ്രസക്തമാണ്. മലബാർ എന്നും ഒരു രാഷ്ട്രീയ കേന്ദ്രമായിരുന്ന പ്രദേശമാണ്. അന്തിമമായി അത്തരം വിഷയങ്ങളാണ് ഇവിടെ ദിശ നിർണയിക്കുന്നത്. പ്രചാരണത്തിൽ എൽഡിഎഫിനേക്കാൾ കൂടുതൽ ഊർജം പ്രകടിപ്പിക്കുന്നത് യുഎഡിഎഫ്, എൻഡിഎ നിരയിലെ അവരുടെ എതിരാളികളാണ് എന്നു പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനങ്ങളുടെ ചോദ്യങ്ങൾ നേരിടുന്നതിൽ സിപിഎം മുന്നണിയുടെ പ്രവർത്തകർക്കു പ്രയാസമുണ്ട് എന്നാണ് അതു ചുണ്ടിക്കാട്ടുന്നതെന്ന വിലയിരുത്തലും നിലവിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണനോ ഇതുവരെയും വടക്കൻ ജില്ലകളിൽ പ്രചാരണത്തിനു എത്തിയിട്ടില്ല. സർക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾക്കു കൃത്യമായ മറുപടി അവരുടെ പ്രവർത്തകർക്കു നല്കാനാവുന്നുമില്ല.
രാഷ്ട്രീയമായി യുഎഡിഎഫിനെതിരെ സിപിഎം ഉന്നയിക്കുന്ന ഒരു പ്രധാന ആരോപണം അവരുടെ ജമാഅത്തെ ഇസ്ലാമി -വെൽഫയർ പാർടി ബന്ധമാണ്. കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലൻ ഒരു യോഗത്തിൽ ഉയർത്തിയ പ്രധാന ആരോപണം അതായിരുന്നു. ഹിന്ദു വോട്ടുകൾ ഇടതിനു അനുകൂലമായി മാറാൻ അതു സഹായിച്ചേക്കും എന്ന പ്രതീക്ഷയാണ് അവരെ നയിക്കുന്നത്. എന്നാൽ അതു ഗുണം ചെയ്യാനിടയില്ല എന്ന വിലയിരുത്തലുമുണ്ട്. കാരണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വരെ ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തിനാണ് പിന്തുണ നൽകിയത്. കാന്തപുരം സുന്നികളും അവരുടെ കൂടെയായിരുന്നു. ഇത്തവണ ഹിന്ദു ഭൂരിപക്ഷ വർഗീയതയെ ആശ്രയിച്ചു നടത്തുന്ന പ്രചാരവേല സിപിഎമ്മിനു ഗുണം ചെയ്യാനിടയില്ല. കാരണം അതിന്റെ ഗുണഭോക്താവ് ഇത്തവണ ബിജെപി ആയിരിക്കും എന്നു തീർച്ചയാണ്. ഒരുപക്ഷേ ഇത്തവണ ബിജെപി വോട്ടുകളിൽ കാര്യമായ വർധന മിക്ക ജില്ലകളിലും ഉണ്ടാവാനിടയുണ്ട്. നേരത്തെ അങ്ങോട്ടുള്ള ഒഴുക്കിന്റെ നഷ്ടം പ്രധാനമായി സഹിക്കേണ്ടിവന്നതു കോൺഗ്രസ്സ് ആയിരുന്നു. അവരുടെ കൂടെയുള്ള മേൽജാതി വോട്ടർമാരാണ് ഇങ്ങനെ കളം മാറ്റിയത്. എന്നാൽ ഇത്തവണ സിപിഎം ശക്തികേന്ദ്രങ്ങളിൽ പോലും പിന്നാക്ക ജാതി വിഭാഗങ്ങളിലും ബിജെപി പ്രചരണം ശക്തമാണ്. മലബാറിൽ മുസ്ലിംകളെപ്പോലെ തന്നെ പ്രബല സാമുദായിക വിഭാഗമായ തിയ്യരെ പൊതുവിൽ അവർ പിൻതുണക്കുന്ന സിപിഎമ്മിൽ നിന്നു അടർത്തിമാറ്റി തങ്ങളുടെ ഭാഗത്തേക്കു ആകർഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ സമുദായത്തിൽ നിന്നുള്ള നേതാക്കളായ വി മുരളീധരനും കെ സുരേന്ദ്രനും മുന്നിൽ നിന്നു നയിക്കുന്ന ബിജെപി പ്രചാരണത്തിനു പല ലക്ഷ്യങ്ങളുണ്ട്. അതിൽ പ്രധാനം സിപിഎം നിയന്ത്രണത്തിലുള്ള ഹിന്ദു [പിന്നാക്ക വിഭാഗങ്ങളെ കൂടെ നിർത്തുക എന്നതു തന്നെയാണ്. മുസ്ലിം വർഗീയതയെ ചെറുക്കുന്നു എന്ന നാട്യത്തിൽ ഹിന്ദു വർഗീയതയെ പൊലിപ്പിക്കുന്ന തന്ത്രമാണ് ഇപ്പോൾ ചില സിപിഎം നേതാക്കൾ സ്വീകരിക്കുന്നതായി കാണുന്നത്. ഒരുപക്ഷേ തങ്ങളുടെ സ്വന്തം സാമുദായിക അടിത്തറയെ ശിഥിലീകരിക്കുന്ന പ്രചാരണതന്ത്രമാണോ സിപിഎം മലബാറിൽ സ്വീകരിക്കുന്നത് എന്ന ചോദ്യത്തിനു ഡിസംബർ 16നു വോട്ടെണ്ണുമ്പോൾ ഉത്തരം ലഭ്യമായേക്കും.