ഐസക്കിനെതിരായ പരാതി സ്പീക്കർ നിയമസഭാ കമ്മിറ്റിക്കു വിട്ടു; സഭാ ചരിത്രത്തിലാദ്യം

തിരുവനന്തപുരം:  കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് നിയമസഭയ്ക്കു മുന്നിൽ വെക്കുംമുമ്പ് മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയ വിഷയം സ്പീക്കർ  ശിവരാമകൃഷ്ണൻ നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്കു വിട്ടു. ഒരു മന്ത്രിക്കെതിരായ പരാതി പ്രഥമ സൃഷ്ട്യാ കഴമ്പുള്ളതാണെന്നു സഭയുടെ അദ്ധ്യക്ഷന് ബോധ്യമാകുന്ന സന്ദർഭത്തിലാണ് വിഷയം സഭാസമിതിയുടെ  പരിഗണന ക്കു സമർപ്പിക്കുന്നത്. ഇതോടെ പാർട്ടിയിലും മന്ത്രിസഭയിലും ഒറ്റപ്പെട്ട ധനമന്ത്രിയുടെ സർക്കാരിലെ നിലനിൽപ് കൂടുതൽ  വിഷമകരമായിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

കിഫ്ബിയുടെ  പ്രവർത്തനങ്ങളും അതു വിദേശത്തു നിന്നു നേരിട്ടു വായ്പ വാങ്ങുന്നതുമായ കാര്യങ്ങളിൽ വിദേശനാണ്യ വിനിമയച്ചട്ട പ്രകാരം  ചില നിയമപ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സിഎജി അതിന്റെ അന്തിമ റിപ്പോർട്ട് നൽകിയിരുന്നത്.അതു അടുത്ത നിയമസഭയിൽ വെക്കേണ്ട രേഖയാണ്.എന്നാൽ അതു മന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയും സി എജിക്കെതിരെ  ഗുരുതരമായ രാഷ്ട്രീയ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ നിയമസഭയുടെ മുന്നിൽ  വരേണ്ട രേഖ അതിനു മുമ്പ് പുറത്തുപറഞ്ഞതു സഭയുടെ  അവകാശ ലംഘനമാണെന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ എംഎൽഎ പരാതി ഉന്നയിച്ചിരുന്നു.  വിഷയത്തിൽ കഴിഞ്ഞ ദിവസം മന്ത്രി സ്പീക്കർക്ക് നൽകിയ വിശദീകരണമാണ്‌ ഇപ്പോൾ കൂടുതൽ പരിശോധനക്കായി സഭാ സമിതിക്കു നൽകിയിരിക്കുന്നത്.

 കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അവകാശലംഘനം മാത്രമല്ല, മറ്റു ചില മൗലിക പ്രശ്നങ്ങളും ഉൾപ്പെട്ട സാഹചര്യത്തിൽ അതു വിശദമായ പരിശോധനക്കു ബന്ധപ്പെട്ട സഭാസമിതിക്കു നല്കാൻ തീരുമാനിക്കുകയായിരുന്നു എന്നു സ്പീക്കർ പിന്നീട് മാധ്യമപ്രവർത്തകരെ അറിയിച്ചു. ഇനി സമിതി പരാതിയും വിശദീകരണവും കൂടുതൽ പരിശോധിക്കും.

സഭാസമിതിക്കു മുന്നിൽ ഒരു  മന്ത്രി വിശദീകരണം നൽകേണ്ട അവസ്ഥ കേരളത്തിൽ സഭയുടെ ചരിത്രത്തിൽ ആദ്യമാണ്. പ്രഥമദൃഷ്ട്യാ മന്ത്രി കുറ്റം ചെയ്തതായി സ്‌പീക്കർ തന്നെ  കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല  മാധ്യമസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

Leave a Reply