കിഫ്ബി ചോദ്യോത്തരങ്ങൾ(4)
കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട് പദ്ധതി സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ് ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.
മസാല ബോണ്ട് എന്ന ആശയം റിസർവ് ബാങ്കിന്റേതല്ല, ലോകബാങ്ക് സ്ഥാപനമായ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷന്റെതാണ് എന്നത് പുതിയ അറിവാണ്. കോർപറേഷന് ഇക്കാര്യത്തിൽ എന്താണ് താല്പര്യം?
സ്വകാര്യമേഖലയെ ബലപ്പെടുത്തുന്നതിലൂടെ മാത്രമേ ദാരിദ്ര്യം ഇല്ലാതാക്കാനും വികസനം കൈവരിക്കാനും കഴിയൂ എന്നതാണ് ലോകബാങ്കിന്റെ അടിസ്ഥാന പ്രമാണം. അതിനു യോജിക്കുന്ന വിധമുള്ള നയങ്ങൾ അവികസിതരാജ്യങ്ങളോടു നിർദേശിക്കുന്നു, അവയ്ക്കു ധനസഹായം നൽകുന്നു. അഞ്ചു സ്ഥാപനങ്ങൾ ചേർന്ന സംവിധാനമാണ് ലോകബാങ്ക്. അതിൽ മൂന്നെണ്ണം പ്രമുഖം. ഇന്റർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് (ഐബിആർഡി) , ഇന്റർനാഷണൽ ഡെവലപ്മെന്റ് അസോസിയേഷൻ (ഐഡിഎ), ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ (ഐഎഫ്‌സി). ആദ്യത്തെ രണ്ടു സ്ഥാപനങ്ങൾക്കും സർക്കാരുകളുമായി മാത്രമേ ഇടപാടുകളുള്ളൂ–ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമായി ഐബിആർഡിക്കും തീർത്തും ദരിദ്രമായവയുമായി ഐഡിഎക്കും. മൂന്നാമതു സൂചിപ്പിച്ച ഐഎഫ്‌സി സ്വകാര്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കൂട്ടുടമക്കമ്പനികളിൽ നിക്ഷേപം നടത്തുന്നതും മൂലധനവും വായ്പയും സമാഹരിക്കാൻ അവയെ സഹായിക്കുന്നതും ഐഎഫ്‌സിയാണ്.
ലോകബാങ്ക് സ്ഥാപനങ്ങൾ പ്രവർത്തനത്തിനായുള്ള പണം കണ്ടെത്തുന്നത് പ്രധാനമായും വികസിതരാജ്യങ്ങളിലെ സർക്കാർ നീക്കിയിരുപ്പിൽ നിന്നും മൂലധന വിപണിയിൽ നിന്നുമാണ്. ഇപ്രകാരം അവിടത്തെ അധികമൂലധനം അവികസിത രാജ്യങ്ങളിലെ ലാഭകരമായ മേഖലകളിലേക്കു തിരിച്ചുവിടുന്നു. അതിന്മേലുള്ള ലാഭവും പലിശയും കൂടാതെ വിദേശ മൂലധന നിക്ഷേപത്തിന്റെ ഫലമായി അവികസിത രാജ്യങ്ങളിലെ ഉത്പന്ന, സാങ്കേതികവിദ്യാ വിപണികൾ വിപുലീകരിക്കപ്പെടുന്നതു കൊണ്ടുള്ള അധികവരുമാനവും വികസിതരാജ്യങ്ങൾക്കു നേടാൻ കഴിയുന്നു. ഇങ്ങനെ മൂലധനത്തിന്റെയും സമ്പദ് മിച്ചത്തിന്റെയും വിവിധ ദിശകളിലുള്ള ഒഴുക്കുകൾ രൂപപ്പെടുത്തിക്കൊണ്ട് ആഗോള മൂലധന വ്യവസ്ഥയിലെ പ്രബലശക്തിയായി ലോകബാങ്ക് മാറിയിട്ടുണ്ട്.
1956ൽ സ്ഥാപിക്കപ്പെട്ട നാൾതൊട്ടു ഐഎഫ്‌സിയുടെ പ്രധാന പ്രവർത്തന മണ്ഡലമാണ് ഇന്ത്യ. നാനൂറോളം കമ്പനികളിലായി 600 കോടി ഡോളർ ഐഎഫ്‌സി ഇവിടെ നേരിട്ടു നിക്ഷേപിച്ചിട്ടുണ്ട്. ഇതിനു പുറമെ 900 കോടി ഡോളർ സമാഹരിക്കാൻ സഹായിച്ചിട്ടുണ്ട്. പശ്ചാത്തല സൗകര്യ നിർമാണത്തിലും ഊർജ സംഭരണ-വിതരണത്തിലും ഐഎഫ്‌സി സജീവമാണ്. ‘ലാഭാധിഷ്ഠിത ദാരിദ്ര്യ നിർമാർജന പദ്ധതികൾ‘ എന്ന് ഐഎഫ്‌സി വിശേഷിപ്പിക്കുന്നവയാണ് മറ്റൊരു പ്രധാന പ്രവർത്തന മേഖല. താഴ്ന്ന വരുമാനക്കാർക്കുള്ള വീടുകൾ, ചെറുകിട വ്യവസായം, സൂക്ഷ്‌മ വായ്പ (മൈക്രോ ഫിനാൻസ്) എന്നിവ. ഇത്തരം പദ്ധതികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഐഎഫ്‌സിയുടെ ധനസഹായമുണ്ട്. ഇന്ത്യയിലെ സൂക്ഷ്മവായ്പാ മേഖലയിലെ ആകെ നിക്ഷേപത്തിന്റെ മൂന്നിലൊന്ന് ഐഎഫ്‌സിയുടേതാണ്. ഐഎഫ്‌സിയുടെ ധനസഹായം അഭ്യർത്ഥിക്കുന്നവരിൽ കിഫ്ബിയുമുണ്ട്. പന്ത്രണ്ടു പദ്ധതികൾക്കായി 1700 കോടി രൂപയുടെ വായ്പയാണ് കിഫ്‌ബി തേടുന്നത്.
മസാല ബോണ്ട് ഇറക്കാനുള്ള അധികാരം കിഫ്ബിക്കുണ്ടോ?
ഇക്കാര്യം തീർത്തുപറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല. മാത്രമല്ല ,നിയമത്തിൽ വ്യാഖ്യാനത്തിനു കൂടി ഇടമുണ്ടല്ലോ. അതുകൊണ്ട് മസാല ബോണ്ട് ഇറക്കാനുള്ള അർഹതയെ റിസർവ് ബാങ്ക് വ്യവസ്ഥ ചെയ്തിട്ടുള്ളത് എങ്ങനെയെന്ന് മാത്രം പറയാം.
ബാങ്കുകൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുമാണ് മസാലബോണ്ട് ഇറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുള്ളത്. കോർപ്പറേറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റുകളെന്നും ബോഡി കോർപ്പറേറ്റുകളെന്നും തരംതിരിക്കുകയും നിർവചിക്കുകയും ചെയ്യുന്നുമുണ്ട്. ആദ്യത്തേത്, 1956ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ. രണ്ടാമത്തേത്, പാർലമെന്റ് പ്രത്യേക നിയമപ്രകാരം രൂപപ്പെടുത്തിയ സ്ഥാപനങ്ങൾ.
(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)