ധനമന്ത്രി തോമസ്ഐസക് മന്ത്രിസഭയിൽ നിന്നു പുറത്തേക്കോ ?
തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് പരിശോധനയുടെ പേരിൽ മുഖ്യമന്ത്രിയുമായി പരസ്യമായി സംഘർഷത്തിലായ ധനകാര്യമന്ത്രി ഡോ .ടി എം തോമസ് ഐസക്ക് മന്ത്രിസഭയിൽ നിന്നു രാജിവെക്കുന്ന കാര്യം പരിഗണിക്കുന്നുവെന്നു അദ്ദേഹവുമായി അടുത്ത ചില വൃത്തങ്ങൾ വെളിപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ടാണ് ഡോ. ഐസക്കിന്റെ വാദങ്ങളെ ശക്തിയുക്തം നിരാകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചത്. ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമായ കേരളാസ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ സംയുക്ത പരിശോധനയിൽ ധനമന്ത്രി കടുത്ത വാക്കുകളിൽ പ്രതികരിച്ചിരുന്നു. വിഷയത്തിൽ ധനമന്ത്രി ഇന്നലെ വൈകിട്ടു മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വാദമുഖങ്ങൾ അംഗീകർക്കുകയുണ്ടായില്ല എന്നാണു പിന്നീട് പത്രസസമ്മേളനത്തിൽ അദ്ദേഹം സ്വീകരിച്ച സമീപനത്തിൽ നിന്നും വ്യക്തമാകുന്നത്. സ്വന്തം മന്ത്രിസഭയിലെ മുതിർന്ന അംഗത്തെ വസ്തുതകളും വാദമുഖങ്ങളും നിരത്തി നിലംപരിശാക്കുന്ന മുഖ്യമന്ത്രിയെയാണ് ഇന്നലെ കേരളം കണ്ടത്. വിജിലൻസ് പരിശോധന സംബന്ധിച്ച മന്ത്രിയുടെ പരാതിയിൽ യാതൊരു കഴമ്പുമില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇത്തരം വിജിലൻസ് പരിശോധനകൾ പതിവുള്ളതാണ്. അതു ധനകാര്യ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങിനില്കുന്നതുമല്ല. സർക്കാരിന്റെ കീഴിലുള്ള മറ്റു വകുപ്പുകളിലും സ്ഥാപനങ്ങളിലും അതു പതിവാണ്. അതിനപ്പുറം അതിൽ യാതൊരു പ്രത്യേകതയുമില്ല.
വിജിലൻസ് പരിശോധന സംബന്ധിച്ച വിവാദത്തിനു തൊട്ടുമുമ്പ് കിഫ്ബി ഇടപാടുകളിൽ സിഎജിയുടെ റിപ്പോർട്ട് സംബന്ധിച്ച വിഷയത്തിലും ധനമന്ത്രിയുടെ നിലപാടുകൾ വിമർശനം വിളിച്ചുവരുത്തിയിട്ടുണ്ട്. സിഎജി ഒരു ഭരണഘടനാ സ്ഥാപനമാണ്.അതിന്റെ റിപ്പോർട്ടുകൾ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട യാതൊരു കാര്യവുമില്ലെന്നു സർക്കാരിലെ തന്നെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തിൽ സ്‌പക്കീർ ഇടപെടുന്ന സാഹചര്യം അനാവശ്യമായി സൃഷ്ടിക്കപ്പെട്ടതാണെന്നു മന്ത്രിയുമായി അടുപ്പമുള്ള പലരും ചൂണ്ടിക്കാണിക്കുന്നു.
ഈ രണ്ടു വിവാദങ്ങളിലും ധനമന്ത്രി സ്വീകരിച്ച നിലപാടുകൾക്കു പൊതുവിൽ പാർട്ടിയിലോ സർക്കാരിലോ കാര്യമായ പിന്തുണയില്ല എന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രി മന്ത്രിക്കെതിരെ കർശനമായ നിലപാട് പരസ്യമായി സ്വീകരിക്കാനുള്ള ഒരു കാരണവും അതുതന്നെ. കെഎസ്എഫ്ഇ പരിശോധനയുടെ പിന്നിൽ മുഖ്യമന്ത്രിയോട് അടുപ്പമുള്ള വടകരയിലെ സ്വകാര്യ ചിട്ടി ഉടമയാണെന്ന ആരോപണവും വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകമാണ്. വടകര സ്വദേശി ഗോകുലം ഗോപാലനെയാണ് ബിജെപി നേതാവ് എം ടി രമേശ് ഈ ആരോപണമുന്നയിച്ചപ്പോൾ മുൾമുനയിൽ നിർത്തിയത്. അതിനാലാണ് കെഎസ്എഫ്ഇയെ സംബന്ധിച്ചു വിജിലൻസിനു പരാതി നൽകിയ വ്യക്തിയെക്കുറിച്ചും പരാതിയുടെ സ്വഭാവത്തെ കുറിച്ചും മുഖ്യമന്ത്രി ഇന്നലെ വെളിപ്പെടുത്തിയത്. ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ ഗുരുതരമാണ് എന്ന സൂചനയാണ് ഇന്നലെ മുഖ്യമന്ത്രി നല്കിയത്. ധനവകുപ്പിനെ സംബന്ധിച്ച സമീപകാലത്തെ ഏറ്റവും കടുത്ത പരസ്യ വിമർശനമാണ് മുഖ്യമന്ത്രിയിൽ നിന്നു ഉയർന്നത്.
അതേസമയം, കിഫ്‌ബി അടക്കമുള്ള വിഷയങ്ങളിൽ ധനമന്ത്രിക്ക് പാർട്ടിയിൽ നിന്നോ പൊതുസമൂഹത്തിൽ നിന്നോ കാര്യമായ പിൻതുണ ലഭിക്കുന്നതായി കാണാനില്ല. വിഷയത്തിൽ ഇടപെട്ടു കാര്യമായി ധനമന്ത്രിയെ പ്രതിരോധിച്ചതു മുംബൈ ടാറ്റ ഇൻസ്റ്റിട്യൂട്ടിലെ ഡോ. ആർ രാമകുമാർ മാത്രമാണ്. അദ്ദേഹം കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ അംഗമാണെങ്കിലും സംസ്ഥാനത്തെ സിപിഎം വൃത്തങ്ങളിൽ കാര്യമായ ബന്ധമോ സ്വാധീനമോ ഉള്ളയാളല്ല. ആസൂത്രണ ബോർഡിലെ തന്നെ മറ്റു പല സാമ്പത്തിക വിദഗ്ധരും വിഷയത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ്. ധനമന്ത്രി ഡോ.ഐസക്കിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ചു അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ആളുകൾക്കുപോലും ഉറപ്പില്ല എന്നാണ് അതു ചൂണ്ടികാണിക്കുന്നതെന്ന വിലയിരുത്തൽ ശക്തമാണ്.