സി എം രവീന്ദ്രന് ഒരു ഡസൻ സ്ഥാപനങ്ങളിൽ നിക്ഷേപമെന്ന് കണ്ടെത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിൽ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം  രവീന്ദ്രനും അടുത്ത ബന്ധുക്കൾക്കും കോഴിക്കോട്ടെ വടകര, ഓർക്കാട്ടേരി പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലുമായി ഒരു ഡസനിലേറെ സ്ഥാപനങ്ങളിൽ  നിക്ഷേപമുണ്ടെന്നു എൻഫോഴ്‌സ്‌മെന്റ് അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തയാഴ്ച രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണ് ഇ ഡിയുടെ  പരിശോധന നടന്നത്. കൂടുതൽ വിശദമായ  പരിശോധന  ചോദ്യം ചെയ്യലിനു ശേഷം നടക്കുമെന്നും മാധ്യമങ്ങൾ  പറയുന്നു.

ഇ ഡിയുടെ മുന്നിൽ ചോദ്യം ചെയ്യലിനായി  നോട്ടീസ് കിട്ടിയ രവീന്ദ്രൻ കോവിഡ്  പരിശോധന നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞു അദ്ദേഹം ആശുപത്രി വിട്ടപ്പോൾ വീണ്ടും ചോദ്യം ചെയ്യലിനു നോട്ടീസ്  കിട്ടി. അതോടെ കോവിഡിന് ശേഷമുള്ള മറ്റു ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശനം നേടി. എന്നാൽ കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലിൽ നിന്നു മുഖ്യമന്ത്രിയുടെ ഓഫീസിലിലെ ഏറ്റവും  മുതിർന്ന സിപിഎം പ്രതിനിധി നിരന്തരമായി ഒഴിഞ്ഞുമാറുന്നതു കൂടുതൽ ഗുരുതരമായ ആരോപണങ്ങളിലേക്കു നയിക്കുമെന്നു പാർട്ടിയുടെ വിലയിരുത്തൽ വന്നതോടെയാണ് അദ്ദേഹം ഇ ഡിയുടെ മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ തയ്യാറായത്. മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും   സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതി   സ്വപ്‌നാ സുരേഷും നൽകിയ മൊഴികളിൽ രവീന്ദ്രനെ സംബന്ധിച്ച പരാമർശങ്ങളുണ്ട്. അതു സംബന്ധിച്ച വിശദീകരണത്തിനാണ് ഇ ഡി  അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

ഇതോടെ  മുഖ്യമന്ത്രിയുടെ ഓഫീസിലെയും  ഉപദേശക സംഘത്തിലെയും നാലാമത്തെ പ്രമുഖനാണ് വിവാദത്തിൽ പെടുന്നത്.  പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഇപ്പോഴും  കസ്‌റ്റഡിയിലാണ്‌. പോലീസ് ഉപദേശകനായ രമൺ ശ്രീവാസ്തവയാണ് വിവാദമായ പോലീസ് നിയമഭേദഗതി ഓർഡിനൻസ് തയ്യാറാക്കിയത്. അതു സിപിഎം കേന്ദ്രകമ്മിറ്റിയുടെ പോലും വിമർശനത്തിന് കാരണമായി. പാർട്ടി   ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വിഷയത്തിൽ ഇടപെട്ടു. അതോടെ ഭേദഗതി പിൻവലിച്ചു സർക്കാർ തടിയൂരി.

ഇപ്പോൾ വിവാദമായ കെഎസ്എഫ്ഇ ബ്രാഞ്ചുകളിലെ വിജിലൻസ്  പരിശോധനയും അതു സംബന്ധിച്ച നടപടികളും പോലീസ് ഉപദേഷ്ടാവ് ശ്രീവാസ്തവയുടെ അനുമതിയോടെയാണെന്നു ഇന്നു ചില പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്തിയുടെ ഉപദേശകൻ സർക്കാരിനെ വെട്ടിലാക്കുന്ന നടപടികൾക്കു പച്ചക്കൊടി കാണിച്ചത് പാർട്ടിയിലും ചർച്ചാ വിഷയമാണ്. ധനമന്ത്രി തോമസ്  ഐസക്കും പാർട്ടി സെക്രട്ടറിയറ്റിലെ ചില മുതിർന്ന അംഗങ്ങളും പരസ്യമായി വിജിലൻസ് നടപടിയെ തള്ളിപ്പറഞ്ഞു. വിഷയം സിപിഎം നേതൃത്വത്തിലെ ചില ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണവും ശക്തമാണ്. അതു തിരിച്ചറിഞ്ഞു കൊണ്ടാണ് ഐസക്ക് വിജിലൻസിനെതിരെ മുൻകൂട്ടിത്തന്നെ പരസ്യമായ ആക്രമണത്തിന്  മുതിർന്നത് എന്ന വിലയിരുത്തലുമുണ്ട്.

 ഇതിനു പുറമെയാണ് നേരത്തെ ലൈഫ് മിഷനുമായി ബന്ധപ്പെട്ടു കൈരളി ചാനൽ നടത്തിയ വെളിപ്പെടുത്തൽ പാർട്ടിക്കും സർക്കാരിനും ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തിയത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനാണ് ലൈഫ് മിഷൻ പദ്ധതിയിൽ കൈക്കൂലി നേരത്തെ ആരോപിക്കപ്പെട്ട പോലെ വെറും ഒരു കോടിയല്ല, മറിച്ചു  നാലരക്കോടിയാണ് എന്ന വെളിപ്പെടുത്തൽ നടതിയത്. അതോടെ പ്രതിപക്ഷത്തിനു പുതിയൊരു വിഷയം  കൂടി ലഭ്യമായി. അനവസരത്തിലുണ്ടായ ഈ ആരോപണം പാർട്ടിക്കും സർക്കാരിനും കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കി എന്ന് സിപിഎം നേതൃത്വം വിലയിരുത്തുകയും ചാനൽ മേധാവിയെ എകെജി സെന്ററിൽ  വിളിച്ചു വരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. 

Leave a Reply