കിഫ്ബി ചോദ്യോത്തരങ്ങൾ (3)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

മസാല ബോണ്ട് എന്തെന്നു വിശദീകരിക്കാമോ? 

കൂട്ടുടമക്കമ്പനികൾ വലിയ തോതിൽ പണം സമാഹരിക്കുന്നത് ഓഹരികളും കടപ്പത്രങ്ങളുമിറക്കിയും സ്ഥാപനവായ്പകൾ എടുത്തുമാണ്. ഓഹരിയുടമകൾ കമ്പനിയുടെ ഉടമസ്ഥരാണ്; കടപ്പത്രങ്ങൾ വാങ്ങുന്നവർ ഉത്തമർണരും.  ഇരുവരും നിക്ഷേപകരാണ്. ഓഹരിയുടമകളുടെ നേട്ടം ഡിവിഡൻറായി കിട്ടുന്ന ലാഭവിഹിതമാണ്.  കടപ്പത്രത്തിന്റെ കാലയളവിൽ ലഭിക്കുന്ന പലിശയാണ് കടപ്പത്ര നിക്ഷേപകരുടെ ആദായം. ഓഹരികളും കടപ്പത്രങ്ങളും വിപണിയിൽ കൈമാറുമ്പോഴും ലാഭം (നഷ്ടവും) ഉണ്ടാകാം. ബോണ്ട് എന്നത് ഒരിനം കടപ്പത്രമാണ്. കമ്പനികൾ മാത്രമല്ല, സർക്കാരുകളും ധനസമാഹരണത്തിനായി ബോണ്ടുകൾ ഇറക്കാറുണ്ട്. 

മൂലധനക്ഷാമമുള്ള ഇന്ത്യയടക്കമുള്ള അവികസിത രാജ്യങ്ങളിലെ കൂട്ടുടമക്കമ്പനികൾ വിദേശനിക്ഷേപത്തിനായി പുറംവിപണിയിൽ കടപ്പത്രങ്ങൾ ഇറക്കാറുണ്ട്. അവയുടെ വിലയിട്ടിരുന്നത് ഡോളറിലോ യൂറോവിലോ ആയിരുന്നു. ഇന്ത്യൻ രൂപയിൽ വില നിശ്ചയിക്കപ്പെട്ടിട്ടുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ടുകൾ. വില രൂപയിലാണെങ്കിലും വ്യവഹാരം നടക്കുന്നത് വിദേശനാണയത്തിൽ തന്നെയാണ്. കാലാകാലം പലിശയും കാലാവധി കഴിയുന്നതോടെ മുതലും തത്സമയത്തെ വിനിമയനിരക്ക് അനുസരിച്ചു  വിദേശനാണയത്തിൽ തീർപ്പാക്കുന്നു.  

മസാല ബോണ്ടെന്ന നൂതനാശയം റിസർവ് ബാങ്ക് മുന്നോട്ടുവെക്കുന്നത് എപ്പോഴാണ്?  

ഒരു കാര്യം വ്യക്തമാക്കട്ടെ – ഇന്ത്യൻ രൂപയിൽ വിലയിട്ട ആഗോള കടപ്പത്രമെന്ന ആശയം മുന്നോട്ടുവെച്ചതും ആദ്യം പ്രാവർത്തികമാക്കിയതും റിസർവ് ബാങ്കല്ല, ലോകബാങ്ക് ഗ്രൂപ്പ് സ്ഥാപനമായ ഇന്റർനാഷനൽ  ഫിനാൻസ് കോർപറേഷൻ  (ഐഎഫ്‌സി) ആണ്. റിസർവ്ബാങ്ക് പുതിയ നയം പ്രഖ്യാപിച്ചത് 2015ലാണ്. എന്നാൽ 2013 മുതൽ ഈ ദിശയിൽ പ്രവർത്തനമാരംഭിച്ച ഐഎഫ്‌സി 550  കോടി    ഡോളറിനു തുല്യമായ തുക മസാല ബോണ്ടുകൾ വഴി ലോകവിപണിയിൽനിന്ന് പശ്ചാത്തല സൗകര്യ പദ്ധതികൾക്കായി ഇന്ത്യയിൽ നിക്ഷേപത്തിനു സമാഹരിച്ചിരുന്നു.  തങ്ങളുടെ   പ്രവർത്തനമാണ് റിസർവ് ബാങ്കിന്റെ പ്രചോദനമെന്നു ഐഎഫ്‌സി അർത്ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുന്നു. “ഞങ്ങളുടെ കടപ്പത്ര പദ്ധതിയുടെ വിജയം രൂപയിൽ വില നിശ്ചയിച്ച കടപ്പത്രങ്ങൾ പുറംവിപണിയിൽ ഇറക്കുന്നതിനു തദ്ദേശീയ കമ്പനികൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ചു ആലോചിക്കുവാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചു.” (‘ഐഎഫ്‌സി ഇൻ ഇന്ത്യ: പ്രമോട്ടിങ് സസ്‌റ്റെയ്‌നബിൾ പ്രൈവറ്റ് സെക്റ്റർ ലെഡ് ഗ്രോത്ത് ‘, 2016, എന്ന ഐഎഫ്‌സി പ്രസിദ്ധീകരണത്തിൽ നിന്ന്.)  

Leave a Reply