മരുഭൂമിയിലെ അത്ഭുതസ്തൂപം അപ്രത്യക്ഷമായി
ന്യൂയോർക്ക്: അമേരിക്കയിലെ യൂട്ടാ മരുഭൂമിയിലെ കുന്നിൻപ്രദേശത്തു കണ്ടെത്തിയ അത്ഭുത സ്‌തൂപം അപ്രത്യക്ഷമായതായി സിഎൻഎൻ ചാനലും മറ്റു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. നവംബർ 18നു പ്രദേശത്തു ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തുകയായിരുന്ന വനം -വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരാണ് മരുഭൂമിയിൽ സ്‌തൂപം ആദ്യം കണ്ടെത്തിയത്. അതു സാമൂഹിക മാധ്യമങ്ങളിൽ വൻ വാർത്തയായതോടെ നൂറുകണക്കിന് സാഹസിക സഞ്ചാരികളാണു സ്തുപം കാണാനായി മരുഭൂമിയിലേക്ക് യാത്ര തിരിച്ചത്.
എന്നാൽ ആദ്യത്തെ സഞ്ചാരികൾ എത്തി സ്‌തൂപത്തിന്റെ പടമെടുത്തു മടങ്ങി അധികം കഴിയും മുമ്പുതന്നെ സ്‌തൂപം പൊടുന്നനെ അപ്രത്യക്ഷമായതായാണ് വിവിധ വാർത്താ മാധ്യമങ്ങൾ അറിയിച്ചത്. മരുഭൂമിയിൽ കണ്ടെത്തിയ സ്‌തൂപം നീക്കം ചെയ്തത് തങ്ങളല്ലെന്നു യൂട്ടാ വനം -വന്യജീവി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് സഞ്ചാരികൾ യൂട്ടാ മരുഭൂമിയിലെ പാറക്കെട്ടുകൾക്കിടയിൽ കണ്ടെത്തിയ സ്‌തൂപം തേടി അങ്ങോട്ട് യാത്ര തുടങ്ങിയത്. ആദ്യം അവിടെയെത്തിയ മുൻ അമേരിക്കൻ സൈനികൻ ഡേവിഡ് സർബർ പറഞ്ഞത് അതു ഉള്ളു പൊള്ളയായ സ്റ്റീലിന്റെ സ്തുപമായാണ് അനുഭവപ്പെട്ടതെന്നാണ്. മരുഭൂമിയിൽ രാത്രി ആറു മണിക്കൂറിലേറെ യാത്ര ചെയ്താണ് അദ്ദേഹം സ്ഥലത്തു എത്തിയത്. പിന്നീട് ഡസൻ കണക്കിനു യാത്രക്കാരും അവിടെ പാഞ്ഞെത്തി .
പക്ഷേ ഒരു പകൽ കഴിഞ്ഞതോടെ വെള്ളിയാഴ്ച രാത്രി സ്‌തൂപം അപ്രത്യക്ഷമായി എന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. ആരാണ് അതു കൊണ്ടുപോയതെന്നു അറിയില്ലെന്നും അവർ പറഞ്ഞു.
സ്‌തൂപം മാദ്ധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. അതു അന്യഗ്രഹ ജീവികൾ കൊണ്ടുവച്ചതാവാമെന്നും ചിലർ അഭിപ്രായപ്പെട്ടു. സംഭവം സംബന്ധിച്ചു വനം-വന്യജീവി വകുപ്പ് അധികൃതർ പറഞ്ഞതു നിയമപ്രകാരമുള്ള അനുമതിയില്ലാതെ പൊതുഭൂമിയിൽ കടന്നുകയറി സ്ഥാപിക്കപ്പെട്ട സ്തുപമാണ് അതെന്നാണ്. അതുചെയ്തതു അന്യഗ്രഹ ജീവികളായാലും നിയമം അവർക്കും ബാധകമാണെന്നും വകുപ്പിന്റെ പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി .
ഏതായാലും ഒരു ദിവസത്തിനുള്ളിൽ സ്‌തൂപം അപ്രത്യക്ഷമായി. ആരാണ് അതു അവിടെ സ്ഥാപിച്ചത് എന്ന ചോദ്യമാണ് അമേരിക്കയിലെ കലാലോകത്തെ ഏറ്റവും ചൂടുള്ള ചർച്ചാ വിഷയം. ചില കലാകാരൻമാർ ഇത്തരം കുസൃതികളുടെ പേരിൽ വിഖ്യാതരാണ് അമേരിക്കയിൽ . അവരിൽ ആരെങ്കിലുമായിരിക്കും ഈ സ്‌തൂപം മരുഭൂമിയിൽ സ്ഥാപിച്ചത് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. പക്ഷേ സ്‌തൂപം അപ്രത്യക്ഷമായിട്ടും അതിന്റെ പിന്നിലെ പ്രതിഭ ആര് എന്നകാര്യം ഇപ്പോഴും ചർച്ചയാണ്.