ആണവ ശാസ്ത്രജ്ഞന്റെ കൊലയ്ക്കുപകരം വീട്ടുമെന്ന് ഇറാൻ;പക്ഷേ യുദ്ധ സാധ്യത കുറവ്
ന്യൂയോർക്ക്: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫക്രിസാഡെയെ ഇസ്രായേലി ഏജന്റുമാർ വധിച്ചതിന് പകരം വീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ ഇന്നലെ പ്രതിജ്ഞ ചെയ്തുവെങ്കിലും ഇസ്രയേലുമായി ഒരു തുറന്ന യുദ്ധത്തിന് സാധ്യത കുറവാണെന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ ടെഹ്റാന് വടക്കു യാത്രക്കിടയിലാണ് തോക്കുധാരികളുടെ ആക്രമണത്തിൽ ഇറാനിയൻ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടത്. അതിനു ഏതാനും മാസം മുമ്പാണ് ഇറാന്റെ പ്രമുഖ സൈനിക ജനറൽ ഖസ്സം സുലൈമാനി ബാഗ്ദാദിൽ അമേരിക്കൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയിലെ ട്രംപ് ഭരണകൂടവും ഇറാനും തമ്മിൽ ബന്ധങ്ങൾ ഏറ്റവും വഷളായ സന്ദർഭത്തിലാണ് ഇറാൻ വിപ്ലവസേനകളുടെ തലവനെ അമേരിക്ക വധിച്ചത്. അതിനു പ്രതികാരം ചെയ്യുമെന്നു ഇറാൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഏതാനും മിസൈലുകൾ ബാഗ്ദാദിലെ അമേരിക്കൻ സൈനിക കാമ്പിനുനേരെ അയച്ചതൊഴിച്ചു ശക്തമായ നടപടികൾ ഒന്നും ഇതിനിടയിൽ സ്വീകരിക്കുകയുണ്ടായില്ല.
ജനുവരി 20നു അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ജോ ബൈഡൻ അധികാരം ഏൽക്കുന്നതിനു മുമ്പ് ഇറാനെപരമാവധി പ്രകോപിപ്പിച്ചു സൈനിക നടപടികളിലേക്ക് അവരെ നയിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം എന്നു സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അമേരിക്കൻ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. 2015ൽ ബരാക് ഒബാമ ഇറാനുമായി ഒപ്പുവെച്ച ആണവക്കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവാങ്ങിയിരുന്നു. എന്നാൽ കരാർ പുനസ്ഥാപിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നു ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. അതു കൂടുതൽ വിഷമകരമാക്കുകയാണ് ഇസ്രായേൽ സർക്കാരിന്റെയും ട്രംപ് സർക്കാരിന്റെയും ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഇപ്പോൾ നടന്ന ആക്രമണം എന്നാണ് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
ഇറാനുമായുള്ള കരാർ പുനഃസ്ഥാപിക്കുമ്പോൾ കൂടുതൽ ശക്തമായ വ്യവസ്ഥകൾ അതിൽ ഉൾപ്പെടുത്താൻ ബൈഡൻ ശ്രമം നടത്തിയേക്കും. ഇറാൻ നിലവിലെ കരാറിലേക്കു തിരിച്ചുപോകാൻ സന്നദ്ധമാണെന്ന് ആ രാജ്യത്തിൻറെ വിദേശകാര്യ വകുപ്പ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇരു ഭാഗവും തമ്മിലുള്ള കൂടിയാലോചനകൾ തകർക്കാനാണ് പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി ഭരണകൂടം ശ്രമിക്കുന്നത്. ഇറാൻ കർക്കശമായ നടപടികളിലേക്ക് നീങ്ങിയാൽ കരാർ വീണ്ടും നടപ്പാക്കുന്നത് ബൈഡനു കൂടുതൽ പ്രയാസകരമാകുമെന്നു ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെട്ടു.
അതേസമയം, നിലവിൽ ഇസ്രയേലുമായി യുദ്ധത്തിനു ഇറാൻ തയ്യാറായാൽ അമേരിക്കയുമായുള്ള ബന്ധങ്ങൾ വേഗത്തിൽ പുനസ്ഥാപിക്കാനുള്ള സാധ്യതയാണ് അവർക്കു നഷ്ടമാകുന്നത് . അതു ഇറാന്റെ താൽപര്യങ്ങൾക്കു അനുഗുണമല്ല. അമേരിക്കൻ ഉപരോധ നടപടികളും ഗുരുതരമായ കൊറോണാ രോഗബാധയും ഇറാന്റെ സമ്പദ്ഘടനയെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്. അതിനാൽ സാമ്പത്തിക ഉപരോധം പിൻവലിക്കുകയും ഇറാനിയന്‍ എണ്ണക്കും മറ്റു കയറ്റുമതി വസ്തുക്കൾക്കും ആഗോള വിപണി കണ്ടെത്തുകയും ഇറാനെ സംബന്ധിച്ചു മർമപ്രധാനമാണ്. ഈ സാഹചര്യങ്ങളിൽ പശ്ചിമേഷ്യയിൽ ഈ കൊലയെത്തുടർന്നു സംഘർഷം വ്യാപിക്കുമ്പോഴും യുദ്ധ സാധ്യത കുറവാണെന്നു നിരീക്ഷകർ പറയുന്നു.