അരുൺമിശ്ര സുപ്രീംകോടതി കണ്ട ഏറ്റവും മോശം ജഡ്ജിയെന്ന് പ്രശാന്ത് ഭൂഷൺ
ന്യൂദൽഹി: ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും മോശം ജഡ്ജി ഈയിടെ റിട്ടയർ ചെയ്ത ജസ്റ്റിസ് അരുൺ മിശ്രയാണെന്നു പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
ദി ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അരുൺ മിശ്രയെ രൂക്ഷമായി വിമർശിക്കുന്ന പരാമർശങ്ങൾ പ്രശാന്ത് ഭൂഷൺ നടത്തിയത്. ഏതാനും ആഴ്ചകൾക്കു മുമ്പ് പ്രശാന്ത് ഭൂഷണ് എതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു. കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് ഭൂഷൺ പഴയ ചില ട്വീറ്റുകളിൽ കോടതിയലക്ഷ്യം നടത്തിയതായി കണ്ടെത്തുകയും അദ്ദേഹത്തിനു ഒരു രൂപ പിഴ വിധിക്കുകയും ചെയ്തു. കേസിൽ മാപ്പുപറഞ്ഞാൽ നടപടി ഒഴിവാക്കാമെന്ന കോടതിയുടെ വാഗ്ദാനം ഭൂഷൺ നിരസിക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ചില ജൂനിയർ ജഡ്ജിമാരെ വ്യക്തിഗതമായ വൈരനിര്യാതനത്തിനും സ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കാനുമായി ഉപയോഗിക്കുന്നത് പതിവായിരിക്കുകയാണ് എന്നു പ്രശാന്ത് ഭൂഷൺ ആരോപിച്ചു. അത്തരം പരിപാടികൾക്കു സ്ഥിരമായി നിന്നുകൊടുത്തയാളാണ് അരുൺ മിശ്ര . തന്റെ നേരെയുള്ള കേസടക്കം അത്തരം നിരവധി അനുഭവങ്ങളുണ്ട്. കോടതിയിൽ തന്റെ നടപടികളും നിലപാടുകളും ഉണ്ടാക്കുന്ന പ്രത്യാഘാതത്തെപ്പറ്റി അദ്ദേഹം ഒട്ടും പരിഗണിക്കുകയുണ്ടായില്ല. അതു ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ ക്ഷതമാണ് ഉണ്ടാക്കിയത്.

1990ൽ പിതാവ് ശാന്തിഭൂഷണുമായി ചേർന്ന് ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ പ്രസ്ഥാനം ആരംഭിച്ച പ്രശാന്ത് ഭൂഷൺ പറയുന്നത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ ഇന്ത്യൻ ജുഡീഷ്യറിയിൽ ഇത്തരം അനാശാസ്യ പ്രവണതകൾ കൂടുതൽ ശക്തമായി എന്നാണ്. ബിജെപി ഭരണത്തിൽ വന്നശേഷം സുപ്രീം കോടതിയിൽ വരുന്ന ജഡ്ജിമാരെ നിരീക്ഷിക്കാൻ സർക്കാർ രഹസ്യാന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന പ്രവണത വർധിക്കുകയാണ്. ഓരോ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെക്കുറിച്ചും അവർ രഹസ്യ ഫയലുകൾ തയ്യാറാക്കിയിട്ടണ്ട്. അതുപയോഗിച്ചു അവരെ ഭീ ഷണിപ്പെടുത്താനും സർക്കാരിനും ഭരണകക്ഷിക്കും മടിയില്ല. അത്തരം സമ്മർദ്ദ ങ്ങളെ അപൂർവം ജഡ്ജിമാർക്കു മാത്രമാണ് അതിജീവിക്കാൻ കഴിഞ്ഞത്. ചീഫ് ജസ്റ്റിസായിരുന്ന ആർ എം ലോധ അത്തരത്തിലുള്ള ഒരു സമ്മർദ്ദത്തിനും വിധേയയനാകാതിരുന്ന ശക്തനായ ന്യായാധിപനായിരുന്നു എന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു.