യൂട്ടാ മരുഭൂമിയിൽ അത്ഭുതസ്തൂപം; കാഴ്ച കാണാൻ സാഹസിക യാത്രികർ
ന്യൂയോർക്ക്: അമേരിക്കയിലെ യൂട്ടാ മരുഭൂമിയിൽ കൊടും പാറക്കെട്ടുകൾക്കിടയിൽ കഴിഞ്ഞയാഴ്ച ഒരുസംഘം ഉദ്യോഗസ്ഥർ കണ്ടെത്തിയ അത്ഭുത സ്‌തൂപം നേരിട്ടുകാണാനായി നൂറുകണക്കിനു സഞ്ചാരികൾ മരുഭുമിയിലേക്കു കുതിക്കുകയാണ്.
കഴിഞ്ഞയാഴ്ച അമേരിക്കൻ വനം-വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരാണ് പ്രദേശത്തു ഹെലികോപ്ടറിലുടെ സഞ്ചരിക്കുമ്പോൾ താഴെ വെയിലിൽ തിളങ്ങുന്ന ഒരു സ്‌തൂപം കണ്ടെത്തിയത്. മരുഭൂമിയിൽ വന്യജീവികളുടെ കണക്കെടുക്കുന്ന ജോലിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരാണ് അതു കണ്ടെത്തിയത്. മരുഭൂമിയിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രം എത്തിച്ചേരുന്ന പ്രദേശമാണിത്. വഴിതെറ്റി ആപത്തിലകപ്പെടാൻ എളുപ്പമാണ്. അതിനാൽ സ്ഥലത്തു ഇറങ്ങി സ്‌തൂപത്തിന്റെ ചിത്രം എടുത്ത ഉദ്യോഗസ്ഥർ എവിടെയാണ് അതു സ്ഥിതി ചെയ്യുന്നത് എന്ന കാര്യം വെളിപ്പെടുത്തിയില്ല.
എന്നാൽ വാർത്ത പുറത്തു വന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ മത്സരമായി. സ്ഥലം കണ്ടെത്തി അവിടെ എത്തിച്ചേരാനാണ് മത്സരം മുറുകിയത്. യൂട്ടായിലെ മരുഭൂമിയിൽ കാര്യമായി ഉള്ളതു ചൊവ്വയിലെപ്പോലെ ചുവന്ന നിറത്തിലുള്ള മണ്ണും പാറക്കെട്ടുകളുമാണ്. അതിനാൽ അവിടേക്കുള്ള യാത്ര ദുഷ്കരവും ആപത്തു നിറഞ്ഞതുമാണ്.
വാർത്ത പുറത്തുവന്നു 48 മണിക്കൂറിനകം സാഹസിക സഞ്ചാരികൾ സ്ഥലം നിർണയിച്ചു അവിടെ എത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സേനയിൽ ഇൻഫൻട്രി ഓഫീസറായിരുന്ന 33കാരൻ ഡേവിഡ് സർബറാണ് അവിടെ ആദ്യം എത്തിയത്. ഇന്നലെ രാത്രിയിൽ ആറുമണിക്കൂറിലേറെ കാറോടിച്ചു പുലരും മുമ്പുതന്നെ സർബർ സ്ഥലത്തെത്തി. അദ്ദേഹം അവിടെയെത്തി അധികം കഴിയും മുമ്പ് തന്നെ മരുഭുമിയിലൂടെ വേറെയും നിരവധിയാളുകൾ അത്ഭുത സ്‌തൂപം അന്വേഷിച്ചു അവിടെ എത്തിക്കഴിഞ്ഞിരുന്നു.
വനം-വന്യജീവി വകുപ്പിന്റെ സർവ്വേ ഹെലികോപ്ടറുകളുടെ യാത്രാപഥം പരിശോധിച്ചു അന്നു അവിടെ എത്താനിടയുള്ള വാഹനങ്ങൾ കണ്ടെത്തുകയാണ് സർബർ ആദ്യം ചെയ്തത്. അവ മരുഭൂമിയിൽ ഇറങ്ങിയ സ്ഥലങ്ങൾ അടയാളപ്പെടുത്തുകയാണ് പിന്നീട് ചെയ്തത്. അതിൽ നിന്നാണ് അത്ഭുത സ്‌തൂപം എവിടെയാണുള്ളത് എന്ന കാര്യം കണ്ടെത്തിയത്. പിന്നെ മടിച്ചുനിന്നില്ല. കാറെടുത്തു അപ്പോഴേ പുറപ്പെട്ടു. നേരംവെളുക്കുംമുമ്പ് സ്‌തൂപത്തിനരികിലെത്തി പടവും എടുത്തു ആൾ ഇപ്പോൾ വലിയ ഹീറോ ആയിക്കഴിഞ്ഞു.
എന്നാൽ സ്‌തൂപം എവിടെയെന്നു കണ്ടെത്തിയെങ്കിലും അതിന്റെ പിന്നിലെ ദുരൂഹത മാറിയിട്ടില്ല. ആരാണ് അതവിടെ സ്ഥാപിച്ചത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അന്യഗ്രഹ ജീവികൾ കൊണ്ടുവച്ചതായിരിക്കും എന്നൊരു കൂട്ടർ. അതല്ല ഏതോ അജ്ഞാത കലാകാരൻ ബോധപൂർവം മരുഭൂമിയിൽ അവശേഷിപ്പിച്ച ഒരു കലാശില്പമാണത് എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ആരായിരിക്കും അതു ചെയ്തത് എന്നതിനെ സംബന്ധിച്ച നിരവധി അഭിപ്രായങ്ങളുണ്ട്. എന്നാൽ സത്യമെന്ത് എന്നു ഇനിയും കണ്ടെത്തിയിട്ടുമില്ല