സമ്പദ് ഘടനയിൽ മാന്ദ്യം;രണ്ടാംപാദത്തിൽ 7.5 % പിന്നോട്ടടി
ന്യൂദൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം അടച്ചിടൽ നടപടികളിലൂടെ കടന്നുപോയ മാസങ്ങളിൽ സമ്പദ്ഘടന നേരിട്ട തിരിച്ചടിയും ശോഷണവും സാമ്പതികവർഷത്തിന്റെ രണ്ടാം പാദത്തിലും തുടർന്നുവെന്നു ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു
2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദമായ ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഇന്ത്യൻ സമ്പദ്ഘടന 23.94% ശോഷിച്ചുവെങ്കിൽ ജൂലൈ -സപ്റ്റംബർ അടങ്ങുന്ന രണ്ടാംപാദത്തിൽ ശോഷണം 7.5% മാത്രമാണെന്നു മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്‍ണമൂർത്തി സുബ്രഹ്മണ്യൻ മാധ്യമങ്ങളെ അറിയിച്ചു. ഇതു ചുണ്ടിക്കാണിക്കുന്നതു ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിൽ നിന്നും അതിവേഗം പുറത്തുകടക്കുകയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബർ -ഡിസംബർ അടങ്ങുന്ന മൂന്നാംപാദത്തിൽ വളർച്ച കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലെത്തുമെന്നും അടുത്ത സാമ്പത്തിക വർഷം രാജ്യം ശക്‌തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.