കൂടുതൽ കർഷകർ ദില്ലിയിലേക്ക് സമരം രൂക്ഷമാകുന്നു

ന്യൂദൽഹി: പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തടുങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകരുടെ സംഘങ്ങൾ തലസ്ഥാന നഗരിയെ ലക്ഷ്യമാക്കി പുറപ്പെട്ടതിനാൽ ഇന്നുമുതൽ സമരം കൂടുതൽ ശക്തവും സംഘർഷ ഭരിതവുമാകുമെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാർഷികമേഖലയിൽ സമഗ്ര പരിഷ്‌കാരം ലക്ഷ്യമാക്കി കഴിഞ്ഞ പാർലമെന്റിൽ പാസ്സാക്കിയ കേന്ദ്രസർക്കാരിന്റെ മൂന്നു  നിയമങ്ങൾക്കെതിരെയാണ് സംയുക്ത കിസാൻ മോർച്ചയുടെ അഭിമുഖ്യത്തിൽ കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിനു ഇറങ്ങി തിരിച്ചത്. വെള്ളിയാഴ്ച  ദൽഹിയുടെ അതിർത്തിയിൽ പോലീസ് കർഷകരെ തടഞ്ഞു. പലയിടത്തും കടുത്ത ഏറ്റുമുട്ടലാണ് കർഷകരും പോലീസുമായി നടന്നത്. കർഷകർ നഗരത്തിലേക്കു  പ്രവേശിക്കുന്നതു തടയാനാണ് പോലീസ് ശ്രമിച്ചത്. കടുത്ത  ഏറ്റുമുട്ടലിൽ നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.  ബിബിസി അടക്കമുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്നലെ നടന്ന ഏറ്റുമുട്ടലുകൾ എല്ലാ ബുള്ളറ്റിനുകളിലും പ്രധാന വാർത്തയായാണ് നൽകിയത്.

കർഷകരെ  നേരിടുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാർ അവരുടെ പ്രതിനിധികളുമായി ഡിസംബർ മൂന്നിനു ചർച്ച നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിലെ പ്രധാന അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി  നരേന്ദ്ര സിങ് തോമർ അറിയിച്ചു.  അതേസമയം, കർഷക സമൂഹത്തിൽ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനു പാർട്ടി തയ്യാറെടുക്കുകയാണെന്നു വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾ അറിയിച്ചു.

കാർഷിക ഉത്പന്നങ്ങൾക്കു താങ്ങുവില ഉറപ്പാക്കുന്ന സംവിധാനം എടുത്തുകളഞ്ഞു പകരം  സ്വകാര്യ കുത്തകകളെ സംഭരണം ഏൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് കർഷകരെ പ്രകോപിതരായിക്കിയിരിക്കുന്നത്. നിലവിലുള്ള സർക്കാർ നിയന്ത്രിത കമ്പോളങ്ങൾക്കു പകരം റിലയൻസ് അടക്കമുള്ള  വൻകിട കമ്പനികൾ കാർഷിക മേഖലയിൽ പ്രവേശിക്കുന്നതോടെ ചെറുകിട, ഇടത്തരം കർഷകരുടെ ഭാവി അപകടത്തിലാകും എന്ന ഭയമാണ് അവർ പ്രകടിപ്പിക്കുന്നത്.

പ്രക്ഷോഭം രൂക്ഷമായ പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ  നിന്നു ഡൽഹിയിലേക്ക് മാർച്ചു ചെയ്യാൻ തയ്യാറായി നൂറുകണക്കിനു കർഷക സംഘങ്ങൾ അമൃത്‌സറിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ പറയുന്നു. ഓരോ ഗ്രാമത്തിൽ നിന്നും 20-25  പേർ അടങ്ങുന്ന സംഘങ്ങളാണ് എത്തിയിരിക്കുന്നത്.  മൂന്നാഴ്ച ഡൽഹിയിൽ തങ്ങി സമരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുമായാണ് ഓരോ സംഘവും പുറപ്പെട്ടത്. ഭക്ഷണവും വസ്ത്രങ്ങളും അടുപ്പും അടക്കം സംഭരിച്ചു ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായാണ് അവർ  പുറപ്പെട്ടത്. നിലവിലെ സംഘങ്ങൾ തിരിച്ചെത്തുമ്പോൾ പകരം ഡൽഹിയിലേക്ക് പുറപ്പെടാനായി നിരവധി സംഘങ്ങൾ ഓരോ ഗ്രാമത്തിലും തയ്യാറായതായി കർഷക നേതാക്കൾ അറിയിക്കുന്നു.  

Leave a Reply