കിഫ്‌ബി: ചോദ്യോത്തരങ്ങൾ (2)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.   

ചോദ്യം: ഇന്ന് കിഫ്ബിയെക്കുറിച്ചുള്ള ഒരു പ്രധാന വിമർശനം അതിന്റെ പ്രവർത്തനം സുതാര്യമല്ല, ജനപ്രതിനിധികൾക്കുപോലും പദ്ധതികളെക്കുറിച്ചു അറിയാൻ കഴിയുന്നില്ല എന്നതാണ്. ഈയൊരു വിമർശനത്തിനു അടിസ്ഥാനമുണ്ടോ? ഇക്കാര്യത്തിൽ 1999ലെയും 2016ലെയും കിഫ്‌ബി നിയമങ്ങൾ തമ്മിൽ വ്യത്യാസമുണ്ടോ?    

1999ലെ കിഫ്‌ബി നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം കിഫ്ബിയുടെ എല്ലാ പദ്ധതികൾക്കും നിയമസഭയുടെ അംഗീകാരം നിർബന്ധമാണ്. പ്രസ്തുത വകുപ്പ് അനുശാസിക്കുന്നത് ഓരോ പദ്ധതിയും ആവിഷ്കരിക്കുന്ന മുറയ്ക്ക് നിയമസഭയിൽ അവതരിപ്പിക്കണമെന്നും  സാമാജികരുടെ നിർദേശങ്ങൾ പരിഗണിച്ചു ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി സഭയുടെ അനുമതി നേടണമെന്നുമാണ്. 

2016ലെ കിഫ്‌ബി ഭേദഗതി നിയമം മേൽസൂചിപ്പിച്ച വകുപ്പ് പൂർണമായി നീക്കം ചെയ്തു. പുതിയ വ്യവസ്ഥകൾ പ്രകാരം കിഫ്ബിയുടെ നിർവഹണ സമിതി മുന്നോട്ടു വെക്കുന്ന പദ്ധതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാവും. കിഫ്‌ബി നിർവഹണസമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ധനമന്ത്രിയുമാണെന്നിരിക്കെ നിർവഹണസമിതിയുടെ തീരുമാനം ഫലത്തിൽ അന്തിമതീരുമാനമാണ്.  

ചോദ്യം: “ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ കിഫ്ബിയുടെ  ഭാവി പദ്ധതികൾ പ്രഖ്യാപിക്കും. ബജറ്റിനൊപ്പം കിഫ്ബിയുടെ വാർഷികറിപ്പോർട്ട് നിയമസഭയിൽ വെക്കും.” ഇതു കണക്കിലെടുക്കുമ്പോൾ കിഫ്‌ബി പദ്ധതികൾക്ക് സുതാര്യതയില്ലെന്ന ആക്ഷേപം നിലനിൽക്കുമോ? 

ഇവിടെ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബജറ്റ് പ്രസംഗത്തിൽ കിഫ്ബിയുടെ ഭാവിപദ്ധതികൾ വെളിവാക്കണമെന്നു കിഫ്ബി നിയമം അനുശാസിക്കുന്നില്ല. അതായത്, പദ്ധതികൾ പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിൽ നിയമപരമായി അതു ചോദ്യം ചെയ്യാൻ കഴിയില്ല. പരാമർശിച്ചാൽത്തന്നെയും പദ്ധതികളെക്കുറിച്ചു വിശദമായ ചർച്ച ബജറ്റ് അവതരണവേളയിൽ സാധ്യമാവുകയില്ല. അതുകൊണ്ടാണല്ലോ പദ്ധതികൾ ആവിഷ്ക്കരിക്കുന്ന മുറയ്ക്ക് അവ  നിയമസഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും വേണമെന്ന് 1999ലെ കിഫ്‌ബി നിയമം വ്യവസ്ഥ ചെയ്തത്.   

രണ്ടാമതായി, ബജറ്റിനൊപ്പം കിഫ്ബിയുടെ വാർഷികറിപ്പോർട്ട് നിയമസഭയിൽ വെക്കുന്നത് സുതാര്യതയുടെ അഭാവം  പരിഹരിക്കാൻ പര്യാപ്തമല്ല. കഴിഞ്ഞുപോയ വർഷത്തിലെ പദ്ധതിനടത്തിപ്പു സംബന്ധിച്ച  വിവരവും വരവുചെലവുമാണ് വാർഷികറിപ്പോർട്ടിൽ നിന്നു ലഭിക്കുക. എന്നാൽ ബജറ്റുവേളയിൽ കൂടുതൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടത് വരാനിരിക്കുന്ന വർഷത്തെ പദ്ധതികളാണ്. നിയമസഭാ സാമാജികർക്കു തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ടുവെക്കാനും പദ്ധതികളുടെ നിലവാരം മെച്ചപ്പെടുത്താനും അവയുടെ നടത്തിപ്പ് താരതമ്യേന കുറ്റമറ്റതാക്കാനും അങ്ങനെയേ കഴിയൂ. ഇതു സാധ്യമാകണമെങ്കിൽ ഓരോ ധനകാര്യ വർഷത്തിന്റെയും അവസാനത്തോടെ അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ കിഫ്‌ബി തീരുമാനിക്കുകയും അവ സംയോജിപ്പിച്ചു പ്രവർത്തനപദ്ധതി (വർക്കിങ് പ്ലാൻ) തയ്യാറാക്കുകയും വേണം. പോയവർഷത്തെ പ്രവർത്തനറിപ്പോർട്ടല്ല, വരുംവർഷത്തെ പ്രവർത്തന പദ്ധതിയാണ് ബജറ്റിനൊപ്പം നിയമസഭയിൽ വെക്കേണ്ടത്. കൂടാതെ, കിഫ്ബി പദ്ധതികൾ ചർച്ച ചെയ്യാൻവേണ്ടി ബജറ്റുവേളയിൽ നിയമസഭ പ്രത്യേകം സമ്മേളിക്കണം. കിഫ്ബി നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വേണ്ടിവരും
(തുടരും. വായനക്കാരുടെ ചോദ്യങ്ങൾ 8301075600 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അയക്കേണ്ടതാണ്. പത്രാധിപർ).  

Leave a Reply