“ഈ പോരാട്ടം നയിക്കുന്നത് ബെലാറസിലെ ധീരവനിതകളാണ്”

സ്വെറ്റ്ലാന അലെക്സിയേവ/ (ദേർ സ്പീഗൽ)

മുൻ സോവിയറ്റ് റിപ്പബ്ലിക് ബെലാറസ് സ്വദേശിയായ സ്വെറ്റ്ലാന അലെക്സിയേവ (72) റഷ്യൻ ഭാഷയിൽ എഴുതുന്ന പത്രപ്രവർത്തകയും ചരിത്രകാരിയുമാണ്.  രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള റഷ്യയുടേയും അതിന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകളുടെയും  ജീവിക്കുന്ന ചിത്രങ്ങളാണ് അവരുടെ കൃതികളിൽ കാണുന്നത്. 2015ൽ അവർക്കു സാഹിത്യത്തിനുള്ള നൊബൽ സമ്മാനം നൽകപ്പെട്ടു.

ആഗസ്റ്റ് മാസത്തിൽ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പു അട്ടിമറിയിൽ പ്രതിഷേധിച്ചു  ബെലാറസിൽ ജനങ്ങൾ തെരുവിലിറങ്ങി. അതേത്തുടർന്ന്  പ്രസിഡണ്ട് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ  ഭരണകൂടം കടുത്ത അടിച്ചമർത്തൽ നയങ്ങളാണ് പിന്തുടരുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്  ജർമനിയിലെ ബർലിനിൽ ചികിത്സയ്ക്കായി എത്തിയ ബെലാറസിലെ ഏറ്റവും പ്രശസ്തയായ  എഴുത്തുകാരിയുമായി ദേർ സ്പീഗൽ നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്:

ചോ: രണ്ടു മാസമായി താങ്കൾ ഇവിടെ ചികിത്സയിലാണ്.ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട്? 

അലെക്സിയേവ: ട്രൈജമിനൽ ന്യൂറൽജിയ എന്ന അസുഖമാണ് എന്നെ അലട്ടുന്നത്. മുഖത്തെ പേശികൾ വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു. ഇവിടെ നടത്തിയ ചികിത്സ കാരണം  വേദന കുറയുന്നുണ്ട്. 

 ഇനിയെത്ര കാലം ബെർലിനിൽ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്?

ലുകാഷെങ്കോയുടെ ഭരണം അവസാനിക്കും വരെ എനിക്കു ഇവിടെ കഴിയേണ്ടിവരും. അദ്ദേഹം രാജ്യത്തെ  നാശത്തിലേക്കു നയിക്കുകയാണ്.  ആഗസ്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കു ശേഷം രാജ്യത്തു 27,000 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരിൽ  ശാസ്ത്രജ്ഞരുണ്ട്, പ്രഫസർമാരുണ്ട്, സാധാരണ മനുഷ്യരുണ്ട്. തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളുമുണ്ട്. ലുകാഷെങ്കോ രാജ്യത്തെ തകർക്കുകയാണ്.   

താങ്കളും ഭീഷണി നേരിടുകയുണ്ടായോ?

പ്രതിപക്ഷ ഐക്യസമിതിയിൽ ഒരു  അംഗമായിരുന്നു ഞാൻ. തുടക്കത്തിൽ അതിൽ ഏഴുപേരുണ്ടായിരുന്നു. പക്ഷേ ഓരോരുത്തരായി എല്ലാവരും തടവിലായി, ചിലർ നാടുവിടാൻ നിർബന്ധിതരായി. അവസാനം ഞാൻ മാത്രമാണ് ബാക്കിയായത്. അപ്പോൾ ഞാൻ താമസിക്കുന്ന  ബഹുനില കെട്ടിടത്തിലെ  കാവൽക്കാർ പറഞ്ഞു, പുറത്തേക്കു പോകേണ്ട. താഴെ തെരുവിൽ മുഖംമൂടി വെച്ച ആളുകൾ കാത്തിരിക്കുന്നുണ്ട്. അതോടെ ഞാൻ മാധ്യമപ്രവർത്തകരോടും സുഹൃത്തുക്കളോടും എന്റെ താമസസ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ചില യൂറോപ്യൻ രാജ്യങ്ങളുടെ അംബാസഡർമാരും എന്നെ കാണാനായി അങ്ങോട്ടു വരികയുണ്ടായി.

അതൊക്കെ  വളരെ നാടകീയമായി തോന്നുന്നു, അല്ലേ?

നാടും ജനങ്ങളും എങ്ങനെ കഴിയുന്നു എന്നതിനെക്കുറിച്ചു ലുകാഷെങ്കോ ചിന്തിക്കുന്നില്ല. ബെലാറസിൽ കോവിഡ് രൂക്ഷമായ ഈ സമയത്തു അമ്പതിലേറെ ഡോക്ടർമാരെയാണ് അദ്ദേഹം തടവിലിട്ടിരിക്കുന്നത്. അതേസമയം ആശുപത്രികളിൽ രോഗികൾ ചികിത്സ കിട്ടാതെ കഷ്ടപ്പെടുകയാണ്. മിൻസ്‌ക് നഗരത്തിലെ  പ്രശസ്തനായ ഒരു ഹൃദ്രോഗവിദഗ്ധന്റെ കാര്യം കേട്ടോളു. അദ്ദേഹത്തിന്റെ ആശുപത്രിയിലെ  ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അവരെ പിരിച്ചുവിടാൻ സർക്കാർ ആവശ്യപ്പെട്ടു. അദ്ദേഹം  ചെയ്തില്ല. അതോടെ സർക്കാർ അദ്ദേഹത്തെ പിരിച്ചുവിട്ടു. ഇന്നലെ എനിക്കു കിട്ടിയ ഒരു   സന്ദേശത്തിൽ പറയുന്നത് അദ്ദേഹത്തിന്റെ വസതിക്കു ആരോ തീയിട്ടെന്നാണ്. ശരീരം മുഴുക്കെ കുത്തി മുറിവേല്പിച്ച ഒരു പാവയും അവർ അവിടെ ഉപേക്ഷിച്ചു പോയി. മിൻസ്കിൽ എവിടെയും കാണുന്നത് ഇങ്ങനെ മുഖംമൂടി വെച്ചവരെയാണ്. അവർ ആളുകളെ പിടിച്ചുനിർത്തി ചോദ്യം ചെയ്യുന്നു.  എവിടെപ്പോകുന്നു, എന്തുചെയ്യുന്നു? ചിലരെ   പിടിച്ചുകൊണ്ടുപോകുന്നു.  ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ നടക്കുന്നത് ഒരു ആഭ്യന്തര യുദ്ധമാണ്. ഒരു ഭാഗത്തു ലുകാഷെങ്കോയുടെ അക്രമി സംഘം, മറുഭാഗത്തു നാട്ടിലെ സാധാരണജനങ്ങൾ. 

ആരാണ് ലുകാഷെങ്കോയെ  പിൻതുണക്കുന്നത്?

രാജ്യത്തെ സാധാരണക്കാരിൽ പലരും അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട് എന്നതു വാസ്തവമാണ്. ഒരുപക്ഷേ തങ്ങളുണ്ടാക്കിയ നേട്ടങ്ങൾ നഷ്ടപ്പെട്ടു പോയേക്കും എന്ന ഭയമായിരിക്കാം അവരെ നയിക്കുന്നത്. എന്നാൽ പ്രധാനമായി, ലുകാഷെങ്കോയെ താങ്ങി നിർത്തുന്നത് പഴയ സോവിയറ്റ് സംവിധാനത്തിന്റെ അവശിഷ്ടങ്ങളാണ്. എത്രവേഗത്തിലാണ് പഴയ സ്റ്റാലിൻ കാലത്തെ രഹസ്യപ്പോലീസ് അടക്കമുള്ള സംവിധാനങ്ങൾ തിരിച്ചുവന്നത് എന്നാലോചിക്കുമ്പോൾ എനിക്കുതന്നെ അത്ഭുതം തോന്നുന്നു. രണ്ടാം    ലോകയുദ്ധത്തിൽ നമ്മൾ ഫാസിസത്തെ ചെറുത്തു തോല്പിച്ചതാണ്. അതിനെതിരേ ശക്തമായ വാക്‌സിൻ നിർമിച്ചതാണ്. എന്നാൽ സ്റ്റാലിന്റെ പ്രേതവും ഗുലാഗ്  തടങ്കൽപാളയങ്ങളും തിരിച്ചുവരുന്നതു തടയാൻ നമ്മുടെ കൈവശം ഇപ്പോഴും മരുന്നൊന്നുമില്ല. പഴയ രീതികളും സമ്പ്രദായങ്ങളും എപ്പോഴും തിരിച്ചുവരാവുന്നതാണ്.  

ബെലാറസ് ജനതയുമായി വീണ്ടും ഞാൻ പ്രണയത്തിലായി എന്നാണ് താങ്കൾ ഈയിടെ പറഞ്ഞത്. എന്താണ് അതുകൊണ്ടു ഉദ്ദേശിച്ചത് ?

ഈ മാറ്റങ്ങൾ എങ്ങനെയാണു ആരംഭിച്ചതെന്ന് എനിക്കു കൃത്യമായി ഓർക്കാൻ കഴിയുന്നുണ്ട്. തിരഞ്ഞെടുപ്പിനു  വളരെ മുമ്പേ തുടങ്ങിയതാണത്. ഇവിടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണമെങ്കിൽ നിങ്ങളെ ഒരുലക്ഷം പേർ പിന്തുണക്കുന്നതായി ഒപ്പു ശേഖരിക്കണം. ഒരുദിവസം എന്റെ വീടിനടുത്തുള്ള മാർക്കറ്റിൽ പോയപ്പോൾ ഞാൻ കണ്ടത് എനിക്കു തന്നെ വിശ്വസിക്കാനായില്ല.  അഞ്ചുകിലോമിറ്റർ നീളത്തിൽ ആളുകൾ ക്യൂ നിൽക്കുകയാണ്.  പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ലുകാഷെങ്കൊക്കെതിരെ സ്ഥാനാർത്ഥിയാകും എന്നു പ്രഖ്യാപിച്ച വിക്ടർ ബാബ്റികോയ്ക്ക് വേണ്ടി പത്രികയിൽ ഒപ്പിടാനാണ് അവർ ക്യൂ നിന്നത്. നാട്ടിന്റെ പലഭാഗത്തുനിന്നും വന്നവരാണ് അവിടെയുണ്ടായിരുന്നത്.  ലുകാഷെങ്കോ ഒഴിച്ചു ആരായാലും പിന്തുണക്കും എന്നാണ് അവർ പറഞ്ഞത്. എന്റെ സ്വന്തം ജനങ്ങളെ എനിക്കുതന്നെ വിശ്വസിക്കാനായില്ല.  

എന്നിട്ടോ? ബാബ്റികോ അറസ്റ്റ് ചെയ്യപ്പെട്ടു; തിരഞ്ഞെടുപ്പിനു നില്ക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. അങ്ങനെയല്ലേ?

ഈ തിരഞ്ഞെടുപ്പിൽ  മത്സരിക്കുമെന്നു പ്രഖ്യാപിച്ച എതിരാളികളെ ലുകാഷെങ്കോ ഒന്നുകിൽ തടവിലാക്കി; അല്ലെങ്കിൽ  നാടുകടത്തി. എന്നാൽ തിരഞ്ഞെടുപ്പു ഫലം അദ്ദേഹം ആഗ്രഹിച്ചതായിരുന്നില്ല. കാരണം ഈ നേതാക്കളുടെ ഭാര്യമാർ പോരാട്ടം ഏറ്റെടുക്കാനായി മുന്നോട്ടുവന്നു. അവർക്കു ജനങ്ങളിൽ നിന്നും അതിവിപുലമായ പിന്തുണയാണ് ലഭിച്ചത്. ഈ സ്ത്രീകൾ    സഞ്ചരിച്ച ഇടങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിക്കൂടി ;അവരെക്കാണാനും അവർ പറയുന്നതു കേൾക്കാനും. പുരുഷന്മാർ ജയിലായപ്പോൾ സ്ത്രീകൾ പ്രചാരണം ഏറ്റെടുത്തു. മുമ്പൊന്നും   അങ്ങനെയൊന്നു സങ്കല്പിക്കാനാവുമായിരുന്നില്ല. 

സ്ത്രീകൾ നയിക്കുന്ന ഒരു വിപ്ലവം, അല്ലേ ?

നോക്കൂ, സ്വെറ്റ്ലാന ടൈഖനോവസ്കയ അവരുടെ ഭർത്താവ് ജയിലായപ്പോഴാണ് രംഗത്തിറങ്ങിയത്. വെറോണിക്ക സെപ്കലോ മത്സരരംഗത്തു വന്നതു അവരുടെ ഭർത്താവ് വലേറിയെ  നാടുകടത്തിയപ്പോഴാണ്. ബാബ്രിക്കോയുടെ ഭാര്യ  നേരത്തെ മരിച്ചിരുന്നു. അതിനാൽ അദ്ദേഹത്തിനുവേണ്ടി രംഗത്തു വന്നത് പ്രചാരണത്തിനു ചുക്കാൻ പിടിച്ച മരിയാ കൊളെസ്നികോവയാണ്. ഈ സ്ത്രീകളെ  എങ്ങനെ നേരിടണമെന്ന് ലുകാഷെങ്കോക്ക്‌ അറിയുമായിരുന്നില്ല. അദ്ദേഹം അവരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. അദ്ദേഹത്തിനു  പ്രധാനമായി തോന്നിയ കാര്യം സൈന്യത്തിന്റെ പിന്തുണയാണ്. അദ്ദേഹം സ്ത്രീകളെ ഗൗരവമായി എടുത്തില്ല. പക്ഷേ അവരെ പിന്തുണച്ചുള്ള ജാഥകൾ ഗ്രാമങ്ങളിൽ പോലും പടർന്നുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. 

ബെലാറസ് വനിതകളുടെ ഈ കരുത്തിന്റെ പിന്നിലെ പ്രചോദനമെന്താണ് ?

സോവിയറ്റ് യൂനിയൻ തകർന്നപ്പോൾ ഈ നാടിനെ നിലനിർത്തിയത് സ്ത്രീകളുടെ അധ്വാനമാണ്.  തകർച്ചയുടെ ആ കാലത്തു പുരുഷന്മാർ സ്വയംപഴിച്ചു മദ്യപാനത്തിൽ മുഴുകി. എന്നാൽ സ്ത്രീകൾ  തങ്ങളുടെ ഉത്പന്നങ്ങൾ വലിയ ചാക്കുകളിലാക്കി അതിർത്തി കടന്നു മറ്റു നാടുകളിൽ പോയി വില്പന നടത്തി കുടുംബം പുലർത്തി. അങ്ങനെയുണ്ടായ പുതിയ ബന്ധങ്ങളുടെ പ്രധാന സ്രഷ്ടാക്കൾ  സ്ത്രീകളായിരുന്നു. ഇത്രയേറെ  സ്ത്രീകൾ പൊതുപ്രകടനങ്ങളിൽ അണിനിരക്കുന്നത് അവിശ്വസനീയമായിരുന്നു. ബെലാറസിൽ ഇത്രയേറെ സുന്ദരികളായ സ്ത്രീകളുണ്ടെന്നു ഞാൻ മനസ്സിലാക്കിയതും ഇപ്പോഴാണ്. 

തിരഞ്ഞെടുപ്പു അട്ടിമറിക്കപ്പെട്ടുവെന്നു  വൈകാതെ ബോധ്യമായി. എങ്ങനെയാണു രാജ്യം അതിനോടു പ്രതികരിച്ചത്?

ഞങ്ങൾ പ്രതിപക്ഷ ഏകോപന സമിതി രൂപീകരിച്ചതു അധികാര കൈമാറ്റം സമാധാനപരമായും അക്രമമില്ലാതെയും നടക്കണമെന്ന താല്പര്യത്തോടെയാണ്. ജനങ്ങൾ തെരുവിലിറ ങ്ങിയത്  തങ്ങളുടെ വിജയം പ്രഖ്യാപിക്കാനാണ്. അതുകൊണ്ടാണ് അവർ  പൂക്കളുമായി വന്നത്. കറുത്ത  മുഖംമൂടിയുമായി നിൽക്കുന്ന കൂട്ടർക്ക് കൊടുക്കാനായാണ് പൂക്കൾ കൊണ്ടുവന്നത്. ഈ വിജയം  അവരുടെ കൂടി വിജയമാണെന്നു പറയാനാണ് ഞങ്ങൾ ശ്രമിച്ചത്.  ബെലാറസിൽ  ഒരു പൊതുവികാരം  ഞങ്ങൾ ചരിതത്തിന്റെ മുന്നേറ്റത്തിൽ പിന്നാക്കം പോയി എന്നതാണ്.  തകർന്ന സോവിയറ്റ് യൂണിയനിലെ അവസാനത്തെ റിപ്പബ്ലിക് ആയി കഴിഞ്ഞുകൂടാൻ ആർക്കാണ് ആഗ്രഹമുണ്ടാവുക?  അപ്പോഴാണ് കാര്യങ്ങൾ പെട്ടെന്നു മാറിമറിയാൻ തുടങ്ങിയത്. അതു പുതിയൊരു രാജ്യത്തിൻറെ ആരംഭമായിരുന്നു.  

 പ്രകടനങ്ങളെ ലുകാഷെങ്കോ നേരിട്ടത് അക്രമം അഴിച്ചുവിട്ടു കൊണ്ടാണ്. നിങ്ങൾക്ക് അല്പം അമിതവിശ്വാസം ഉണ്ടായിരുന്നുവോ?

ലുകാഷെങ്കോയും അദ്ദേഹത്തിന്റെ ആളുകളും ഇങ്ങനെയൊരു അവസ്ഥയെ  നേരിടാനായി വളരെ നേരത്തെ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ആയുധങ്ങൾ റെഡിയായിരുന്നു; ആളുകളും തയ്യാറായി നിൽക്കുകയായിരുന്നു. മാറ്റങ്ങൾ വന്നതു വളരെ പെട്ടെന്നാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് അക്രമം എങ്ങും പടർന്നത്. വെടിവെപ്പുകൾ നടന്നു.  കണ്ണീർവാതകം വൻതോതിൽ പ്രയോഗിച്ചു. ഞാൻ ഒരു  ബഹുനില കെട്ടിടത്തിലാണ് കഴിയുന്നത്. അവിടെനിന്നു നോക്കുമ്പോൾ നഗരത്തിലെങ്ങും കണ്ണീർവാതകം വ്യാപിക്കുന്നതു കാണാമായിരുന്നു. സൈറണുകൾ മുഴങ്ങുന്നതും വെടിയൊച്ചയും  ഗ്രെനേഡുകൾ പൊട്ടുന്നതും എനിക്കു കേൾക്കാമായിരുന്നു. അപ്പോൾ എനിക്കു കരച്ചിൽ ഒഴിവാക്കാനായില്ല.   അതിനുശേഷമാണ് ജയിലുകളിൽ എങ്ങനെയാണു തടവുകാരെ പീഡിപ്പിക്കുന്നത് എന്ന കാര്യം ഞങ്ങൾ കേട്ടത്. പലരും അപ്രത്യക്ഷമാവുകയായിരുന്നു.  പോലീസ് പിടിച്ചുകൊണ്ടുപോയ പലരും ഇനിയും തിരിച്ചെത്തിയിട്ടില്ല. അവർക്കു എന്തുപറ്റി എന്നും അറിയില്ല. അതായിരുന്നു ഞങ്ങൾ നേരിട്ട രണ്ടാമത്തെ ഷോക്ക്.

ആരാണ് ഇത്തരം അതിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്?

അവർ  സ്ഥിരം പൊലീസ്‌ സേനയല്ല. വിപ്ലവത്തെ അടിച്ചമർത്താൻ ഏർപ്പെടുത്തിയ കൂലിപ്പടയാണത്. എന്തു അക്രമം നടത്താനും അവർക്കു അനുവാദം കൊടുത്തിരിക്കുകയാണ്.  ഭരണകൂടം അവർക്കു ആയുധവും അധികാരവും നൽകി തെരുവിൽ അഴിച്ചു വിട്ടിരിക്കുകയാണ്.

 റഷ്യൻ സുരക്ഷാസേനകളും ബെലാറസിൽ ഇടപെട്ടതായി ചില വാർത്തകൾ കേൾക്കുകയുണ്ടായല്ലോ? 

 അതു ശരിയാണെന്നാണ് ഞാനും കരുതുന്നത്.  ബെലാറസ് ജനങ്ങളെ ഞങ്ങളുടെ സ്വന്തം സേനകൾ ഇങ്ങനെ നിന്ദ്യമായി ആക്രമിക്കുമെന്ന് കരുതാൻ വിഷമമായിരുന്നു. എന്നാൽ അതാണ് സംഭവിച്ചത്.  പ്രതിരോധമന്ത്രിയോട് ലുകാഷെങ്കോ ചോദിച്ചതു പ്രക്ഷോഭകരെ നേരിടാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണോ എന്നു തന്നെയാണ്.  സൈനിക സർവകലാശാലയിലെ ചില കാഡറ്റുമാർ പറഞ്ഞത് അവരിൽ ചിലരോടു ചോദിച്ച ചോദ്യങ്ങൾ “രാജ്യത്തെ സംരക്ഷിക്കാൻ നിങ്ങളുടെ മാതാപിതാക്കളെ പോലും കൊല്ലാൻ തയ്യാറാവുമോ” എന്നൊക്കെയാണെന്നാണ്. 

ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്?

പ്രതിപക്ഷ ഏകോപനസമിതി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതിലെ അംഗങ്ങൾ ഒന്നുകിൽ തടവിലാണ്; അല്ലെങ്കിൽ   നാടുകടത്തപ്പെട്ട നിലയിലാണ്.  അല്ലെങ്കിൽ നാടുവിടേണ്ടി വന്നു. പുതിയൊരു ഏകോപനസമിതി പ്രവർത്തിക്കുന്നുണ്ട്.  പക്ഷേ  അതിലെ അംഗങ്ങളുടെ പേരുവിവരം സുരക്ഷ കാരണം പുറത്തുവിട്ടിട്ടില്ല. സാമൂഹിക മാധ്യമം വഴിയാണ് കൂടിയാലോചനകൾ നടക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങൾ ബെലാറസിൽ എന്തു നടക്കുന്നു എന്നു വേണ്ടവിധം മനസ്സിലാക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.  നിരപരാധികളായ ജനങ്ങൾക്കു നേരെ കടുത്ത അക്രമമാണ്  നടക്കുന്നത്.  ജയിലുകൾ നിരപരാധികളെക്കൊണ്ടു നിറയുകയാണ്.  പ്രകടനങ്ങളിൽ പങ്കെടുത്തു എന്നതാണ് അവരുടെ ഒരേയൊരു കുറ്റം. അവരെ ഭീകരമായി  അപമാനിക്കുകയാണ്. ജയിലുകളിൽ ടോയ്‌ലെറ്റുകളിൽ വെള്ളമില്ല.  അഞ്ചുപേർക്കുള്ള സെല്ലിൽ 35 പേരെയാണ് കുത്തിനിറച്ചിരിക്കുന്നത്. അവർക്കു  കിടക്കാൻ ഇടമില്ല. ദിവസങ്ങൾ, ചിലപ്പോൾ ആഴ്ചകൾ, നിന്നുറങ്ങണം. അത്തരം കഥകൾ സ്റ്റാലിന്റെ കാലത്തു മാത്രമാണ് ഞാൻ കേട്ടിട്ടുള്ളത്. ജനങ്ങളെ തകർക്കാനുള്ള  ശ്രമമാണ് നടക്കുന്നത്. ഈ  രാജ്യത്തു മോശമായ ഒരുപാടു കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ബെലാറസിൽ ഇപ്പോൾ  നടക്കുന്ന കാര്യങ്ങൾ നടുക്കമുണ്ടാക്കുന്നതാണ്. ഒരു  കൊലപാതകിയെയാണ് ഈ രാജ്യത്തെ നിരപരാധികളും നിസ്സഹായരുമായ ജനങ്ങൾ നേരിടുന്നത്; യൂറോപ്പിന്റെ ഒത്ത നടുക്ക്‌! എന്നിട്ടും ലോകം പൂർണനിശ്ശബ്ദതയിലാണ്. ഈ ജനങ്ങൾ എന്തുതെറ്റാണു  ചെയ്തത്? അവർക്കു  വേണ്ടതു ജനാധിപത്യമാണ്; പുതിയ തിരഞ്ഞെടുപ്പാണ്. അട്ടിമറിച്ച തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് അവർ  ആവശ്യപ്പെടുന്നത്. എന്നാൽ  ലുകാഷെങ്കോ എന്താണ് പറയുന്നത്? ഇല്ല, ഞാനെന്റെ പ്രണയിനിയെ വിട്ടുകൊടുക്കില്ല എന്നാണയാളുടെ വാദം. 

സത്യത്തിൽ അങ്ങനെയൊക്കെയാണോ  അദ്ദേഹം സംസാരിക്കുന്നത്?

അതെ, ബെലാറസിനെ അദ്ദേഹം അങ്ങനെയാണ് കാണുന്നത്. എന്നിട്ടും അദ്ദേഹം ഈ നാടിനെ ഒരു തടവറയാക്കി മാറ്റിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഞാൻ പറയുന്നത്, യൂറോപ്യൻ യൂണിയന്റെ പ്രതിരോധ നടപടികൾ അപര്യാപ്തമാണ്.  

ഇനിയെന്താണ് യൂറോപ്യൻ യൂണിയന് ചെയ്യാൻ കഴിയുന്നത്?

ഇ.യുവിന്റെ പ്രതിരോധ നടപടികൾ നല്ലതാണ്; പക്ഷേ അതുപോര. ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ  യാത്രാനിരോധം നടപ്പിലാക്കിയിട്ടുണ്ട്. പക്ഷെ അവരുടെ കുടുംബങ്ങളെ അതിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സത്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ നാടുവിടരുതെന്നു ലുകാഷെങ്കോ തന്നെ ഉത്തരവിറക്കിയിട്ടുണ്ട്. ബെലാറസിനെ  അന്താരാഷ്ട്ര  ബാങ്കിങ് സംവിധാനങ്ങളിൽ നിന്നു പുറത്താക്കുകയാണ് വേണ്ടത്. ഇവിടെ എണ്ണ വ്യാപാരം പ്രധാനമാണ്. അതിലും കർക്കശമായ ഇടപെടൽ വേണം.  അവരുടെ വരുമാന സ്രോതസ്സ് തടയാൻ അതാവശ്യമാണ്. അപ്പോൾ പ്രക്ഷോഭകരെ നേരിടാൻ ലുകാഷെങ്കോവിനു ആളെക്കിട്ടാതാവും. ഞങ്ങൾ സമാധാനപരമായ അധികാക്കൈമാറ്റമാണ് ആഗ്രഹിക്കുന്നത്. ലുകാഷെങ്കോ അതിനു തയ്യാറില്ല.  ഭരണം തന്റെ സ്വത്താണെന്നാണ് അദ്ദേഹം കരുതുന്നത്. അതിനാൽ ഇവിടെ എന്തും സംഭവിക്കാം. പൂർണമായ അരാജകത്വം, ആഭ്യന്തര യുദ്ധം…എന്തും. 

ലുകാഷേങ്കോവ്

എന്താണ് താങ്കൾ ലക്ഷ്യമാക്കുന്നത്?

ആയുധസജ്ജമായ രാജ്യമാണ് ഇന്ന് ബെലാറസ്. സർക്കാരിനു കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും പ്രതിപക്ഷത്തെ അടിച്ചമർത്താനായി  സായുധ സന്നദ്ധമാണ്.  . അതിനിടെയാണ് കൊറോണബാധയുണ്ടായത്. അതൊരു കാട്ടുതീ പോലെ  പടരാവുന്നതാണ്. ഈപ്രത്യേക സായുധ സേനകളെ ഒന്നിച്ചു നിർത്തുന്നത് അവർ ഒഴുക്കിയ ചോരയാണ്. ഒരു പുതിയ സർക്കാർ വന്നാൽ തങ്ങൾ ഒഴുക്കിയ ചോരയ്ക്ക് മറുപടി  പറയേണ്ടി വരുമെന്നു അവർ ഭയക്കുന്നു. അവരുടെ  അക്രമവും അതിനു മറുപടി പറയേണ്ടി വരുമെന്ന പേടിയുമാണ് അവരെ ഇപ്പോൾ ഒന്നിപ്പിക്കുന്നത്.

ഒരു ഇടക്കാല സർക്കാർ വന്നാൽ അതിനെ നയിക്കാൻ താങ്കൾ തയ്യാറാവുമോ?

ഞാനും അങ്ങനെയുള്ള സൂചനകൾ കേട്ടിട്ടുണ്ട്. പക്ഷേ അതേക്കുറിച്ചു കാര്യമായി ചിന്തിച്ചിട്ടില്ല. ഞാനൊരു  എഴുത്തുകാരിയാണ്;രാഷ്ട്രീയക്കാരിയല്ല. രാഷ്ട്രീയത്തിൽ ആവശ്യമുള്ള കഴിവുകൾ ഉള്ളയാളല്ല ഞാൻ.

റഷ്യയുടെ അയൽ രാജ്യങ്ങളിൽ പലതിലും ഇപ്പോൾ സംഘർഷങ്ങൾ പതിവാണ്. ബെലാറസ്,ഉക്രൈൻ, ജോർജിയ, കിർഗിസ്ഥാൻ, മൊൾഡോവ, അസർബൈജാൻ, ആർമിനിയ –എല്ലായിടത്തും സംഘർഷമാണ്. സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം മൂന്നു പതിറ്റാണ്ടു കഴിഞ്ഞു ഇപ്പോൾ എന്താണു അവിടെ സംഭവിക്കുന്നത്? 

പഴയ  സോവിയറ്റ്‌ സാമ്രാജ്യം തകർന്നു. അന്നത്തെ കമ്മ്യൂണിസ്റ്റ് പ്രമാണി വിഭാഗവും തകർച്ചയിലാണ്.  ഇപ്പോൾ അധികാരം നിലനിർത്താൻ വിവിധ വിഭാഗങ്ങൾ തമ്മിൽ മത്സരത്തിലാണ്.  ഒരു വലിയ പാത്രത്തിൽ എല്ലാം തിളച്ചു മറിയുന്ന അവസ്ഥയാണവിടെ. പഴയ കമ്യൂണിസ്റ്റുകളും പുതിയ മുതലാളിമാരും എല്ലാവരും…  

ലുകാഷെങ്കോ തുടരുന്ന കാലത്തോളം ബർലിനിൽ തുടരും എന്നാണ് താങ്കൾ തുടക്കത്തിൽ പറഞ്ഞത്. അതിനു എത്രകാലം വേണ്ടിവരും എന്നാണ് തോന്നുന്നത്?

ഇനി അധികം കാത്തിരിക്കേണ്ടിവരില്ല എന്നാണ് എന്റെ തോന്നൽ. ജനങ്ങളുടെ കരുത്തിനെ തടയാൻ  ലുകാഷെങ്കോക്ക്‌ ഇനിയധികം  നാളുകൾ സാധ്യമാവില്ല.  അദ്ദേഹത്തിന്റെ സമയം അവസാനിക്കുകയാണ്. എന്നാൽ അതു സാധ്യമാകണമെങ്കിൽ അന്താരാഷ്ട്ര സമൂഹം  ബെലാറസ് ജനതയുടെ കൂടെ നിൽക്കാൻ തയ്യാറാവണം. 

(പരിഭാഷ : എൻ പി ചെക്കുട്ടി

Leave a Reply