കിഫ്‌ബി: ചോദ്യോത്തരങ്ങൾ

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയ സമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.   

ചോദ്യം: കേരളത്തിന്‍റെ സമ്പദ് വികസനം നേരിടുന്ന ഏറ്റവും വലിയ തടസ്സം പശ്ചാത്തല സൗകര്യങ്ങളുടെ പോരായ്മയാണോ?

ഉത്തരം: ഈയൊരു നിഗമനം ശരിവെക്കുന്ന ഒരു ഗവേഷണപഠനവും ഇന്നോളം പുറത്തുവന്നിട്ടില്ല.  മറിച്ചുള്ള ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടുതാനും. മാത്രമല്ല, ആദ്യം പശ്ചാത്തല  സൗകര്യം, പിറകെ വികസനം എന്നല്ല, രണ്ടും ഏറെക്കുറെ ഒപ്പത്തിനൊപ്പം എന്നതാണ് രാഷ്ട്രങ്ങളുടെ വികസനചരിത്രത്തിൽ പൊതുവെ കണ്ടുവരുന്നത്. സമ്പദ് വികസനത്തിൽ പശ്ചാത്തല സൗകര്യങ്ങൾക്ക് പങ്കുണ്ട്. എന്നാൽ പശ്ചാത്തല സൗകര്യം ഉള്ളതുകൊണ്ടുമാത്രം വികസനം വന്നുകൊളളണമെന്നില്ല. ധനമന്ത്രിയുടെ  വാദം നോക്കൂ: ”പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിച്ചാൽ വ്യവസായ മേഖലകളിൽ  മൂലധനനിക്ഷേപം വർധിക്കും. തൊഴിലവസരങ്ങൾ കൂടും.സാമ്പത്തിക വളർച്ച അതിവേഗത്തിലാവും.” ( മാതൃഭൂമി ദിനപത്രം, 22 നവംബർ 2020.) ഈ ലളിത സമവാക്യം വികസന സമ്പദ്ശാസ്ത്രത്തിന്റെ സങ്കീ ർണതയ്ക്കു നിരക്കുന്നതല്ല. ഈ വിധമൊരു ധാരണപ്പിശക് കിഫ്ബിയുടെ മൂലസങ്കൽപനത്തിൽ ഉണ്ടായിരുന്നില്ല.   

ചോദ്യം: പഴയ കിഫ്‌ബി, പുതിയ കിഫ്‌ബി എന്ന വേർതിരിവ് സാധ്യമാണോ?  

സാധ്യമാണെന്നു മാത്രമല്ല, അതേറെ പ്രധാനവുമാണ്. 1990കളുടെ അവസാനം അന്നത്തെ ഇടതുപക്ഷ സർക്കാരാണ് പശ്ചാത്തല സൗകര്യങ്ങൾക്കുള്ള പുതു സംവിധാനമെന്ന നിലയിൽ  കിഫ്ബിക്കു തുടക്കമിട്ടത്. 1999ൽ കേരള നിയമസഭ കിഫ്‌ബി നിയമം അംഗീകരിച്ചു. പശ്ചാത്തലസൗകര്യപദ്ധതികൾക്കായി പ്രത്യേക നിധി ഏർപ്പെടുത്തുകയും തിരഞ്ഞെടുത്ത പദ്ധതികള്‍ക്കു അതിൽനിന്നു പണമനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. ഈ ലക്ഷ്യം നിലനിർത്തിക്കൊണ്ടുതന്നെ ഇന്നത്തെ  ഇടതുപക്ഷ സർക്കാർ 2016ലെ ഓർഡിനൻസിലൂടെ കിഫ്ബിയുടെ സംഘടനാരൂപവും പ്രവർത്തനരീതിയും പാടെ മാറ്റി. ഇതു ധനവിഭവ സമാഹരണത്തിലും വിനിയോഗത്തിലുമുള്ള സുതാര്യത, നികുതിദായകരായ ജനങ്ങളോടുള്ള ഉത്തരവാദിത്വം, സർക്കാർ നിയന്ത്രണത്തിന്റെ സ്വഭാവം, സ്വകാര്യ മൂലധനത്തിന്റെ പങ്ക് എന്നിവയിൽ പ്രകടമായി. സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ധനസഹായവർത്തി എന്ന നില വിട്ടു അവയുടെ പശ്ചാത്തലസൗകര്യ പദ്ധതികൾ ആസൂത്രണം ചെയ്യാനും അവ സമർപ്പിക്കുന്ന പദ്ധതികളിൽ തീർപ്പു കല്പിക്കാനുമുള്ള അധികാരം കയ്യാളുന്ന വികസന സ്വേച്ഛാധിപതിയായി  കിഫ്‌ബി മാറി.  ഇതോടൊപ്പം, സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ  സമസ്ത മേഖലകളെയും പുനഃസൃഷ്ടിക്കാൻ പോന്ന അത്ഭുതശേഷിയുള്ള വികസനമായാവിയെന്ന നാട്യവും കിഫ്‌ബി കൈക്കൊണ്ടു. 

ഡോ തോമസ്‌ ഐസക്

(തുടരും. വായനക്കാരുടെ ചോദ്യങ്ങൾ 8301075600 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അയക്കേണ്ടതാണ്. പത്രാധിപര്‍)

Leave a Reply